Special

ശിവസൗന്ദര്യമേ വിട

സുബീഷ് തെക്കൂട്ട്

തൃശൂരിനടുത്ത് പേരാമംഗലത്ത് തെച്ചിക്കോട്ടുകാവിൽ പോയിട്ടുണ്ടോ..? രാമചന്ദ്രനെ കണ്ടിട്ടുണ്ടോ..?നാട്ടുകാർക്ക് അവനോടുള്ള സ്നേഹം അനുഭവിച്ചിട്ടുണ്ടോ..? രാവിലെ സ്ക്കൂളിൽ പോകുന്ന കുട്ടികൾ, ഓഫീസിൽ പോകുന്ന മുതിർന്നവർ എല്ലാം രാമചന്ദ്രന്‍റെ അടുക്കൽ വരും. അൽപ്പസമയം അവനെ നോക്കിനിൽക്കും, അവർക്ക് മാത്രം പരസ്പരം മനസ്സിലാകുന്ന ഭാഷയിൽ കുശലം പറയും. എന്നിട്ടേ സ്ക്കൂളിലേക്കും ഓഫീസിലേക്കും പോകൂ. പണിയൊന്നുമില്ലാത്ത നാട്ടിലെ ചെറുപ്പക്കാർ രാവിലെ മുതൽ വൈകുന്നേരം വരെ രാമചന്ദ്രനെ തൊട്ടും തലോടിയും നിൽക്കും.

ഒരു ദേശത്തിന് ഒരു ആനയോട് എന്താപ്പാ ഇത്രയധികം എന്നു ചോദിക്കരുത്. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുക വലിയ പാടാണ്. ഖസാക്കിന്‍റെ ഇതിഹാസത്തിൽ പത്മ രവിയോട് ചോദിക്കുന്നുണ്ട്, വാറ്‍റുചാരായമോ അതെന്ത് എന്ന്. രവിയുടെ മറുപടി വാറ്‍റുചാരായം എന്നുമാത്രമാണ്. അനുഭവിച്ചറിയേണ്ട ഒന്നിനെക്കുറിച്ച് വിവരണം അസാദ്ധ്യമെന്ന് ചുരുക്കം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന പേരാമംഗലം എന്ന ഗ്രാമത്തിന്‍റെ വികാരമാണ്. അവനു കഴിക്കാനുള്ള ഭക്ഷണത്തിൽ ആരോ പൊട്ടിച്ചിട്ട ബ്ളേഡിൻ തുണ്ടുകൾ കലർത്തി എന്ന വിവരം നടുക്കത്തോടെയാണ് അറിഞ്ഞത്. തക്കസമയത്ത് കണ്ടെത്തിയതിനാൽ രാമചന്ദ്രൻ ഇപ്പോഴും നമുക്കൊപ്പം ഉണ്ട്. ആനദിനത്തിന് നാളുകൾക്ക് മുമ്പ്, അല്ലെങ്കിൽ ഒട്ടും ആഹ്ളാദകരമല്ലാത്ത ഒരു വാർത്ത കേരളം കേൾക്കേണ്ടിവന്നേനെ. ആശ്വസിക്കാം, അത് സംഭവിച്ചില്ലല്ലോ എന്നോർത്ത്. രാമചന്ദ്രൻ പേരാമംഗലത്തിന്‍റെ പെരുമ കാക്കട്ടെ ഇനിയും. തലയെടുപ്പിന്‍റെ സൂര്യകിരീടം താഴാതിരിക്കട്ടെ ആർക്ക് മുന്നിലും..

2015 ആഗസ്റ്‍റ് 12 ആനദിനത്തിൽ ഫേസ് ബുക്കിൽ കുറിച്ചതാണ് മുകളിൽ വായിച്ചത്. അന്ന് രാമചന്ദ്രന്‍റെ തിരിച്ചുവരവിനായി ആയിരങ്ങൾ ഒന്നിച്ചു, അവനുവേണ്ടി പ്രാർത്ഥിച്ചു. സമാനമായ പ്രാർത്ഥനകളാണ് കഴിഞ്ഞ ദിനങ്ങളിൽ തിരുവമ്പാടി ശിവസുന്ദറിനായി ഉയർന്നത്. എന്നാൽ, സങ്കടം ബാക്കിയാക്കി ശിവസുന്ദർ മടങ്ങിയപ്പോൾ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ടതു പോലെ തൃശൂർ വിലപിക്കുകയാണ്. രാവിലെ മുതൽ ചാനലുകളിൽ തൽസമയ സംപ്രേഷണം. മരണത്തിലും ശാന്തമായ സൗന്ദര്യം വിടാതെ അവന്‍റെ ചെരിഞ്ഞു കിടപ്പ്. തൊട്ടും തലോടിയും എന്നന്നേക്കുമായി യാത്രയാക്കും മുമ്പ് അവന്‍റെ സാമീപ്യം അവസാനമായി നുകർന്ന് ആയിരങ്ങൾ ചുറ്റിലും. കൂട്ടത്തിൽ മന്ത്രിമാർ അടക്കമുള്ള പ്രമുഖർ. കരച്ചിലടക്കാൻ പാടുപെടുന്ന സ്ത്രീകളും കുട്ടികളും. ലോകത്ത് മറ്റെവിടെ കാണാനാകും ഒരു ആനക്ക് ഇതുപോലൊരു വിട വാങ്ങൽ.

