Special

‘ആമി’ കമാലുദ്ദീന്റെ ചലച്ചിത്ര ജിഹാദ്

ജി.കെ. സുരേഷ് ബാബു (ഹിന്ദു വിശ്വയില്‍ പ്രസിദ്ധീകരിച്ച ആസ്വാദനം)

മഹാസാഗരത്തിന്റെ ഘനഗാംഭീര്യത്തിനു മുന്നില്‍ അതിന്റെ ആഴവും പരപ്പും മനസ്സിലാക്കാനാകാതെ പകച്ചുനില്‍ക്കുന്ന, സ്വന്തം ആശയത്തിന് അനുസൃതമായി കളിവള്ളമിറക്കാന്‍ ശ്രമിക്കുന്ന ഒരു ബാലന്റെ പരിശ്രമം മാത്രമേ കൊട്ടിഘോഷിച്ച് ഇറക്കിയ ‘ആമി’യില്‍ കാണാനാവൂ. അതേസമയം കമല്‍ എന്ന കമാലുദ്ദീന്റെ ഇസ്ലാമിക ജിഹാദിനോടുള്ള അതിരുകടന്ന പ്രതിപത്തിയും പ്രതിബദ്ധതയും അനൂപ് മേനോന്റെ ലൗ ജിഹാദ് കഥാപാത്രമായ, വാഗ്മിയായ, മതപ്രഭാഷകനും പാര്‍ലമെന്റ് അംഗവും പറയുന്ന രണ്ടു വാചകങ്ങളില്‍ പ്രസക്തമാണ്; ‘ഇസ്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന മതമാണ്, ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്’. ഈ രണ്ടു വാചകങ്ങളാണ് ആമിയുടെ മൂടിവെയ്ക്കപ്പെട്ട പ്രമേയം. കമലാദാസ് എന്ന മാധവിക്കുട്ടിയുടെ മനസ്സോ ജീവിതമോ കാണാനാകാതെ അവരുടെ ജീവിതത്തോടോ, കഥയോടോ, സങ്കല്പങ്ങളോടോ, സ്വപ്നങ്ങളോടോ നീതിയോ താദാത്മ്യമോ പുലര്‍ത്താത്ത ഈ ചിത്രം ചലച്ചിത്ര ജിഹാദിന്റെ ഭാഗമാണെന്ന ആരോപണത്തെ തള്ളിക്കളയാന്‍ ആകാത്ത തരത്തിലുള്ളതാണ്.

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആസക്തി മനുഷ്യരില്‍ പൊതുവെയുള്ളതാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ അത് കൂടുതലുമാണ്. സ്ത്രീകള്‍ ഉടല്‍ പങ്കിടാന്‍ തയ്യാറാകുന്നതുപോലും അദമ്യമായ സ്‌നേഹത്തിനു വേണ്ടിയാണെന്ന് വിഖ്യാതരായ മനഃശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ വിലയിരുത്തിയിട്ടുമുണ്ട്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അമിതമായ ആസക്തിയോടൊപ്പം ശ്രദ്ധിക്കാനും ശ്രദ്ധിക്കപ്പെടാനുമുള്ള, എല്ലാ കാലത്തും വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കാനുമുള്ള ആഗ്രഹം മാധവിക്കുട്ടി