Special

പാഴാക്കാതിരിക്കാം ഒരു മഞ്ഞു തുളളിപോലും

മാർച്ച് 22 ലോക ജലദിനം. സംസ്ഥാനം വരൾച്ചയുടെ പിടിയിലേക്ക് വഴുതി വീഴുന്നതിനിടെയാണ് ഈ ജലദിനം കടന്ന് പോകുന്നത്. 44 നദികൾ, കായലുകൾ, കുളങ്ങൾ, അരുവികൾ ഇവയാൽ സമ്പന്നമായിരുന്നു നമ്മുടെ നാട്. എന്നാൽ നാളെയെ പറ്റി ചിന്തിക്കാത്ത നമ്മൾ അഹങ്കരിച്ച് ജലദൂർത്ത് നടത്തി. മണലൂറ്റി പുഴകളുടെ ജീവൻ കവ‍ർന്നു. ഇതിന്‍റെ തെളിവായി മണൽ കൂനകൾക്കിടയിലെ നിള.

പുഴകളെ മാലിന്യ നിക്ഷേപക കേന്ദ്രങ്ങളാക്കി. കീടനാശിനികളുടെ വ്യാപക ഉപയോഗം ഭൂമിക്കടിയിലെ ജലനിക്ഷേപത്തെ മലിനമാക്കി. ഇതിനിടെ നാം അറിയാതെ പോയി ജലത്തിന്‍റെ മൂല്യം.

1933 മുതലാണ് ലോക ജല ദിനം ആചരിച്ച് തുടങ്ങിയത്. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നാം പഠിച്ചില്ല ജലമാണ് ജീവനെന്നത്. വേനൽ തുടങ്ങിയപ്പോൾ തന്നെ സംസ്ഥാനം ചുട്ട് പൊള്ളുന്നു. കിണറുകൾ വറ്റി വരണ്ടിരിക്കുന്നു. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ. വേനൽ മഴയ്ക്കായി വേഴാമ്പലിനെ പോലെ നാം കാത്തിരിക്കുന്നു. ഇനിയെങ്കിലും നാം ചിലത് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് വരും തലമുറയോട് ചെയ്യുന്ന പാപമാകും.

ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ അധിക നാൾ വേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ശുദ്ധജല ദൗര്‍ലഭ്യം തുടര്‍ന്നാല്‍ ഒരുപക്ഷേ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍, സംസ്ഥാനങ്ങള്‍ തമ്മില്‍, ഗ്രാമങ്ങള്‍ തമ്മില്‍ പോലും ചേരിതിരിഞ്ഞ് യുദ്ധം ചെയ്യേണ്ടിവരും.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒപ്പം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വരള്‍ച്ചയിലേക്ക് നമ്മുടെ നാട് നീങ്ങുന്നതിന്റെ സൂചനകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്രീയമായ ഒട്ടേറെ നേട്ടങ്ങള്‍ നാം പ്രാപ്തമാക്കിയിട്ടുണ്ടെങ്കിലും ഒരു വലിയ വരള്‍ച്ച അനുഭവപ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് നാം ഇന്നും അജ്ഞരാണ്. കടുത്ത വേനല്‍ക്കാലത്ത് ദക്ഷിണേന്ത്യന്‍ നദികള്‍ വറ്റിവരളുമ്പോള്‍, ഹിമാലയന്‍ നദികളെപ്പോലെ ഒഴുകിയെത്താന്‍ മഞ്ഞുമലകളിവിടില്ല. നമുക്ക് ആശ്രയിക്കാന്‍ ആകെയുള്ളത് ആകാശത്തുനിന്നും പൊഴിഞ്ഞുവീഴുന്ന വര്‍ഷപാതം മാത്രം.

അക്കാരണത്താല്‍ തന്നെ നാം ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ സംഭരിക്കാനും വിനിയോഗിക്കാനും പഠിക്കുകയും വരുംനാളുകളില്‍ പ്രായോഗികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മഴവെള്ളം ശേഖരിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കുകയും ഭാവിയ്ക്കായി കരുതിവയ്ക്കാന്‍ തയ്യാറാവുകയും ചെയ്യാം. ഇല്ലെങ്കില്‍ നമ്മുടെ ജീവനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാകുമെന്നുറപ്പ്.

134 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close