Special

‘മൻ കി ബാത്’ നാല്‍പ്പത്തിരണ്ടാം ലക്കം മലയാള പരിഭാഷ

എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ഇന്ന് രാമനവമിയുടെ പുണ്യദിനമാണ്. രാമനവമിയുടെ ഈ പുണ്യദിനത്തില്‍ എല്ലാവര്‍ക്കും എന്റെ അനേകം ശുഭാശംസകള്‍. സംപൂജ്യനായ ബാപ്പുവിന്റെ ജീവിതത്തില്‍ രാമനാമത്തിന്റെ ശക്തി എത്രത്തോളമായിരുന്നു എന്ന് നാം അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും കണ്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 26 ന് ആസിയാന്‍ രാജ്യങ്ങളിലെ എല്ലാ മഹദ്‌വ്യക്തികളും ഇവിടെയുണ്ടായിരുന്നു. അവര്‍ തങ്ങളോടൊപ്പം അതത് രാജ്യങ്ങളിലെ സംസ്‌കാരികസംഘങ്ങളെ കൂട്ടിയാണു വന്നത്. അവയില്‍ അധികം രാജ്യങ്ങളും രാമായണമായിരുന്നു നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത് എന്നത് എത്രയോ അഭിമാനകരമായ കാര്യമാണ്. അതായത് രാമനും രാമായണവും ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഈ ഭൂവിഭാഗത്ത്, ആസിയാന്‍ രാജ്യങ്ങളില്‍ ഇന്നും അത്രതന്നെ പ്രേരണയും സ്വാധീനവും ചെലുത്തുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും രാമനവമിയുടെ ശുഭാശംസകള്‍ നേരുന്നു.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, എല്ലാ പ്രാവശ്യത്തെയും പോലെ ഇപ്രാവശ്യവും നിങ്ങളുടെ ഏവരുടെയും കത്തുകള്‍, ഇ-മെയിലുകള്‍, ഫോണ്‍കോളുകള്‍, അഭിപ്രായങ്ങള്‍ വലിയ അളവില്‍ കിട്ടിയിട്ടുണ്ട്. കോമള്‍ ഠാകൂര്‍ മൈ ജിഒവി.ഇന്‍ ല്‍ സംസ്‌കൃതത്തിന്റെ ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങിയതിനെക്കുറിച്ച് എഴുതിയത് ഞാന്‍ വായിച്ചു. ഐടി പ്രൊഫഷണല്‍ കൂടിയായ അങ്ങേയ്ക്ക് സംസ്‌കൃതത്തോടുമുള്ള സ്‌നേഹം കണ്ടിട്ട് എനിക്ക് വളരെ സന്തോഷം തോന്നി. ഈ ദിശയില്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചുള്ള വിവരം അങ്ങയിലേക്കെത്തിക്കാന്‍ ബന്ധപ്പെട്ട വിഭാഗത്തോടു പറഞ്ഞിട്ടുണ്ട്. കോമള്‍ജിയുടെ നിര്‍ദ്ദേശത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് സംസ്‌കൃതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്‍ കീ ബാത്തിന്റെ ശ്രോതാക്കളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ശ്രീമാന്‍ ഘനശ്യാമ കുമാര്‍ജി, ബീഹാറിലെ നാളന്ദാ ജില്ലയിലെ ബഹാകര്‍ ഗ്രാമത്തില്‍ നിന്നാണ്. നരേന്ദ്രമോദി ആപ് ല്‍ അങ്ങെഴുതിയ കമന്റുകള്‍ വായിച്ചു. ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനെക്കുറിച്ച് അങ്ങു പ്രകടിപ്പിച്ച ആശങ്ക, തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്.

ശ്രീമാന്‍ ശകല്‍ ശാസ്ത്രീജീ, കര്‍ണ്ണാടകത്തില്‍ നിന്ന്- അങ്ങ് സുന്ദരമായ ഉപമയോടെ ‘ആയുഷ്മാന്‍ ഭൂമിയുള്ളപ്പോഴേ ആയുഷ്മാന്‍ ഭാരത് ഉണ്ടാകൂ’, എന്നും ‘ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ ജീവിയെക്കുറിച്ചും ചിന്തയുണ്ടെങ്കിലേ ആയുഷ്മാന്‍ ഭൂമി ഉണ്ടാകൂ’ എന്നും എഴുതി. അങ്ങ് വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം വെയ്ക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ശകല്‍ ജീ, അങ്ങയുടെ വികാരം ഞാന്‍ എല്ലാ ശ്രോതാക്കളിലും എത്തിച്ചിരിക്കുന്നു.