പ്രകടിപ്പിച്ചിരുന്നു. യുവത്വത്തിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴേക്കും വിവാഹിതയായ, നിഷ്‌കളങ്കമായ ബാല്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചിതയാകാത്ത, പാരമ്പര്യത്തിന്റെയും തറവാടിത്തത്തിന്റെയും പ്രതീകമായ മാധവിക്കുട്ടിയെ ചലച്ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുന്നതില്‍ കമല്‍ പരാജയപ്പെട്ടു. ആക്ഷേപങ്ങള്‍ക്ക് സാധ്യതയില്ലാത്തവിധം, ആര്‍ക്കും പരാതിയുണ്ടാകാത്തവിധം എല്ലാവരോടും സമരസപ്പെട്ട് ഒരു മതേതര കമലാ സുരയ്യയെ അവതരിപ്പിച്ച് കൈയടി നേടാനുള്ള തരംതാണ ശ്രമം മാത്രമായി ചലച്ചിത്രം അധഃപതിച്ചു. മാധവിക്കുട്ടിയെന്ന ഉജ്ജ്വല വ്യക്തിത്വത്തിന്റെ ഏഴയലത്തുപോലും എത്താതെ യക്ഷികളെ അനുസ്മരിപ്പിക്കുന്ന ചിരിയുമായി, അവരുമായി യാതൊരു വിധത്തിലും താദാത്മ്യം പുലര്‍ത്താതെ അതിഭാവുകത്വത്തിന്റെ വഴിയിലേക്ക് വഴുതി വീഴുന്ന മഞ്ജു വാര്യര്‍ പതിവ് അഭിനയത്തികവിന്റെ ഏഴയലത്തു പോലും എത്തിയില്ല. വയലാര്‍ ഏതോ ചലച്ചിത്രഗാനത്തില്‍ വരച്ചുകാട്ടിയ ഉന്മാദിനിയെന്ന അമൂര്‍ത്ത സങ്കല്പത്തിലേക്കാണ് മഞ്ജു വാര്യര്‍ മാധവിക്കുട്ടിയ്ക്കു പകരം ഇഴഞ്ഞുനീങ്ങിയത്.

കേരളീയ ഗ്രാമീണതയുടെയും വള്ളുവനാടന്‍ മലയാളിത്തത്തിന്റെയും ശ്രീത്വമായിരുന്ന, മണ്ണിനോടും മരങ്ങളോടും പൂക്കളോടും ഒക്കെ ഇഴുകിച്ചേര്‍ന്ന് ഗ്രാമീണ നിഷ്‌കളങ്കത്വത്തിന്റെ പ്രതീകമായി നീങ്ങിയ മാധവിക്കുട്ടിയുടെ സ്വഭാവത്തിന്റെയോ പെരുമാറ്റത്തിന്റെയോ നൈസര്‍ഗ്ഗിക സഹജഭാവങ്ങളിലേക്ക്, അമ്മമ്മ പെട്ടി തുറക്കുമ്പോള്‍ പുറത്തേക്ക് വരാറുള്ള കൈതപ്പൂമണത്തിന്റെ ഓര്‍മ്മച്ചിന്തുകളിലേക്ക് പ്രേക്ഷകരെ നയിക്കാന്‍ പോന്ന വികാരസ്പര്‍ശിയായ ഒരു രംഗം പോലും കോടികള്‍ ചെലവഴിച്ചു എന്നു പറഞ്ഞിട്ടും ആവിഷ്‌കരിക്കാന്‍ കമലിന് ആയില്ല. കാമത്തിന്റെയോ കാമാതുരതയുടെയോ ജീര്‍ണ്ണതയിലേക്ക്, സാമ്പത്തിക പ്രതിസന്ധിയില്‍ എഴുത്തിനെ വഴിതിരിച്ചുവിട്ട ‘എന്റെ കഥ’യെ സങ്കല്പമാണെന്ന് തിരുത്തിയത് എങ്ങും തൊടാതെ പറഞ്ഞുപോകുന്നു. ‘മലയാളനാടി’ന്റെ ഉടമസ്ഥനായിരുന്ന എസ്.