സത്യമപ്രിയം

പിണറായിയുടെ ഭരണം ആര്‍ക്കുവേണ്ടി?

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം ഭരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. മുഖ്യമന്ത്രി സ്വേച്ഛാധിപതിയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉള്ളതാണ്. ഇരട്ടച്ചങ്കും ഊരിപ്പിടിച്ച കത്തിയും ഒക്കെ രണ്ടായിരം പോലീസുകാരുടെയും നൂറ് കമാന്‍ഡോകളുടെയും ഇടയില്‍നിന്ന് പറഞ്ഞതോടെ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തോത് ബോദ്ധ്യപ്പെട്ടു. സമീപകാലസംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ പിണറായിയുടെ പോക്ക് ബംഗാളിലേക്കോ ത്രിപുരയിലേക്കോ തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട. ഇനി ബി.ജെ.പിയെ എതിരിടാന്‍ വേണ്ടി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടുകൂടി കേരളത്തില്‍ മത്സരിക്കാനാണ് ശ്രമമെങ്കില്‍ പണ്ട് നാറുന്നതിനെ ചുമക്കുന്നവരുടെ കഥയിലെ ഗതിയായിരിക്കും അല്ലെങ്കില്‍ തന്നെയും സരിത മുതല്‍ ഓരോരോ കേസുകളില്‍ പെട്ടുകിടക്കുന്ന കോണ്‍ഗ്രസ്സിന്റെയും.

എന്താണ് ഇങ്ങനെയൊക്കെ തോന്നാന്‍ എന്ന് ചോദിച്ചാല്‍ സാമാന്യബോധമുള്ള ആര്‍ക്കും തോന്നിപ്പോകുമെന്നാണ് മറുപടി. അടുത്തിടെ നടന്ന മൂന്ന് സംഭവങ്ങളാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ ആരാധകനായ പിണറായിയുടെ പതനത്തിന്റെ സൂചന നല്‍കുന്നത്. ഒന്നാമത്തേത്, ഇ. ശ്രീധരന്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ്. കോഴിക്കോട് തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടിട്ട് വര്‍ഷങ്ങളായി. പക്ഷേ, നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങാനുള്ള കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. വര്‍ഷങ്ങളായി കോഴിക്കോട്ടും തിരുവനന്തപുരത്തും ഓഫീസ് എടുത്ത് വാടകയും ശമ്പളവും നല്‍കി ഡി.എം.ആര്‍.സി പ്രവര്‍ത്തിക്കുകയാണ്. കരാര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് പലതവണ മെയിലും കത്തും ഒക്കെ അയച്ചു. നേരത്തെ ഉടന്‍ ചെയ്യാമെന്നു പറഞ്ഞ കാര്യത്തിന് അവസാനമായപ്പോള്‍ ഒന്ന് കാണാന്‍ പോലും കൂട്ടാക്കാത്ത അവസ്ഥയിലായി. ഇ. ശ്രീധരന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചപ്പോഴൊക്കെ അനുവാദം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇ. ശ്രീധരന്‍ വി. ശിവന്‍കുട്ടിയ്ക്കും ജി. സുധാകരനും പിണറായി വിജയനും മാത്രമാണ് നിന്ദ്യന്‍. കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളില്‍ കടുത്ത പിണറായി ഭക്തരായ ഏതാനും ആയിരങ്ങളൊഴികെ ബാക്കി എല്ലാവര്‍ക്കും അദ്ദേഹം ആരാധ്യ പുരുഷനാണ്, കണ്‍കണ്ട ദൈവമാണ്. സ്വന്തം മക്കള്‍ ആരെപ്പോലെയാകണമെന്ന് ചോദിച്ചാല്‍ ഇ. ശ്രീധരനെപ്പോലെയാകണമെന്ന് കേരളത്തിലെ മുഴുവന്‍ അമ്മമാരും പറയും. അതിലൊരു പക്ഷേ, പിണറായിയുടെ ഭാര്യപോലും ഉണ്ടാകും.