ശ്രീമന്‍ യോഗേശ് ഭദ്രേശ് ജീ പറയുന്നത് ഞാന്‍ യുവാക്കളോട് അവരുടെ ആരോഗ്യത്തെക്കുറിച്ചു പറയണമെന്നാണ്. ആസിയാന്‍ രാജ്യങ്ങളുമായി താരമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ യുവാക്കള്‍ ശാരീരികമായി ദുര്‍ബ്ബലരാണെന്ന് അദ്ദേഹത്തിനു തോന്നുന്നു. യോഗേശ് ജീ, ഇപ്രാവശ്യം ആരോഗ്യവുമായി ബന്ധപ്പെട്ട് എല്ലാവരോടും വിശദമായി സംസാരിക്കണമെന്ന് എനിക്കും തോന്നുന്നു. ഫിറ്റ് ഇന്ത്യയെക്കുറിച്ചു പറയണമെന്നു തോന്നുന്നു. നിങ്ങള്‍ യുവാക്കള്‍ക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങാമെന്നാണ് എന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് കാശിയാത്രയ്ക്കു പോയിരുന്നു. ആ യാത്രയിലെ എല്ലാ ദൃശ്യങ്ങളും, മനസ്സിനെ സ്പര്‍ശിക്കുന്നവയും സ്വാധീനം ചെലുത്തുന്നവയുമായിരുന്നുവെന്ന് വാരാണസിയില്‍ നിന്ന് ശ്രീമാന്‍ പ്രശാന്തകുമാര്‍ എഴുതിയിരിക്കുന്നു. ആ ഫോട്ടോകളും, എല്ലാ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പ്രശാന്ത്ജീ, കേന്ദ്ര ഗവണ്‍മെന്റ് ആ ഫോട്ടോകള്‍ അന്നുതന്നെ സാമൂഹിക മാധ്യമങ്ങളിലും നരേന്ദ്രമോദി ആപ് ലും ,ഷെയര്‍ ചെയ്തിട്ടുണ്ട്. അങ്ങ് അത് ലൈക് ചെയ്യൂ, റീട്വീറ്റ് ചെയ്യൂ, മിത്രങ്ങളിലേക്കെത്തിക്കൂ.

ചെന്നൈയില്‍ നിന്ന് അനഘ, ജയേശ്, കൂടാതെ വളരെയേറെ കുട്ടികള്‍ ‘ഏക്‌സാം വാരിയര്‍’ പുസ്തകത്തിന്റെ പിന്നില്‍ കൊടുത്തിട്ടുള്ള ‘ഗ്രാറ്റിട്യൂഡ് കാര്‍ഡ്‌സ്’ കളില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എഴുതി എനിക്കയച്ചിട്ടുണ്ട്. അനഘ, ജയേശ്…! നിങ്ങളുടെ ഈ കത്തുകള്‍ കാണുമ്പോള്‍ എന്റെ ദിവസം മുഴുനുള്ള ക്ഷീണവും നിമിഷനേരം കൊണ്ട് ഇല്ലാതെയാകുന്നു എന്നാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്. ഇത്രയധികം കത്തുകളിലും, ഇത്രയധികം ഫോണ്‍ കോളുകളിലും, അഭിപ്രായങ്ങളിലും നിന്ന് ഞാന്‍ വായിച്ചവയിലും കേട്ടവയിലും നിന്ന് വളരെയധികം കാര്യങ്ങള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചു… അവയെക്കുറിച്ചു മാത്രം സംസാരിച്ചാല്‍ പോലും മാസങ്ങളോളം എനിക്ക് സംസാരിച്ചുകൊണ്ടിരിക്കേണ്ടി വരും.

ഇപ്രാവശ്യം അധികം കത്തുകളും കുട്ടികളുടേതാണ്. അവര്‍ പരീക്ഷയെക്കുറിച്ച് എഴുതിയിരിക്കുന്നു. അവധിക്കാലത്തെ തങ്ങളുടെ പദ്ധതികളെക്കുറിച്ച് എഴുതിയിരിക്കുന്നു. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്കുള്ള വെള്ളത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കിസ്സാന്‍ മേളകളും കൃഷിയും മുതല്‍ രാജ്യമെങ്ങും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കര്‍ഷകരായ സഹോദരീ സഹോദരന്മാരുടെ കത്തുകളുണ്ട്.

ജലസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ ചില ആളുകള്‍ നിര്‍ദ്ദേശങ്ങളയച്ചിട്ടുണ്ട്. നാം പരസ്പരം മന്‍ കീബാത് റേഡിയോയിലൂടെ പറയാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ കാണുന്ന ഒരു ശീലം വേനല്‍ക്കാലത്തെ കത്തുകളില്‍ വേനലിനെക്കുറിച്ച് അധികമായുണ്ടാകും എന്നതാണ്. പരീക്ഷയ്ക്കു മുമ്പ് വിദ്യാര്‍ഥി സുഹൃത്തുക്കളുടെ വേവലാതികളുമായി കത്തുകള്‍ വരുന്നു. ഉത്സവസീസണില്‍ നമ്മുടെ ഉത്സവങ്ങള്‍, നമ്മുടെ സംസ്‌കാരം, നമ്മുടെ പാരമ്പര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു കത്തുകളുണ്ടാകും. അതായത് മനസ്സിലുള്ളത് കാലാവസ്ഥയ്ക്കനുസരിച്ച് മാറുന്നുമുണ്ട്, ഒരു പക്ഷേ നമ്മുടെ മനസ്സിലെ കാര്യങ്ങള്‍ ചിലരുടെ ജീവിതത്തിന്റെതന്നെ കാലാവസ്ഥ മാറ്റുന്നുവെന്നതും സത്യമാണ്. എന്തുകൊണ്ട് മാറില്ല! നിങ്ങളുടെ ഈ കാര്യങ്ങളില്‍, ഈ അനുഭവങ്ങളില്‍, ഈ ഉദാഹരണങ്ങളില്‍, ഇത്രയധികം പ്രേരണയും, ഊര്‍ജ്ജവും, ആത്മബന്ധവും, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആവേശവും നിറഞ്ഞുനില്‍ക്കുന്നു. ഇത് രാജ്യത്തെ മുഴുവന്‍ കാലാവസ്ഥ മാറ്റാനുള്ള ശക്തി ഉള്‍ക്കൊള്ളുന്നതാണ്.

അസമിലെ കരീംഗഞ്ചിലെ ഒരു റിക്ഷാക്കാരന്‍ അഹമദ് അലി തന്റെ ഇച്ഛാശക്തിയുടെ ബലത്തില്‍ ദരിദ്രരായ കുട്ടികള്‍ക്കായി 9 സ്‌കൂളുകള്‍ ഉണ്ടാക്കി എന്ന് എനിക്ക് കത്തിലൂടെ അറിയാന്‍ കഴിയുമ്പോള്‍ ഈ രാജ്യത്തെ അദമ്യമായ ഇച്ഛാശക്തിയെ നേരിട്ടു കാണാനാകുന്നു. കാണ്‍പൂരിലെ ഡോക്ടര്‍ അജീത് മോഹന്‍ ചൗധരി ഫുട്പാത്തില്‍ ചെന്ന് ദരിദ്രരെ പരിശോധിക്കുന്നതിന്റെയും അവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്കുന്നതിന്റെയും കഥ കേള്‍ക്കാനായപ്പോള്‍ ഈ രാജ്യത്തെ ജനങ്ങളുടെ പരസ്പരബന്ധുത്വം മനസ്സിലാക്കാനുള്ള അവസരമുണ്ടായി. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് സമയത്തിന് ചികിത്സ കിട്ടാഞ്ഞതു കാരണം കൊല്‍ക്കത്തയിലെ കാര്‍ ഡ്രൈവര്‍ സൈദുള്‍ ലസ്‌കറുടെ സഹോദരിയുടെ മരണം സംഭവിച്ചു. ചികിത്സ കിട്ടാതെ ഒരു ദരിദ്രന്റെയും മരണം സംഭവിക്കാതിരിക്കാന്‍ അദ്ദേഹം ആശുപത്രിയുണ്ടാക്കാന്‍ തീരുമാനിച്ചു. സൈദുള്‍ തന്റെ ഈ ലക്ഷ്യം സാധിക്കാന്‍ വീട്ടിലെ ആഭരണങ്ങള് വിറ്റു.

അദ്ദേഹത്തിന്റെ കാറില്‍ യാത്ര ചെയ്യുന്ന പല യാത്രക്കാരും മനസ്സു തുറന്ന് ദാനം ചെയ്തു. ഒരു എഞ്ചിനീയര്‍ പെണ്‍കുട്ടി അവളുടെ ഒരു മാസത്തെ വേതനം നല്കി. ഇങ്ങനെ പണം സംഭരിച്ച് 12 വര്‍ഷങ്ങള്‍ക്കുശേഷം, അവസാനം സൈദുള്‍ ലസ്‌കര്‍ നടത്തിയ ഭഗീരഥ പ്രയത്‌നം പ്രത്യക്ഷത്തില്‍ കാണാനായി. അദ്ദേഹത്തിന്റെ ആ കഠിനാധ്വാനവും ദൃഢനിശ്ചയം കാരണം കൊല്‍ക്കത്തയ്ക്കടുത്ത് പുനരി ഗ്രാമത്തില്‍ ഏകദശം 30 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നവഭാരതത്തിന്റെ ശക്തി.