കെ. നായരെ ഒരു തികഞ്ഞ ആഭാസനായി ചിത്രീകരിക്കുകയും ചെയ്തു. എസ്.കെ. നായരെ കുറിച്ച് ഇങ്ങനെയൊരു ആരോപണം മാധവിക്കുട്ടിയോ അവരുടെ അടുത്ത സുഹൃത്തുക്കളോ ഒരിക്കലും പറഞ്ഞതായി കേട്ടിട്ടില്ല. മലയാളസാഹിത്യത്തിന് കനപ്പെട്ട സംഭാവനകളൊന്നും എസ്.കെ. നായര്‍ നല്‍കിയില്ലെങ്കിലും പ്രസിദ്ധീകരണരംഗത്ത് പരിവര്‍ത്തനത്തിന്റെ വഴിത്തിരിവ് ഉണ്ടാക്കിയതില്‍ മലയാളനാടിന് പങ്കുണ്ടായിരുന്നു. പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പ്രസിദ്ധീകരിക്കാനുള്ള ചങ്കൂറ്റം അദ്ദേഹമേ കാട്ടിയുള്ളൂ. സാഹിത്യകാരന്മാരെ കൈയയച്ച് സഹായിക്കുന്നതിലും പലരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിലും എസ്.കെ. നായര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ മുതിര്‍ന്ന സുഹൃത്തുക്കള്‍ പലരും പങ്കുവെയ്ക്കുന്ന ഓര്‍മ്മകളിലെ എസ്.കെ. നായര്‍ കമല്‍ വരച്ചുകാട്ടിയ കാമമോഹിതനും വിടനുമായ ഒരു കഥാപാത്രമായിരുന്നില്ല. ചലച്ചിത്രരംഗത്തു തന്നെ സാധ്യതകള്‍ പലതുമുണ്ടായിട്ടും നാലപ്പാട്ട് നാരായണമേനോന്റെ തറവാട്ടില്‍പ്പെട്ട കമലാദാസിന്റെ അടുത്ത് മോശമായി പെരുമാറാന്‍ തക്കരീതിയില്‍ ചെറുതായിരുന്നില്ല അദ്ദേഹം എന്ന് അക്കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, മുംബൈയില്‍ കമലാദാസിനെ കാണാന്‍ എസ്.കെ. നായര്‍ ഒറ്റയ്ക്ക് പോയിട്ടുമില്ല. ഒരിക്കല്‍ കാണാന്‍ പോയപ്പോള്‍ കാക്കനാടനും മറ്റും ഒപ്പമുണ്ടായിരുന്നു എന്നാണ് പറയുന്നത്. മാത്രമല്ല, ഇങ്ങനെയൊരു സംഭവം കമലാദാസ് പങ്കുവെച്ചതായി അവരുടെ വനിതാസുഹൃത്തുക്കളോ ബന്ധുക്കളോ ഇന്നുവരെ പറഞ്ഞിട്ടുമില്ല. ഇതുവരെ ഇല്ലാത്ത ഒരു ആരോപണം തികച്ചും മ്ലേച്ഛമായ രീതിയില്‍ അവതരിപ്പിച്ചത് ഇപ്പോള്‍ എസ്.കെ. നായര്‍ക്ക് ചോദിക്കാനും പറയാനും പറ്റിയ ബന്ധുക്കള്‍ ഇല്ലാത്തതുകൊണ്ടാണെന്ന് മാധ്യമസുഹൃത്തുക്കള്‍ പറയുന്നു.