തൃശൂർ പൂരത്തിന് അനുവാദം തേടാൻ വടക്കുന്നാഥന്‍റെ അടുക്കലേക്ക് നെയ്തലക്കാവിലമ്മയുടെ ഒരു വരവുണ്ട്. അനുമതി വാങ്ങി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തള്ളിതുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തേക്കെഴുന്നള്ളും. ആയിരങ്ങൾ ആരവത്തോടെ അവനെ വരവേൽക്കും. അതോടെ പൂരം തുടങ്ങുകയായി. ഒടുവിൽ, പൂരപ്പിറ്റേന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുമ്പോഴാകട്ടെ അതുവരേക്കുള്ള ആഹ്ളാദം, വേർപിരിയലിന്‍റെ വിഷാദത്തിലേക്ക് വഴിമാറും. അതാണ് തൃശൂർ. ആള് കൂടുന്നിടത്തും ആനന്ദിക്കുന്നിടത്തും ആനന്ദം അവസാനിക്കുന്നിടത്തും ആന വേണം. എത്ര കണ്ടാലും മതിയാകില്ല. പിണ്ടം മണത്ത് ആനയേതെന്ന് പറയുന്ന വിരുതന്മാർ തൃശൂരിലുണ്ട് എന്നാണ് തമാശയ്ക്കെങ്കിലും പറയുക.

തിരുവമ്പാടിക്കെന്ന പോൽ തൃശൂരിനാകെയും പുറത്തുള്ളോർക്കും പ്രിയപ്പെട്ടവനായിരുന്നു ശിവസുന്ദർ. 15 വർഷമായി അവൻ തിരുവമ്പാടിയുടെ തിടമ്പേറ്റുന്നു. എരണ്ടകെട്ട് ബാധിച്ച് മാസങ്ങൾ നീണ്ട ചികിത്സ. ഒടുവിൽ, പ്രാർത്ഥനകൾ നിഷ്ഫലമാക്കി അവൻ മരണത്തിന് കീഴടങ്ങി. തൃശൂരിന് കരച്ചിൽ അടക്കാനാകുന്നില്ല. 44 ദിവസങ്ങൾ കഴിഞ്ഞാൽ തൃശൂർ പൂരമാണ്. ശിവസുന്ദർ ഇല്ലാത്ത പൂരം.

നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി രാമചന്ദ്രൻ വരുമ്പോൾ നീയെവിടെ എന്ന് ചോദിക്കുമ്പോൾ ഞങ്ങൾ എന്ത് പറയും..? പഴയ നടക്കാവിന്‍റെ വീഥികളിൽ പഞ്ചാമൃതം പകർന്ന് മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറുമ്പോൾ, ഇലഞ്ഞി ഇലകൾ നിന്നെ തിരക്കുമ്പോൾ, തെക്കോട്ടിറക്കത്തിന്‍റെ ഗജ പ്രൗഢിക്ക് നടുവിൽ നിന്നെ മാത്രം കാണാതാകുമ്പോൾ, കുടമാറ്റത്തിൽ നിനക്കായി കരുതി വെച്ചവ വിഷാദഭാരത്താൽ മാറ്റി വെയ്ക്കവെ, പ്രിയപ്പെട്ട ശിവസുന്ദർ ആരാണ് നിനക്ക് പകരമാവുക..? നീയില്ലാത്ത പൂരം എങ്ങിനെയാണ് പൂരമാവുക..? ശിവസൗന്ദര്യമേ, തേക്കിൻകാടിന്‍റെ മകനേ തേങ്ങലോടെ നിനക്ക് വിട.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close