ഉത്തര്‍ പ്രദേശിലെ ഒരു സ്ത്രീ പല പോരാട്ടങ്ങള്‍ക്കൊടുവില്‍ 125 ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമ്പോഴും സ്ത്രീകളെ അവരുടെ അധികാരങ്ങള്‍ക്കുവേണ്ടി പ്രേരിപ്പിക്കുമ്പോഴും മാതൃശക്തിയാണു കാണാനാകുന്നത്. ഇങ്ങനെ അനേകം പ്രേരണാസ്രോതസ്സുകള്‍ എന്റെ രാജ്യത്തെ പരിചയപ്പെടുത്തുന്നു. ഇന്ന് ലോകത്തിന്റെയാകെ ഭാരതത്തോടുള്ള വീക്ഷണം മാറിയിരിക്കുന്നു. ഇന്ന് ഭാരതത്തിന്റെ പേര് വളരെ അഭിമാനത്തോടെ ഉച്ചരിക്കപ്പെടുമ്പോള്‍ അതിന്റെ പിന്നില്‍ ഭാരതാംബയുടെ ഈ സന്താനങ്ങളുടെ അധ്വാനം ഒളിച്ചിരിപ്പുണ്ട്. ഇന്ന് രാജ്യമെങ്ങും യുവാക്കളില്‍, സ്ത്രീകളില്‍, പിന്നാക്കക്കാരില്‍, ദരിദ്രരില്‍, മധ്യവര്‍ഗ്ഗത്തില്‍ …. എല്ലാ വര്‍ഗ്ഗങ്ങളിലും പെട്ടവര്‍ക്കിടയില്‍ നാം മുന്നേറുകയാണ്, നമ്മുടെ രാജ്യം മുന്നേറുകയാണെന്ന വിശ്വാസമുണ്ടായിട്ടുണ്ട്. ഈ ആത്മവിശ്വാസം, ഈ പോസിറ്റിവിറ്റി, നവഭാരതത്തിനുള്ള നമ്മുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കാന്‍ സഹായിക്കും, സ്വപ്നസാക്ഷാത്കാരമുണ്ടാകും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വരുന്ന ചില മാസങ്ങള്‍ കര്‍ഷക സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇതുകാരണം വളരെയേറെ കത്തുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ് വന്നിട്ടുള്ളത്. ഇപ്രാവശ്യം ഞാന്‍ ദൂരദര്‍ശന്റെ ഡിഡി കിസ്സാന്‍ ചാനലില്‍ കര്‍ഷകരുമായി നടക്കുന്ന ചര്‍ച്ചകളുടെ വീഡിയോ വരുത്തി കണ്ടു. എല്ലാ കര്‍ഷകരും ദൂരദര്‍ശന്റെ ഡിഡി കിസ്സാന്‍ ചാനലുമായി ബന്ധപ്പെടണം, അതു കാണണം… പുതിയ പുതിയ പ്രയോഗങ്ങള്‍ സ്വന്തം കൃഷിയില്‍ നടപ്പാക്കണം എന്നാണ് എന്റെ അഭിപ്രായം. മഹാത്മാ ഗാന്ധിമുതല്‍ മഹാന്മാരെല്ലാം ശാസ്ത്രിജി ആണെങ്കിലും ലോഹിയാജി ആണെങ്കിലും ചൗധരി ചരണ്‍സിംഗ് ആണെങ്കിലും ചൗധരി ദേവിലാല്‍ ആണെങ്കിലും കൃഷിയെയും കര്‍ഷകരെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും പൊതു ജനജീവിതത്തിന്റെയും ഒരു പ്രാധനപ്പെട്ട ഭാഗമായി കണക്കാക്കി. മണ്ണിനോടും, കൃഷിയോടുംകൃഷിയിടത്തോടും, കര്‍ഷകരോടും മഹാത്മാഗാന്ധിക്ക് എത്ര താത്പര്യമായിരുന്നു എന്ന വികാരം അദ്ദേഹത്തിന്റെ ഈ വരിയില്‍ പ്രകടമാണ്. അദ്ദേഹം പറഞ്ഞു,

‘To forget how to dig the earth and to tend the soil, is to forget ourselves.’