‘എന്റെ കഥ’ എഴുതിയതിനെക്കുറിച്ച് മാധവിക്കുട്ടിയെക്കൊണ്ടു തന്നെ വിഫലമായ ഒരു ന്യായീകരണം കമല്‍ സിനിമയില്‍ ഒരുക്കുന്നുണ്ട്. മലയാളസാഹിത്യ തറവാട്ടിന്റെ പൂമുഖത്ത് ഏഴുതിരിയിട്ട നിലവിളക്കിന്റെ ചാരുതയോടെ കുലീനത്വത്തോടെ നിറഞ്ഞുനിന്നിരുന്ന ബാലാമണിയമ്മയുടെ രക്തമല്ല, പകരം രതിസാമ്രാജ്യം എഴുതിയ വലിയമ്മാമന്‍ നാലപ്പാട്ട് നാരായണമേനോന്റെ രക്തമാണ് തന്റെ സിരകളിലുള്ളതെന്ന് മാധവിക്കുട്ടി എന്ന കഥാപാത്രം സിനിമയില്‍ പറയുന്നു. സിനിമയുടെ തിരക്കഥ കൂടി എഴുതിയ കമലിന്റെ അല്പത്തമോ വിവരമില്ലായ്മയോ ആണ് ഇതില്‍ പ്രകടമാകുന്നത്. രതിസാമ്രാജ്യത്തേക്കാളേറെ നാലപ്പാടന്‍ പ്രശസ്തനായത് ആര്‍ഷജ്ഞാനവും കണ്ണുനീര്‍ത്തുള്ളിയും എഴുതിയതിലൂടെയാണ്. ആ നാലപ്പാടനെ കമല്‍ കാണുന്നില്ല, അറിയുന്നില്ല, അറിഞ്ഞതായി ഭാവിക്കുന്നുമില്ല. രതിസാമ്രാജ്യം കമല്‍ സിനിമയില്‍ അവതരിപ്പിക്കുംപോലെ, അല്ലെങ്കില്‍ ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ബസ് സ്റ്റാന്‍ഡില്‍ വില്പ്പനയ്ക്കു വെച്ചിട്ടുള്ള അശ്ലീല പുസ്തകവുമല്ല. മനുഷ്യബന്ധത്തിന്റെയും ലൈംഗികതയുടെയും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ വശങ്ങള്‍ വിശകലനം ചെയ്യുന്ന പണ്ഡിതോചിതമായ സൃഷ്ടിയാണ്. ആ തരത്തിലുള്ള ഒരു ഉജ്ജ്വല കൃതിയുടെ ഉടമയുടെ പാരമ്പര്യം കമല്‍ സിനിമയില്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചതുപോലെ മോശമായ രീതിയിലുള്ളതല്ല.

ഗുരുവായൂരും ഗുരുവായൂരപ്പനും കൃഷ്ണനും മാധവിക്കുട്ടിയുടെ എല്ലാ കൃതികളിലും അവരുടെ ജീവിതവിന്യാസത്തിന്റെ എല്ലാ പടവുകളിലും അന്തര്‍ലീനമായിരുന്നു. ലിനന്‍ ഷര്‍ട്ടിട്ട് താടിയും സൗമ്യ മുഖവുമായി മുണ്ടുടുത്ത് എത്തുന്ന യുവാവായിരുന്നോ മാധവിക്കുട്ടി രാവും പകലും സ്വപ്നതുല്യം തന്നെ പ്രണയിക്കുന്നതായി കണ്ടിരുന്ന ഗുരുവായൂരിലെ കൃഷ്ണന്‍? രഞ്ജിത്തിന്റെ നന്ദനത്തില്‍ നവ്യ നായര്‍ കണ്ട, നവ്യ നായര്‍ മാത്രം കണ്ട കൃഷ്ണന്റെ ചാരുതപോലും പകര്‍ത്താന്‍ കമലിന് ആയില്ല. എന്നാല്‍ അതിനെ വികൃതമായി അനുകരിക്കുകയും ചെയ്തു. മാധവിക്കുട്ടിയുടെ എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്ന മുരളിയൂതുന്ന ഗോപികാകൃഷ്ണന്റെ കുസൃതിയുടെ തരിമ്പുപോലും ആവിഷ്‌ക്കരിക്കാന്‍ ആ കഥാപാത്രത്തിന് കഴിഞ്ഞില്ല. കൊടുങ്ങല്ലൂര്‍ അങ്ങാടിയില്‍ മത്തി വാങ്ങാന്‍ പോകുന്ന ലാഘവത്തോടെ ‘നീയെന്നെ വിട്ടു പോകുമോ കൃഷ്ണാ?’ എന്ന് ചോദിക്കുന്നിടത്ത് കാതരമായ പ്രണയത്തിന്റെ വസന്തോത്സവം വിരസമായി അവസാനിക്കുകയാണ്. കൃഷ്ണനു പകരം കമല്‍ ജീവിക്കുന്ന പ്രതീകമായി അവതരിപ്പിച്ചത് നിര്‍വ്വികാരപരബ്രഹ്മത്തെയാണ്. അത്യാവശ്യം നന്നായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന ടൊവീനോ എന്ന നടന്റെ സാധ്യതകള്‍ ഒരിടത്തും ഉപയോഗിച്ചില്ല.

