Special

പെരുംനുണക്കാലം

സത്യമപ്രിയം- ജി.കെ. സുരേഷ് ബാബു

കണ്ണൂര്‍ ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കത്തികള്‍ക്കും വാളുകള്‍ക്കും ഇടയിലൂടെ താന്‍ നടന്നുനീങ്ങിയെന്ന പിണറായി വിജയന്റെ മംഗലാപുരം പ്രസ്താവന പെരുംനുണയായിരുന്നെന്ന് സമകാലീനരായ നേതാക്കളും പൊതുപ്രവര്‍ത്തകരും തെളിയിച്ചു. ഇതോടെ ഇനിയെങ്കിലും ഭരണത്തില്‍ അവശേഷിക്കുന്ന കാലമെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ മുന്നോട്ട് പോകുമെന്നാണ് കേരളത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ഒക്കെ കരുതിയത്. നടപ്പു നിയമസഭാ സമ്മേളനത്തില്‍ പിണറായി വീണ്ടും തന്റെ അന്ധമായ രാഷ്ട്രീയ ജഡിലതയുമായി പുറത്തുവന്നു. ആര്‍.എസ്.എസ്സിനെ കേരളത്തില്‍ നിരോധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന.

ആര്‍.എസ്.എസ്സിന് എതിരായ ദേശവിരുദ്ധ ശക്തികളുടെ നീക്കം പ്രസ്ഥാനം ആരംഭിച്ച കാലം മുതല്‍ തന്നെ ഉള്ളതാണ്. അന്നു ബ്രിട്ടീഷുകാര്‍ ആയിരുന്നെങ്കില്‍ പിന്നീട് കോണ്‍ഗ്രസ്സുകാരായി. ആര്‍.എസ്.എസ്സുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഗാന്ധിവധത്തിന്റെ പാപഭാരം അതിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ഹീനമായ ശ്രമങ്ങളുടെ രേഖകള്‍ ഇന്ന് പുറത്തുവന്നുകഴിഞ്ഞു. ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെ ആര്‍.എസ്.എസ് അനുഭാവിയാണെന്ന് മുദ്രകുത്തി നടപടിയെടുക്കാന്‍ നിര്‍ബ്ബന്ധിച്ചതിന്റെ കത്തിടപാടുകളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍.എസ്.എസ്സിനെ നിരോധിച്ചത് പിന്‍വലിക്കേണ്ടി വന്നു എന്നുമാത്രമല്ല, നെഹ്‌റുവും പിന്നീട് വന്ന പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും നിയോഗിച്ച അന്വേഷണക്കമ്മീഷനുകള്‍ ഗാന്ധിവധവുമായി ആര്‍.എസ്.എസ്സിന് ബന്ധമില്ലെന്ന് കണ്ടെത്തി. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കരാളയുഗത്തിലേക്ക് സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതിരൂപമായ ഭാരതത്തെ ഇന്ദിരാഗാന്ധി ആട്ടിത്തെളിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍, ഹനിക്കപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ഉണ്ടായിരുന്നത് ആര്‍.എസ്.എസ്സായിരുന്നു. ജയപ്രകാശ് നാരായണന്റെ ലോകസംഘര്‍ഷ സമിതിയോടൊപ്പം ചേര്‍ന്ന് ഇന്ത്യ മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റു വരിച്ചു. സി.പി.എമ്മിന്റെ എത്ര നേതാക്കള്‍ ജയിലറയില്‍ പോയി, അടിയന്തിരാവസ്ഥയ്‌ക്കെതിരെ ദേശീയ തലത്തില്‍ എന്തു മുന്നേറ്റം കോണ്‍ഗ്രസ് നടത്തിയെന്ന് സി.പി.എം ഇനിയെങ്കിലും ആലോചിക്കണം.