അതായത് മണ്ണില്‍കിളയ്ക്കാനും മണ്ണിനെ കാക്കാനും നാം മറക്കുന്നുവെങ്കില്‍ അത് സ്വയം മറക്കുന്നതുപോലെയാണ്. ഇതേപോലെ ലാല്‍ ബഹാദുര്‍ശാസ്ത്രി മരം, ചെടികള്‍, വൃക്ഷലതാദികള്‍ എന്നിവയുടെ സംരക്ഷണം, നല്ല കൃഷിരീതികള്‍ അവലംബിക്കേണ്ട ആവശ്യം തുടങ്ങിയവയെക്കുറിച്ച് ശക്തമായി വാദിച്ചിരുന്നു.

ഡോ.രാംമനോഹര്‍ ലോഹ്യാ നമ്മുടെ കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വരുമാനം, ഭേദപ്പെട്ട ജലസേചന സൗകര്യങ്ങള്‍, അവയെല്ലാം ഉറപ്പാക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെയും പാലിന്റെയും ഉത്പാദനം വര്‍ധിപ്പിക്കാനും വലിയ അളവില്‍ ജനങ്ങള്‍ ഉണരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞു. 1979 ല്‍ തന്റെ ഒരു പ്രസംഗത്തില്‍ ചൗധരി ചരണ്‍സിംഗ് കര്‍ഷകരോട് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും, പുതിയ കണ്ടെത്തലുകള്‍ നടത്താനും അഭ്യര്‍ഥിച്ചു, ഇവയുടെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു. ഞാന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ സംഘടിപ്പിക്കപ്പെട്ട കൃഷി-ഉന്നതി-മേളയില്‍ പോയിരുന്നു. അവിടെ കര്‍ഷക സഹോദരീ സഹോദരന്മാരുമായും ശാസ്ത്രജ്ഞരുമായി എന്റെ ചര്‍ച്ചകള്‍, കൃഷിയുമായി ബന്ധപ്പെട്ട അനേകം അനുഭവങ്ങളെക്കുറിച്ച് അറിയുക, മനസ്സിലാക്കുക, കൃഷിയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ അറിയുക തുടങ്ങിയവയെല്ലാം എനിക്ക് വളരെ സുഖം പകരുന്ന അനുഭവമായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് മേഘാലയയും അവിടത്തെ കര്‍ഷകരുടെ അധ്വാനവുമായിരുന്നു. വളരെ കുറച്ചു വിസ്തീര്‍ണ്ണമുള്ള ഈ സംസ്ഥാനം വലിയ പ്രവര്‍ത്തനമാണു കാഴ്ചവച്ചത്.

മേഘാലയയിലെ നമ്മുടെ കര്‍ഷകര്‍ 2015-16 വര്‍ഷത്തില്‍ അതിനുമുമ്പത്തെ അഞ്ചു വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് ഉത്പാദനം നടത്തി. ലക്ഷ്യം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആവേശം ശക്തമാണെങ്കില്‍, മനസ്സില്‍ ദൃഢനിശ്ചയമുണ്ടെങ്കില്‍ അത് സാധിക്കാം, പ്രവര്‍ത്തിച്ചു ഫലത്തില്‍ കാണിക്കാം എന്ന് തെളിയിച്ചിരിക്കയാണ്. ഇന്ന് കര്‍ഷകരുടെ അധ്വാനത്തിന് സാങ്കേതികവിദ്യയുടെ സഹായമുണ്ട്, അതിലൂടെ കാര്‍ഷിക ഉത്പാദനത്തിന് ശക്തി ലഭിച്ചിട്ടുണ്ട്. എനിക്കു വന്നിട്ടുള്ള കത്തുകളില്‍ നിന്നു കാണാനാകുന്നത് വളരെയേറെ കര്‍ഷകര്‍ കുറഞ്ഞ താങ്ങു വിലയെക്കുറിച്ച് (എം.എസ്.പി) എഴുതിയിരിക്കുന്നതാണ്… ഞാന്‍ ഇതേക്കുറിച്ച് വിശദമായി സംസാരിക്കണമെന്ന് അവര്‍ പറയുന്നു.