ഒരു നടന്‍ എന്ന നിലയില്‍ മാധവിക്കുട്ടിയുടെ ലൗ ജിഹാദ് എപ്പിസോഡിലെ കുടിലരാഷ്ട്രീയക്കാരനായ അന്നത്തെ മുസ്ലീംലീഗ് എം.പിയുടെ ജീവിതത്തോട് ഒരു പരിധിവരെ അനൂപ് മേനോന്‍ നീതി പുലര്‍ത്തി. മാധവിക്കുട്ടി സ്വന്തമായി മതപരിവര്‍ത്തനം ചെയ്തതാണെന്ന് വരുത്താന്‍ കമല്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തെ ഇടതുപക്ഷത്തുനിന്ന് ഇസ്ലാമിക ഭീകരതയ്ക്ക് ഓശാന പാടുന്ന ഒരു സാധാരണ എസ്.ഡി.പി.ഐ പ്രവര്‍ത്തകനിലേക്കാണ് എത്തിക്കുന്നത്. മാധവിക്കുട്ടിയെ അറിയുന്നവരെല്ലാം ലൗ ജിഹാദിലെ വിവാദനായകന്‍ എങ്ങനെയാണ് അവരെ വീഴ്ത്തിയതെന്ന് പറയുന്നുണ്ട്. ഗസലുകളുടെ കാസറ്റുകള്‍ (സി.ഡി അല്ല) അയച്ചുകൊടുക്കും മുന്‍പ് മാധവിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ച്, കാണാന്‍ സമയം ചോദിച്ച വിവാദ പ്രഭാഷകന്‍ അവരുടെ കാല്‍ക്കീഴില്‍ ഇരുന്നു എന്നത് മാത്രമല്ലേ സത്യമായുള്ളൂ. ബാക്കി എല്ലാ കഥാപാത്രങ്ങളുടെയും, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ, എല്ലാവരുടെയും യഥാര്‍ത്ഥ പേരുകള്‍ ഉപയോഗിച്ചിട്ടും വിവാദ എം.പിയുടെ പേരു മാത്രം മാറ്റി ഉപയോഗിച്ചത് ലൗ ജിഹാദിന് കുടപിടിക്കാന്‍ തന്നെയല്ലേ? ഇതിന്റെ പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും മുഴുവന്‍ ഒഴിവാക്കിയിട്ട് ക്ഷേത്രനടയില്‍ കണ്ടുമുട്ടുന്ന ഒരു സ്ത്രീ എന്തോ പറഞ്ഞു എന്നത് ഹിന്ദുമതത്തിലെ സ്വാതന്ത്ര്യമില്ലായ്മയാണെന്ന് വരുത്തി തീര്‍ത്തത് കമലിന്റെ നിക്ഷിപ്ത ഇസ്ലാമിക ലൗ ജിഹാദ് താല്പര്യം മാത്രമല്ലേ? മാധവിക്കുട്ടിയെ നോക്കി അങ്ങനെ പറയാന്‍ തന്റേടമുള്ള, അല്ലെങ്കില്‍ അങ്ങനെ അധഃപതിച്ച ആരെങ്കിലും കേരളത്തിലുണ്ടാകുമോ? ഭര്‍ത്താവ് മരിച്ചതു കാരണം വീട്ടിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നവരാണോ കേരളത്തിലെ ഹിന്ദുസ്ത്രീകള്‍? രാജാറാം മോഹന്‍ റായ് മുതല്‍ എല്ലാ പരിഷ്‌ക്കരണവാദികളും വിധവാവിവാഹത്തിന് വേണ്ടിയാണ് നിലകൊണ്ടത്. വി.ടി. ഭട്ടതിരിപ്പാടും എം.ആര്‍.ബിയും അടക്കമുള്ള ഒരു തലമുറ നമ്പൂതിരിമാര്‍ക്കിടയിലെ ഇത്തരം അപചയങ്ങളെ തുടച്ചുനീക്കാന്‍ യത്‌നിച്ചവരാണ്. എന്നിട്ടും ഹിന്ദുമതത്തില്‍ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള കമലിന്റെ ശ്രമം ദുഷ്ടലാക്ക് മാത്രമാണ്.