കറപുരളാത്ത വ്യക്തിത്വവും സാമൂഹിക സേവനത്തിന്റെയും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെയും ബലിക്കല്ലില്‍ സ്വന്തം ജീവിതം ആഹുതി ചെയ്യാന്‍ സ്വയം സമര്‍പ്പിതമായ ജീവിതങ്ങളാണ് ഓരോ സ്വയം സേവകന്റെയും. അത് പിണറായിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിനും മനസ്സിലാകില്ല. ആ കറപുരളാത്ത വ്യക്തിജീവിതം സി.പി.എമ്മിന് മനസ്സിലാകാന്‍ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരേണ്ടി വരും. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ മുതല്‍ ഏ.കെ.ജിയുടെ ഒളിവുജീവിതത്തെ കുറിച്ച് അടുത്തിടെ വന്ന വിവാദങ്ങള്‍ വരെ പരിശോധിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും നേതാക്കളും അനുവര്‍ത്തിച്ചിരുന്ന ധാര്‍മ്മികതയില്ലാത്ത ജീവിതത്തിന്റെ ബാക്കിപത്രം മനസ്സിലാകും. ഏ.കെ.ജി എന്ന രാഷ്ട്രീയ നേതാവിന്റെ സമര്‍പ്പണമോ ആദര്‍ശമോ ഇകഴ്ത്തിക്കാട്ടാന്‍ ഇല്ല. പക്ഷേ, വ്യക്തിജീവിതത്തിന്റെ സംശുദ്ധിയുടെ കാര്യത്തില്‍ അദ്ദേഹത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളാന്‍ കഴിയുമോ? ഇവിടെയാണ് ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്, ”എല്ലാവരും 95 ശതമാനം തെറ്റുകള്‍ ചെയ്യുമ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ അഞ്ച് ശതമാനമേ ചെയ്യുന്നുള്ളൂ.” തെറ്റു പറ്റാത്തവര്‍ ഉണ്ടാകില്ല. പക്ഷേ, ആ തെറ്റുകള്‍ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നു എന്നതാണ് ഓരോ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെയും ജീവിതവിശുദ്ധി. അതേസമയം നേരെ തിരിച്ചാണെന്നുള്ളതാണ് സി.പി.എമ്മിന്റെ പ്രത്യേകതയും.

ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നുമറിയാത്ത പിണറായി വിജയന്‍ കേരളത്തിലെ സംഘടിത മതവിഭാഗങ്ങളുടെ വോട്ടും അവരെ പ്രീണിപ്പിക്കാനുള്ള തന്ത്രവും എന്ന നിലയിലാണ് ആര്‍.എസ്.എസ്സിനെ നിരോധിക്കുമെന്ന് പറയുന്നത്. ആര്‍.എസ്.എസ്സിനെതിരെ ഇത്തരം നീക്കങ്ങള്‍ നടത്തിയവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കാണ് എറിയപ്പെട്ടത്. ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആര്‍.എസ്.എസ്സുകാരാണ് എന്നത് ഒരു വലിയ കാര്യമായി കാണുന്നില്ല. ഒന്നുമാകാതെ, ഒന്നുമാകണമെന്ന് ആഗ്രഹിക്കാതെ സ്വന്തം ജീവിതം ഈ നാടിനും നാട്ടിലെ സാധാരണക്കാര്‍ക്കും വേണ്ടി ചെലവഴിച്ച് സന്യസ്തജീവിതം നയിക്കുന്ന പതിനായിരങ്ങള്‍ ഈ പ്രസ്ഥാനത്തിലുണ്ട്. വനവാസികള്‍ മുതല്‍ ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരും വരെ ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും രാഷ്ട്രസേവനത്തിനുവേണ്ടി മാത്രം ജിവിതം ചെലവഴിച്ച അവരെപ്പോലെ ഒരാളെയെങ്കിലും കാട്ടാന്‍ സി.പി.എമ്മിന് കഴിയുമോ? പാര്‍ട്ടിശമ്പളം വാങ്ങി പ്രവര്‍ത്തനം നടത്തി ജീവിതം മുഴുവന്‍ എല്ലാ സ്വര്‍ഗ്ഗീയ സുഖങ്ങളും അനുഭവിക്കുന്ന മുഴുവന്‍സമയ പ്രവര്‍ത്തകരല്ല ആര്‍.എസ്.എസ്സിന്റെ സ്വയംസേവകര്‍. അതുതന്നെയാണ് നെഹ്‌റു മുതല്‍ പിണറായി വരെ ആര് ശ്രമിച്ചാലും ആര്‍.എസ്.എസ്സിനെ തകര്‍ക്കാന്‍ കഴിയാത്തത്. വനവാസി കല്യാണ്‍സംഘ് മുതല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം വരെ ജീവിതത്തിന്റെ നാനാ തുറകളിലുമായി നിരവധി പ്രസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുള്ള ആര്‍.എസ്.എസ്സിന്റെ സംഘടനാശാസ്ത്രത്തിന്റെ അടിത്തറ തന്നെ ദേശസ്‌നേഹവും കറപുരളാത്ത വ്യക്തിജീവിതവും ആത്മസമര്‍പ്പണവുമാണ്.

ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ കടപുഴക്കി എറിഞ്ഞത്. രാഷ്ട്രത്തിനുവേണ്ടി മാത്രം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്സിനെ നിരോധിക്കുമെന്ന് പിണറായി പറയുമ്പോള്‍ ഇസ്ലാമിക ഭീകരതയെ പിണറായിയും സി.പി.എമ്മും എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നുകൂടി കണ്ടറിയണം. കേരളത്തില്‍ ഐ.എസ് പ്രവര്‍ത്തനമില്ല, ഇസ്ലാമിക ഭീകരതയില്ല എന്ന് ആണയിട്ടത് പിണറായിയും കോടിയേരിയുമാണ്. ഐ.എസ്. റിക്രൂട്ട്‌മെന്റില്‍ ഇന്ത്യയിലാദ്യം ശിക്ഷിക്കപ്പെട്ട കേസ് കേരളത്തിലാണ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സി.പി.എം ആണയിട്ടു. ഡി.ജി.പിയെക്കൊണ്ട് റിപ്പോര്‍ട്ടും നല്‍കിച്ചു. പക്ഷേ, ഷെഫീന്‍ ജഹാന് എതിരായ കേസ് എന്‍.ഐ.എക്ക് തുടരന്വേഷണം നടത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ഈ വാദവും പൊളിഞ്ഞു. ഇന്ന് സി.പി.എം എന്ന പ്രസ്ഥാനം ഇസ്ലാമിക ജിഹാദി ഭീകരരുടെ കൈകളിലേക്ക് ഒതുങ്ങുകയാണ്. കണ്ണൂരിലെ ശ്യാമപ്രസാദ് വധം ഇതിന്റെ വ്യക്തമായ സൂചനയാണ്. അച്യുതാനന്ദനൊഴികെ മറ്റെല്ലാവരോടും പരാജയപ്പെട്ട പിണറായി വിജയന്‍ എല്ലാ രംഗത്തും തോറ്റുകഴിഞ്ഞു. തോമസ് ഐസക്കിന്റെ ഏഴയലത്തുപോലും എത്താത്ത, പണ്ട് വൈദ്യുതമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പ്രവര്‍ത്തന മികവിന്റെ ഓര്‍മ്മകള്‍ പോലും ഇല്ലാത്ത ഒരു തിരുമണ്ടന്‍ മാത്രമായി, ഒരു ഏഴാംകൂലി പാര്‍ട്ടിക്കാരന്‍ മാത്രമായി പിണറായി അധഃപതിക്കുമ്പോള്‍ ആര്‍.എസ്.എസ്സിനെ നിരോധിക്കണമെന്ന് തോന്നുന്നതില്‍ അത്ഭുതമില്ല. ഒരിക്കല്‍ക്കൂടി തോല്‍വി ഏറ്റുവാങ്ങാന്‍ പഴയ ചന്തുവിനെ പോലെയോ യോദ്ധാ സിനിമയിലെ കാവിലെ പാട്ടിന് കാണാമെന്ന് പറയുന്ന ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെ പോലെയോ പിണറായി വരുമ്പോള്‍ ത്രിപുരയിലെ പോലെ ചരിത്രത്തെ വഴിമാറ്റാന്‍ ആര്‍.എസ്.എസ്സിന് പാതയൊരുക്കാനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക. പക്ഷേ, ഭരണനിപുണതയുള്ള ഒരു രാഷ്ട്രതന്ത്രജ്ഞന്റെയോ പരിണതപ്രജ്ഞനായ ഭരണാധികാരിയുടെയോ ശബ്ദമല്ല പിണറായിയുടേത്. കേരളത്തിലെ ആദ്യത്തെ ഭരണാധികാരിയുമല്ല പിണറായി. സര്‍ സി.പി മുതല്‍ പിന്നീടുണ്ടായ ഓരോ ഭരണാധികാരിയെയും ചരിത്രം എങ്ങനെ രേഖപ്പെടുത്തിയെന്ന് പിണറായി അറിയണം. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെക്കുറിച്ച് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി. ബാബുപോള്‍ എഴുതിയത് പിണറായിയുടെ അറിവിലേക്ക് ഉദ്ധരിക്കട്ടെ, ”അത്യന്തം അപ്രതീക്ഷിതമായി അധികാരത്തില്‍ വരികയും അധികാരത്തിന്റെ ഇടനാഴികളിലൂടെ മാര്‍ജ്ജാരപാദനായി നടന്നുപോവുകയും ഒടുവില്‍ അകാമിതയാല്‍ അധികാരം ഉപേക്ഷിച്ചു പോകുമ്പോള്‍ അകൃഷ്ണ കര്‍മ്മാവായി അറിയപ്പെടുകയും ചെയ്ത അനപവാചന പ്രതിഭയായിരുന്നു അച്യുതമേനോന്‍.” ഇതിനടുത്ത് എവിടെയെങ്കിലും കരിക്കട്ടകൊണ്ടെങ്കിലും പിണറായിയുടെ പേര് ഉണ്ടാകുമോ?

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close