സഹോദരീ സഹോദരന്മാരേ, ഈ വര്‍ഷത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് വിളവിന് ഉചിതമായ വില നല്കുന്നതിന് ഒരു വലിയ തീരുമാനമെടുത്തിട്ടുണ്ട്. നോട്ടിഫൈഡ് വിളവുകള്‍ക്ക് എം.എസ്.പി. അവരുടെ ചെലവിന്റെ ഏറ്റവും കുറഞ്ഞത് ഒന്നര ഇരട്ടിയായി പ്രഖ്യാപിക്കും എന്നതാണത്. ഞാന്‍ വിശദമായി പറഞ്ഞാല്‍ എംഎസ്പി കണക്കാക്കുമ്പോള്‍, ചിലവാകുന്ന ചെറിയ തുകയില്‍ മറ്റു തൊഴിലാളികള്‍ നടത്തുന്ന അധ്വാനത്തിന്റെ കൂലി, തങ്ങളുടെ നാല്ക്കാലികള്‍, യന്ത്രങ്ങള്‍ അല്ലെങ്കില്‍ വാടകയ്‌ക്കെടുത്ത നാല്‍ക്കാലികള്‍ അല്ലെങ്കില്‍ യന്ത്രത്തിന്റെ ചെലവ്, വിത്തിന്റെ വില, ഉപയോഗിച്ച എല്ലാ തരത്തിലുമുള്ള വളത്തിന്റെ വില, ജലേസചനത്തിന്റെ ചെലവ്, സംസ്ഥാന ഭൂനികുതി, പ്രവര്‍ത്തന മൂലധനത്തിനുമേല്‍ കൊടുത്ത പലിശ, ഭൂമി പാട്ടത്തിനെടുത്തതാണെങ്കില്‍ അതിന്റെ വാടക… ഇത്രമാത്രമല്ല സ്വയം അധ്വാനിക്കുന്ന കര്‍ഷകനോ കൃഷി കാര്യത്തില്‍ അധ്വാനിക്കുന്ന അയാളുടെ കുടുബത്തിലുള്ളവരുടെ അധ്വാനമൂല്യം തുടങ്ങി എല്ലാം ഉത്പാദനച്ചെലവില്‍ പെടുത്തും. ഇവ കൂടാതെ കര്‍ഷകര്‍ക്ക് വിളവിന് ഉചിതമായ വില കിട്ടാന്‍ രാജ്യത്ത് കാര്‍ഷിക വിപണി പരിഷ്‌കാരങ്ങള്‍ക്കായി വളരെ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഗ്രാമീണ ചന്തകള്‍ക്ക്, ഹോള്‍സെയില്‍ മാര്‍ക്കറ്റുമായും ആഗോള വിപണിയുമായും ബന്ധപ്പെടാനുള്ള ശ്രമവും നടക്കുകയാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവ് വില്ക്കുന്നതിന് വളരെ ദൂരെ പോകേണ്ടി വരരുത്. അതിനായി ഇരുപത്തിരണ്ടായിരം ഗ്രാമീണ ചന്തകള്‍ക്ക് ആവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നല്കിക്കൊണ്ട് അപ്‌ഗ്രേഡ് ചെയ്യപ്പെട്ട എപിഎംസി, ഈ-നാം പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തും. അതായത് ഒരു തരത്തില്‍ രാജ്യത്തെ ഏതൊരു വിപണിയുമായും ബന്ധപ്പെടാനുള്ള സൗകര്യം രൂപപ്പെടുത്തുകയാണ്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ വര്‍ഷം മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജയന്തി വര്‍ഷാഘോഷത്തിന്റെ തുടക്കം കുറിക്കപ്പെടും. ഇതൊരു ചരിത്രപരമായ അവസരമാണ്. രാജ്യം എങ്ങനെ ഈ ഉത്സവം ആഘോഷിക്കണം? സ്വച്ഛഭാരതം നമ്മുടെ നിശ്ചയമാണ്. അതുകൂടാതെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് എങ്ങനെ ഗാന്ധിജിക്ക് ഏറ്റവും നല്ല ശ്രദ്ധാഞ്ജലി അര്‍പ്പിക്കും? പുതിയ പുതിയ പരിപാടികള്‍ നടത്താന്‍ സാധിക്കുമോ? പുതിയ പുതിയ രീതികള്‍ അവലംബിക്കാനാകുമോ? നിങ്ങളേവരോടും എനിക്കുള്ള അഭ്യര്‍ഥന നിങ്ങള്‍ മൈ ജിഒവി വഴി നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കൂ. ഗാന്ധി 150 ന്റെ ലോഗോ എന്തായിരിക്കണം? സ്ലോഗന്‍, മന്ത്രം, അല്ലെങ്കില്‍ ആഘോഷവാക്യം എന്തായിരിക്കണം? ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കൂ. നമുക്കൊരുമിച്ചു ചേര്‍ന്ന് ബാപ്പുവിന് എന്നും ഓര്‍ക്കുന്ന ശ്രദ്ധാഞ്ജലി ഏകേണ്ടതുണ്ട്, ബാപ്പുവിനെ ഓര്‍ത്തുകൊണ്ട്, അദ്ദേഹത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കേണ്ടതുണ്ട്.

ഫോണ്‍…

നമസ്‌കാരം.. ആദരണീയ പ്രധാനമന്ത്രീജി… ഞാന്‍ പ്രീതി ചതുര്‍വ്വേദി ഗുഡ്ഗാവില്‍ നിന്നു സംസാരിക്കുന്നു. പ്രധാനമന്ത്രിജീ, സ്വച്ഛഭാരത് അഭിയാന്‍ അങ്ങൊരു വിജയകരമായ മുന്നേറ്റമാക്കിയതുപോലെ ഇനി സ്വസ്ഥ് ഭാരത് അഭിയാന്‍ കൂടി അതേപോലെ വിജയകരമാക്കേണ്ടതുണ്ട്. ഈ മുന്നേറ്റത്തിനായി അങ്ങ് ജനങ്ങളെ, സര്‍ക്കാരുകളെ, സ്ഥാപനങ്ങളെ എങ്ങനെയാണ് സംഘടിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് പറയണം… നന്ദി

നന്ദി… പ്രീതി ചതുര്‍വ്വേദി പറഞ്ഞതു ശരിയാണ്. സ്വച്ഛഭാരതവും സ്വസ്ഥഭാരതവും പരസ്പര പൂരകങ്ങളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആരോഗ്യമേഖലയില്‍ ഇന്ന് രാജ്യം പരമ്പരാഗത രീതികളില്‍ നിന്ന് മുന്നേറിക്കഴിഞ്ഞു. രാജ്യത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുമ്പ് കേവലം ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവാദിത്തമായിരുന്നു. ഇന്ന് എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും… അത് സ്വച്ഛതാ മന്ത്രാലയമാണെങ്കിലും ആയുഷ് മന്ത്രാലയമാണെങ്കിലും മഹിളാ-ബാലവികസന മന്ത്രാലയമാണെങ്കിലും സംസ്ഥാന ഗവണ്‍മെന്റുകളാണെങ്കിലും ഒരുമിച്ചു ചേര്‍ന്ന് സ്വസ്ഥഭാരതത്തിനായി -ആരോഗ്യമുള്ള ഭാരതത്തിനായി- പ്രവര്‍ത്തിക്കുകയാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കുകയാണ്. രോഗപ്രതിരോധം എന്നത് ഏറ്റവും ചെലവു കുറഞ്ഞതും എളുപ്പവുമായ ആരോഗ്യരക്ഷയാണ്. നാം രോഗപ്രതിരോധത്തില്‍ എത്രത്തോളം ജാഗരൂകരാണോ അതനുസരിച്ച് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നേട്ടമുണ്ടാകും. ജീവിതം ആരോഗ്യമുള്ളതായിരിക്കണമെങ്കില്‍ ആദ്യം വേണ്ടത് സ്വച്ഛതയാണ്. നാമെല്ലാം ഒരു രാജ്യമെന്ന നിലയില്‍ ഒരുമയോടെ വെല്ലുവിളി ഏറ്റെടുത്തു.. അതിന്റെ ഫലമായി 4 വര്‍ഷത്തിനുള്ളില്‍ സാനിട്ടേഷന്‍ കവറേജ് ഇരട്ടിയായി, ഏകദേശം 80 ശതമാനമായിക്കഴിഞ്ഞു. അതുകൂടാതെ രാജ്യമെങ്ങും ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ ആരോഗ്യ പരിരക്ഷ എന്ന നിലയില്‍ യോഗ ലോകമെങ്ങും സ്വീകരിക്കപ്പെട്ടിരിക്കുന്നു. ഫിറ്റ്‌നസ്, വെല്‍നസ് രണ്ടിനുമുള്ള ഗ്യാരണ്ടിയാണു യോഗ നല്കുന്നത്. യോഗ ഇന്നൊരു ജനമുന്നേറ്റമായി മാറിയിരിക്കുന്നത്, വീടുവീടാന്തരം എത്തിയിരിക്കുന്നത് നമ്മുടെ ഏവരുടെയും സമര്‍പ്പണം കൊണ്ടാണ്. ഇപ്രാവശ്യം അന്താരാഷ്ട്ര യോഗാ ദിനം ജൂണ്‍ 21 എത്താന്‍ ഇനി 100 ദിവസങ്ങളേ ബാക്കിയുള്ളൂ.

