Special

ഝാൻസിയിലെ മിന്നൽ പിണർ

ശക്തി ശാലിനി ദുർഗ്ഗാ നീയേ - വനിത ദിനം സ്പെഷ്യൽ

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ. ഝാൻസിയുടെ റാണി, റാണി ലക്ഷ്മി ഭായ് എന്ന മണികർണ്ണിക.

വാരണസിയിൽ ജനിച്ച മണികർണ്ണിക, രാജാവ് ഗംഗാധർ റാവു നേവാൾക്കറിന്‍റെ ജീവിത സഖിയായായാണ് ഝാൻസിയിലെത്തുന്നത്. ഭർത്താവിന്‍റെ വിയോഗശേഷം  സ്ത്രീകൾ ഭൗതിക ജീവിതം തന്നെ ഉപേക്ഷിക്കുന്ന കാലത്ത്, രാജ്യഭരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു ഝാൻസി റാണി. നാടിനെ വറുതിയിൽ നിന്ന് കൈകപ്പിടിച്ച് ഉയർത്തി.

ദത്തവകാശ നിരോധന നിയമ പ്രകാരം ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തപ്പോൾ, വളയിട്ട കൈകളുമായി തുറന്ന പോരിനിറങ്ങി. വിരുദ്ധ ചേരിയിൽ നിന്ന നാട്ടുരാജാക്കൻമാരെ ഒരുമിപ്പിച്ച് റാണി നടത്തിയ പോരാട്ടം ഭാരതീയ ചരിത്രത്തിലെ സുവർണ്ണ ഏടായി പരിണമിച്ചു. മണികർണികയെ മാതൃകയാക്കി ആയുധമെടുക്കാനും തൊടുക്കാനും നിർമ്മിക്കാനും പുരുഷന്മാർക്കൊപ്പം സ്ത്രീകളും രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം.

1858ൽ ഝാൻസി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളർത്തു മകന്‍ ദാമോദറിനെ ശരീരത്തോട് ചേർത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാൺ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി. ശത്രുവിന്‍റെ വാൾത്തലപ്പിൽ ശിരസ്സിന്‍റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവർ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്‍റെ തലയറുത്തതിനു ശേഷമാണ്   ആ ധീര വനിത പിടഞ്ഞുവീണത്.

ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നിൽ ഝാൻസിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .വിപ്ലവകാരികളുടെ ജഡത്തെപ്പോലും അപമാനിക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുൻപ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളിൽ ഏറ്റവും തിളക്കമേറിയ തീനാമ്പുകൾ ഉയർന്നു വന്നത്  ആ യുവതിയുടെ പട്ടടയിൽ നിന്നായിരുന്നു .

ദത്തവകാശ നിരോധന  നിയമം ഉപയോഗിച്ച് ഡൽഹൗസി ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തപ്പോഴാണ് ഝാൻസിയെ തൊടാൻ ആർക്കാണ് ധൈര്യമെന്ന് ഗർജ്ജിച്ച് റാണി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തുറന്ന പോരിനിറങ്ങിയത്.

ഝാൻസിയിൽ വച്ച് ബ്രിട്ടീഷ് പട്ടാളവുമായി നടന്ന കടുത്ത പോരാട്ടത്തിലാണ് ഝാൻസി റാണിയെന്ന സമരദേവതയുടെ പ്രഭാവം ലോകം കണ്ടത് .ഝാൻസിയുടെ പോരാളികൾക്ക് ഊർജ്ജമേകി അവർ കോട്ടയിൽ മിന്നൽ പിണർ കണക്കെ പാഞ്ഞുവത്രെ.  ആയുധമെടുക്കാനും തൊടുക്കാനും നിർമ്മിക്കാനും പുരുഷന്മാരോടൊപ്പം സ്ത്രീകളും പൂർണമായും പങ്കെടുത്തുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .

1857 ലെ സ്വാതന്ത്ര്യ സമരയോദ്ധാക്കളിലെ ഏറ്റവും ധീരയായ പോരാളിയാണ് ലക്ഷ്മീ ഭായിയെന്ന് ബ്രിട്ടീഷ് പട്ടാളത്തലവൻ സർ ഹ്യൂഗ് റോസ് രേഖപ്പെടുത്തി . ഭാരതമാകട്ടെ ആ മഹതിയുടെ ഓർമ്മകൾ അനശ്വരമാക്കാൻ അവളുടെ കുഞ്ഞുങ്ങൾക്ക് റാണിയുടെ നാമം നൽകി ആദരിച്ചു .എന്തിനേറെ സുഭാഷ് ചന്ദ്രബോസ് ഐ എൻ എ യുടെ വനിതാവിഭാഗത്തിനും അതേ പേരു നൽകി.

യുദ്ധവും പോരാട്ടവുമൊക്കെ പൗരുഷത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്ന കാലത്ത് അത്തരം ചിന്തകൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച അവർ അങ്ങനെ ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുക കൂടീ ചെയ്തു .

42 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close