ഹിന്ദു സംഘടനകളെയും ഏതാണ്ട് ഇതേ രീതിയില്‍ തന്നെ താറടിക്കാനുള്ള ശ്രമം ഒരു മടിയും കൂടാതെ നടത്തിയിട്ടുണ്ട്. മതഭീകരവാദത്തിന്റെ മകുടോദാഹരണമായി നിന്നിരുന്ന എന്‍.ഡി.എഫ് ഭീകരര്‍ കമലാദാസിന്റെ മതപരിവര്‍ത്തനത്തിനുശേഷം നടത്തിയിട്ടുള്ള കാര്യങ്ങള്‍ മെറിലി വീസ്‌ബോഡ് ‘ദ ലൗ ക്വീന്‍ ഓഫ് മലബാര്‍’ എന്ന ഗ്രന്ഥത്തില്‍ കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ട്. ആ കാര്യങ്ങളൊക്കെയും അവഗണിച്ച് വെള്ളപൂശുകയാണ് കമല്‍ ചെയ്തത്. മതപരിവര്‍ത്തനത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മാധവിക്കുട്ടി തന്നെ എഴുതിയ കത്ത് ഈ പുസ്തകത്തില്‍ മെറിലി ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, അക്കാലത്ത് അവര്‍ ഏറ്റവും കൂടുതല്‍ മനസ്സ് തുറന്നിട്ടുള്ളതും മെറിലിയോടായിരുന്നു. ആ സംഭവങ്ങളിലേക്കൊന്നും തന്നെ കമല്‍ കടന്നിട്ടില്ല. മാധവിക്കുട്ടിയെ കല്യാണം കഴിക്കാമെന്നു പറഞ്ഞ് മതം മാറ്റിയശേഷം കാലുമാറിയ പ്രഭാഷകനായ മുസ്ലീം ലീഗ് എം.പിയെ കമല്‍ ശക്തമായി ന്യായീകരിക്കുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാനാണ് സിനിമയിലുടനീളം കമല്‍ ശ്രമിക്കുന്നത്. ഭാര്യയുടെ അനിയത്തിക്ക് കല്യാണവസ്ത്രമെടുക്കാന്‍ ഭാര്യ പോകുന്ന ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തി എല്ലാം കവരുന്ന എം.പിയുടെ കുടിലത അദ്ദേഹത്തിന് അനുകൂലമായി തന്മയത്വത്തോടെയാണ് കമല്‍ അവതരിപ്പിച്ചിട്ടുള്ളത്. കൈയൊഴിയാനുള്ള ന്യായവും സമര്‍ത്ഥമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

ഇസ്ലാമിനെ ന്യായീകരിക്കാനും തന്റെ തീവ്രമായ മതവികാരം പ്രകടിപ്പിക്കാനും കമല്‍ ഉപയോഗിച്ചിട്ടുള്ളത് വിവാദ പ്രഭാഷകനെ തന്നെയാണ്. അനൂപ് മേനോന്‍ പറയുന്ന, നേരത്തെ പരാമര്‍ശിച്ച രണ്ടു വാചകങ്ങളാണ് ഈ സിനിമയുടെ കമല്‍ ഉദ്ദേശിച്ച ആശയം. മാധവിക്കുട്ടിയുമായുള്ള സംഭാഷണത്തിനിടെ ആദ്യം പറയുന്നു, ‘ഇസ്ലാം സ്ത്രീകള്‍ക്ക് ഏറെ ബഹുമാനവും സ്വാതന്ത്ര്യവും നല്‍കുന്ന മതമാണ്’ എന്ന്. ഈ പരാമര്‍ശം നല്‍കുന്ന ദുഃസൂചന ഹിന്ദുത്വത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല എന്നുതന്നെയല്ലേ. മാത്രമാണോ, മുത്തലാഖ് വഴി മൊഴി ചൊല്ലപ്പെടുന്ന നൂറുകണക്കിന് സ്ത്രീകളുടെ ദുരന്തചിത്രം, ഷഹബാനു കേസ് മുതല്‍ അടുത്തിടെയുണ്ടായ സുപ്രീം കോടതി വിധിവരെയുള്ള നൂറുകണക്കിന് കേസുകള്‍ ഒക്കെ കമല്‍ ആത്മാവിഷ്‌കാരത്തിലൂടെ പ്രഖ്യാപിക്കുന്ന, സ്ത്രീകളുടെ ബഹുമാനത്തോടും സ്വാതന്ത്ര്യത്തോടും ഒത്തുപോകുന്നതല്ല. മാത്രമല്ല, ഇസ്ലാമിലെ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനയുടെയും പീഡനത്തിന്റെയും കഥകള്‍ ജാമിദ ടീച്ചര്‍ക്കൊപ്പം നൂറുകണക്കിന് മൊഴിചൊല്ലപ്പെട്ട അമ്മമാരും പറയും. സ്ത്രീയെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം കാണുന്ന, ഋതുമതിയായാല്‍ ഉടന്‍ കല്യാണം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മതമൗലികവാദികളുടെ പ്രതിഷേധത്തിന്റെയും സമരത്തിന്റെയും ചിത്രം കമല്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

മറ്റൊരിടത്ത് ഇസ്ലാം സാഹോദര്യത്തിന്റെ മതമാണെന്ന് പറയുന്നുണ്ട്. അതിന്റെയും പിന്നിലെ ലക്ഷ്യം ഇസ്ലാമിക മത മൗലികവാദം തന്നെയാണ്. ചേകന്നൂര്‍ മൗലവിയും പ്രൊഫ. ജോസഫും മുതല്‍ മലബാര്‍ മാന്വലില്‍ വില്യം ലോഗനും മലബാര്‍ കലാപത്തില്‍ കെ. മാധവന്‍ നായരും ദുരവസ്ഥയില്‍ മഹാകവി കുമാരനാശാനും ഇസ്ലാമിന്റെ സാഹോദര്യം വ്യക്തമായും വരച്ചുകാട്ടുന്നുണ്ട്. ഇതൊക്കെ മറച്ചുവച്ച് മാധവിക്കുട്ടിയെ ‘പുയിസ്ലാ’മാക്കുമ്പോള്‍ അത് സാഹോദര്യത്തിന്റെ മതമാണെന്ന് പ്രഖ്യാപിച്ച് ലൗ ജിഹാദിനെ വെള്ള പൂശുന്ന കമാലുദ്ദീന്‍, എസ്.ഡി.പി.ഐയേക്കാള്‍ കടുത്ത മതഭീകരതയാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്. എല്ലാം വലിച്ചെറിച്ച് ജ്ഞാനപ്പാനയും ലളിതാസഹസ്രനാമവും മടക്കിവാങ്ങി പൂനെയിലെ മക്കളോടൊപ്പം കൂടിയ, ഹിജാബും തട്ടവും വലിച്ചെറിഞ്ഞ നാലപ്പാട്ടെ മാധവിക്കുട്ടിയെ കമല്‍ കണ്ടില്ല. മരണത്തിനു ശേഷവും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന് ഇസ്ലാമിക രീതിയില്‍ അടക്കം ചെയ്തതിലെ കുബുദ്ധിയും അതിന്റെ പിന്നിലെ ഗൂഢാലോചനയും കമല്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. ഒരു ഡോക്യു ഫിക്ഷന്റെ നിലവാരത്തിലേക്ക് പോലും ഉയരാത്ത ചിത്രത്തില്‍, കഥാപാത്രങ്ങളെ അവതരിപ്പിച്ചവരില്‍ മിക്കവരും നീതി പുലര്‍ത്തി. പ്രത്യേകിച്ചും മാധവദാസിനെ അവതരിപ്പിച്ച മുരളി ഗോപിയും സുലോചനയെ അവതരിപ്പിച്ച വിനയപ്രസാദും ബാലാമണിയമ്മയുടെ രണ്ട് കാലങ്ങള്‍ അവതരിപ്പിച്ചവരും അമ്മമ്മയായി വേഷമിട്ട ശ്രീദേവി ഉണ്ണിയും മാധവിക്കുട്ടിയുടെ ബാല്യം അവതരിപ്പിച്ച ആഞ്ജലീന അബ്രഹാമും യുവത്വം അവതരിപ്പിച്ച നീലാഞ്ജനയും നിലവാരം പുലര്‍ത്തി.