രാജാക്കന്മാരെ ഉപദേശിച്ചിരുന്ന രാജര്‍ഷിമാര്‍ ഭാരതീയ ഭരണപാരമ്പര്യത്തിന്റെ നെടുംതൂണുകളായിരുന്നു. കിരീടധാരണം നടത്തുമ്പോള്‍ ഞാന്‍ എല്ലാത്തിനും അതീതനാണ് എന്നുപറയുന്ന രാജാവിന്റെ തലയില്‍ ധര്‍മ്മദണ്ഡുകൊണ്ട് ഒന്നു മുട്ടി നീ ധര്‍മ്മത്തിന് വിധേയനാണ് എന്നുപറയുന്ന രാജര്‍ഷി. ഇ. ശ്രീധരന്‍ കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ കൂടി രാജര്‍ഷിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രിമാരും ഒക്കെ ശ്രീധരനെ കാണുന്നത് ആദരവോടെയാണ്. ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മവിഭൂഷണ്‍ നല്‍കിയാണ് ആദരിച്ചത്. പാമ്പന്‍പാലം മുതല്‍ കൊങ്കണ്‍ റെയില്‍ വരെ ഭാരതത്തിന്റെ നാനാ ഭാഗങ്ങളിലും തൊട്ടതെല്ലാം പൊന്നാക്കിയ ആ മഹാമനീഷിയുടെ പ്രതിഭ പടര്‍ന്നെത്തി. ജി. സുധാകരനും പിണറായിയും വി. ശിവന്‍കുട്ടിയും അടക്കമുള്ള, പിണറായിയുടെ ഭാഷ കടമെടുത്താല്‍, പരനാറികളോ നികൃഷ്ടജീവികളോ മലീമസമാക്കാന്‍ ശ്രമിച്ചാല്‍ മോശമാകുന്നതല്ല ഇ. ശ്രീധരന്റെ യശഃസ്സ്. അധികാരത്തിന്റെ ഗര്‍വ്വിലും അഹങ്കാരത്തിലും സപ്തര്‍ഷികളെക്കൊണ്ട് പല്ലക്ക് ചുമപ്പിച്ച യയാതിയുടെ കഥയാണ് പിണറായി ഇ. ശ്രീധരനെ പുകച്ച് പുറത്തുചാടിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്. പൊതുമേഖലാ സ്ഥാപനമായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്ന് പഴയ എസ്.എന്‍.സി ലാവലിന്‍ ഇടപാടില്‍ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവല്‌മെന്റല്‍ ഏജന്‍സി നല്‍കിയപോലെ കിമ്പളമൊന്നും കിട്ടില്ല. ആ ബോധ്യത്തിലാണ് ഡി.എം.ആര്‍.സിയെ ഒഴിവാക്കി മറ്റ് സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നകാര്യം ആര്‍ക്കും മനസ്സിലാകുന്നതാണ്. എല്ലാ കാര്യത്തിനും പൊതുമേഖല വേണമെന്ന് ശഠിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിണറായിയും എന്തുകൊണ്ടാണ് ഡി.എം.ആര്‍.സിയെ ഒഴിവാക്കിയതെന്ന് കേരളത്തിലെ സാധാരണക്കാരോട് വിശദീകരിക്കണം. അതറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. മലയാളികള്‍ നെഞ്ചിലേറ്റിയ, രാജ്യം മുഴുവന്‍ ആദരവോടെ കാണുന്ന ശ്രീധരനെ ഇകഴ്ത്താനുള്ള വികാരത്തിനെതിരെ കേരളത്തിലെമ്പാടും പ്രതിഷേധം അലയടിക്കും. കണ്ണകിയുടെ കോപത്തില്‍ മധുര ചുട്ടെരിഞ്ഞതുപോലെ ഇ. ശ്രീധരന്റെ കണ്ണിലെ നനവില്‍, ആ മനസ്സിലുയരുന്ന ചുടുതാപത്തില്‍ പിണറായിയുടെയും സി.പി.എമ്മിന്റെയും ധാര്‍ഷ്ട്യം നീറിയൊടുങ്ങും.

അട്ടപ്പാടിയിലെ ആദിവാസി മരണം ഒറ്റപ്പെട്ട സംഭവമല്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആദിവാസി മരണത്തിന് ഉത്തരവാദി അന്നത്തെ മന്ത്രിമാരാണെന്ന് പറഞ്ഞ ഏ.കെ. ബാലനും സംഘവും ഇന്ന് നിശ്ശബ്ദരാണ്. സമൂഹ അടുക്കള, ആദിവാസികള്‍ക്ക് സൗജന്യ ചികിത്സ, ഒരു പട്ടിണിമരണം പോലും ഉണ്ടാകില്ല തുടങ്ങി വാഗ്ദാനപ്പെരുമഴയും ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാകുമെന്ന വാഗ്ദാനവും ഇന്ന് എവിടെ പോയി? ആദിവാസി ശിശുക്കളുടെ പോഷകാഹാരക്കുറവു മൂലമുള്ള മരണം അട്ടപ്പാടിയില്‍ ഇന്നും തുടരുകയാണ്. അതിനൊപ്പമാണ് മധുവിന്റെ മരണം. ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞ് ജനക്കൂട്ടം തല്ലിക്കൊന്ന ആ പാവം യുവാവിന്റെ മരണത്തിന് ഉത്തരവാദി മരണത്തിന്റെ വ്യാപാരിയായ പിണറായിയും ആരാച്ചാരായ ഏ.കെ. ബാലനുമല്ലേ? രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ ആദിവാസികളുടെ പട്ടിണി മാറ്റാന്‍, അവരെ പുനഃരധിവസിപ്പിക്കാന്‍, കോളനികളില്‍ പോഷകാഹാരമെത്തിക്കാന്‍ എന്തുചെയ്തു? വനവാസി മധുവിന്റെ പ്രശ്‌നം ഒറ്റപ്പെട്ടതല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മുഴുവന്‍ ആദിവാസികളുടെയും പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍? എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നത്?

സര്‍ക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുവരുന്ന തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തേതായിരുന്നു നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള പിണറായിയുടെ തീരുമാനം. അന്ന് സ്പീക്കറുടെ വേദിയില്‍ കയറുകയും കസേര മറിച്ചിടുകയും കൈയാങ്കളി നടത്തുകയും ചെയ്തത്. അത് സംബന്ധിച്ച കേസാണ് ഇപ്പോള്‍ ആരുമറിയാതെ പരമരഹസ്യമായി പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തിലും ശിവന്‍കുട്ടിക്ക് ഒരു പങ്കുണ്ട്. ശിവന്‍കുട്ടി നല്‍കിയ അപേക്ഷയിലാണ് കേസ് പിന്‍വലിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് അറിയപ്പെടുന്ന നിയമസഭയില്‍ ഒരിക്കലും കാണാനും സഹിക്കാനും കഴിയാത്ത അതിക്രമങ്ങള്‍ ആണ് അരങ്ങേറിയത്. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും മൂര്‍ത്തിമദ്ഭാവവും അപ്പോസ്തലനുമായ പിണറായിയെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, സൂചനകള്‍ വ്യക്തമാണ്. ആര്‍ക്കും സംശയമില്ല പിണറായിയും ബംഗാളിലേക്കു തന്നെ.

ജി.കെ സുരേഷ് ബാബു

ചീഫ് എഡിറ്റർ ജനം ടിവി

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close