സ്ത്രീകളുടെ പരിമിതികളെ പറ്റി പരാതി പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം, അതാണ് ഡോ.എം.എസ് സുനിലിന്റേത്. നിസ്വാര്‍ത്ഥ സേവന മേഖലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച സുനില്‍ ടീച്ചറിനെ തേടി കേന്ദ്ര സര്‍ക്കാറിന്റെ നാരി ശക്തി പുരസ്‌കാരം എത്തിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ടീച്ചറെ അടുത്ത് അറിയുന്നവര്‍ പറയും.
ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അച്ഛന്‍ ഇടാന്‍ നിശ്ചയിച്ച പേരായിരുന്നു സുനില്‍. പെണ്‍കുട്ടി പിറന്നപ്പോഴും നിശ്ചയിച്ച പേരു മാറ്റിയില്ല. അങ്ങനെ പെണ്‍കുട്ടികളില്‍ വ്യത്യസ്തമായ പേരുമായി വളര്‍ന്ന സുനില്‍ സേവന രംഗത്ത് തനിച്ച് ഒരു സംഘടനയായി മാറുകയായിരുന്നു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അദ്ധ്യാപികയായിരുന്നപ്പോള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ നിന്നുമാണ് ടീച്ചര്‍ സേവന രംഗത്ത് സജീവമാകുന്നത്. വിരമിച്ചു കഴിഞ്ഞ് പൂര്‍ണസമയം സാധാരണക്കര്‍ക്ക് സഹായം എത്തിക്കാനായി മാറ്റിവെച്ചു.
നിര്‍ധനരും നിരാലംബരുമായ 88 കുടുബങ്ങള്‍ക്കാണ് സുനില്‍ ടീച്ചര്‍ മുന്‍കൈ എടുത്ത് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ 15 ഓളം വീടുകള്‍ നിര്‍മ്മാണത്തിലുമാണ്.
അംഗവൈകല്യം വന്നവര്‍ക്കായി 276 വീല്‍ ചെയറുകള്‍ നല്‍കി. 2008ല്‍ മൂന്ന് കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കാന്‍ തുടങ്ങി. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന അനാഥരായ 15 കുട്ടികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. ഇതിന് പുറമേ 20 ലൈബ്രറികളും ടീച്ചറുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തിക്കുന്നു. രക്തദാന ക്യാമ്പ്, റോഡ് നിര്‍മ്മാണം, ട്രാഫിക് ബോധവത്ക്കരണ പരിപാടികള്‍, എയ്ഡ്‌സ് ബോധവത്ക്കരണം, മെഡിക്കല്‍ ക്യാമ്പ്, വിവാഹ സഹായം തുടങ്ങി സുനില്‍ ടീച്ചറുടെ മുദ്ര പതിയാത്ത മേഖലകളില്ല.
കേന്ദ്ര വനിതാ-ശിശുമന്ത്രാലയത്തില്‍നിന്നും നാരി ശക്തി പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കാന്‍ വിളിച്ചത് വിശ്വസിക്കാന്‍ അല്‍പ്പസമയമെടുത്തു എന്ന് ടീച്ചര്‍ പറയുന്നു. സേവന രംഗത്ത് ശക്തമായ സാനിധ്യവും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അംഗീകാരങ്ങള്‍ തേടി എത്തിയിട്ടും സ്ത്രി എന്നത് പലപ്പോഴും പലതിനും തടസമായെന്നും ഒന്നിനെയും ഭയപ്പെടാതെ മുന്നോട്ട് പോയതാണ് തന്റെ വിജയം എന്നു സുനില്‍ ടീച്ചര്‍ പറയുന്നു.