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച ഔചിത്യം കഥാതന്തുവിലും തിരക്കഥയിലും കാട്ടുന്നതില്‍ കമല്‍ വിജയിച്ചില്ല. മാധവിക്കുട്ടിയുടെ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തുന്നതില്‍, സ്വന്തം മതവികാരത്തിന് അപ്പുറത്തേയ്ക്ക് ഒരു കലാസൃഷ്ടിയോട് പുലര്‍ത്തേണ്ട ആത്മനിഷ്ഠവും ആത്മാവിഷ്‌കാരപരവുമായ സമീപനം പുലര്‍ത്തുന്നതില്‍ കമല്‍ പരാജയപ്പെട്ടു. കമലിന്റെ ഉള്ളിന്റെയുള്ളിലെ എസ്.ഡി.പി.ഐ/ ഇസ്ലാമിക ഭീകര മൃദുസമീപനം ചിത്രത്തെ ഉടനീളം സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ഇടതുപക്ഷ മതനിരപേക്ഷത പ്രകടിപ്പിക്കാന്‍ ഇസ്ലാമിക ഭീകരതയ്ക്ക് എതിരെയും ഹിന്ദു സംഘടനകള്‍ക്കെതിരെയും ആണ് താനെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമവും ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ ആമുഖത്തില്‍ കമല്‍ അവകാശപ്പെടുന്നതുപോലെ ‘എന്റെ കഥ’യെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, മാധവിക്കുട്ടിയുടെ ജീവിതത്തെ നിഷ്പക്ഷവും സത്യസന്ധവുമായി സമീപിക്കുമെന്ന് കരുതി. അതുണ്ടായില്ല. വിവാദപ്രഭാഷകന്‍ കൈയൊഴിയുമ്പോള്‍ കെട്ടിക്കിടക്കുന്ന തടാകം പോലെ നിര്‍വികാരതയോടെ മടങ്ങുന്ന ഒരു മൂന്നാംകിട വ്യക്തിത്വമായിരുന്നില്ല ആമി. അവരുടെ ജീവിതത്തോട് താദാത്മ്യം പുലര്‍ത്തുന്ന ഒറ്റ രംഗമേ സിനിമയിലുള്ളൂ. ഇരുളിന്റെ ഏകാന്തതയില്‍ നിശ്ചേഷ്ടനായി നിലത്തുകിടക്കുന്ന ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഈയൊരു രാത്രി കൂടി മാത്രമേ എനിക്ക് അദ്ദേഹത്തിനൊപ്പമുള്ളൂ എന്നു പറയുന്ന ശക്തയായ മാധവിക്കുട്ടിയെ മഷിയിട്ട് നോക്കിയാല്‍ പോലും സിനിമയില്‍ മറ്റൊരിടത്തും കാണാനാകില്ല. കമല്‍ കണ്ട ദുര്‍ബലയായ ആമിയല്ല നാലപ്പാട്ടെ മാധവിക്കുട്ടി. ആ തിരിച്ചറിവ് ഇല്ലാത്തതാണ് തീയേറ്ററുകളില്‍ ‘ആമി’ എട്ടുനിലയില്‍ പൊട്ടാനും കാരണം.

 

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close