കഴിഞ്ഞ മൂന്ന് അന്താരാഷ്ട്ര യോഗാ ദിനങ്ങളിലും രാജ്യത്തും ലോകത്തുമുള്ള എല്ലായിടത്തും ആളുകള്‍ ഉത്സാഹത്തോടെ പങ്കുചേര്‍ന്നു. ഇപ്രാവശ്യവും നാം സ്വയം യോഗ ചെയ്യുമെന്നും മുഴുവന്‍ കുടുംബത്തെയും, മിത്രങ്ങളെയും, എല്ലാവരെയും യോഗ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും നമുക്ക് ഉറപ്പാക്കണം. യോഗ ചെയ്യാന്‍ പുതിയ ആകര്‍ഷകങ്ങളായ രീതികളില്‍ കുട്ടികളെയും യുവാക്കളെയും മുതിര്‍ന്ന പൗരന്മാരെയും പ്രേരിപ്പിക്കണം. ടിവി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വര്‍ഷം മുഴുവന്‍ യോഗയുമായി ബന്ധപ്പെട്ട പല പരിപാടികള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ മുതല്‍ യോഗ ദിനം വരെ ഒരു മുന്നേറ്റമെന്ന നിലയില്‍ യോഗയുടെ കാര്യത്തില്‍ ഒരു ഉണര്‍വ്വ് രൂപപ്പെടുത്താനാകുമോ?

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ യോഗയുടെ അധ്യാപകനൊന്നുമല്ല. ഞാന്‍ യോഗ ചെയ്യുന്ന ആളാണ്. എന്നാല്‍ ചില ആളുകള്‍ തങ്ങളുടെ സൃഷ്ടിപരതയിലൂടെ എന്നെ യോഗ ടീച്ചറും ആക്കിയിരിക്കുന്നു. ഞാന്‍ യോഗ ചെയ്യുന്ന 3ഡി ആനിമേറ്റഡ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നു. ഞാന്‍ നിങ്ങളുമായി ആ വീഡിയോ ഷെയര്‍ ചെയ്യാം… അതുവഴി നമുക്ക് ഒരുമിച്ച് ആസനങ്ങളും പ്രാണായാമങ്ങളും അഭ്യസിക്കാം. ആരോഗ്യരക്ഷ എത്തിപ്പറ്റാവുന്നതും താങ്ങാവുന്നതുമാകണം. സാധാരണക്കാര്‍ക്ക് വിലക്കുറവുള്ളതും വേഗം ലഭിക്കുന്നതുമാകണം. അതിനായി വിശാലമായ തലത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ന് രാജ്യമെങ്ങും മൂവായിരത്തിലധികം ജനഔഷധി കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടിട്ടുണ്ട്. അവിടെ 800 ല്‍ അധികം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. പുതിയ കേന്ദ്രങ്ങളും തുറക്കുകയാണ്. മന്‍ കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കുള്ള അഭ്യര്‍ഥന ആവശ്യമുള്ളവര്‍ക്ക് ജനഔഷധി കേന്ദ്രങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക- അവരുടെ മരുന്നിനുള്ള ചിലവ് വളരെ കുറഞ്ഞു കിട്ടും. അവര്‍ക്കതു വലിയ സഹായമാകും. ഹൃദയരോഗികള്‍ക്ക് ഹൃദയത്തിനുള്ള സ്റ്റെന്റിന്റെ വില 85ശതമാനം വരെ കുറച്ചിരിക്കുന്നു. മുട്ടു മാറ്റിവയ്ക്കലിന്റെ വിലയും നിയന്ത്രിച്ചതിനാല്‍ 50-മുതല്‍ 70 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതിയനുസരിച്ച് ഏകദേശം 10 കോടി കുടുംബങ്ങള്‍ക്ക് അതായത് ഏകദേശം 50 കോടി ജനങ്ങള്‍ക്ക് ചികിത്സക്കായി ഒരു വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെയുള്ള ചെലവ്, കേന്ദ്ര ഗവണ്‍മെന്റും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നു നല്കും. രാജ്യത്തിപ്പോഴുള്ള 479 മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് 68000 ആക്കിയിട്ടുണ്ട്.

രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് ഭേദപ്പെട്ട ചികിത്സയും ആരോഗ്യസൗകര്യങ്ങളും ലഭിക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ പുതിയ എയിംസുകള്‍ തുറന്നു വരികയാണ്. ഓരോ മൂന്നു ജില്ലയ്ക്കും ഒരോ പുതിയ മെഡിക്കല്‍ കോളജുകള്‍ തുറക്കപ്പെടും. രാജ്യത്തെ 2025 നകം ടി.ബി.മുക്തമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതു വലിയ ജോലിയാണ്. എല്ലാ ജനങ്ങളിലും ഉണര്‍വ്വുണ്ടാക്കാന്‍ നിങ്ങളുടെ സഹകരണം വേണം. ടീബി യില്‍ നിന്ന് മോചനം നേടാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏപ്രില്‍ 14 ഡോ.ബാബാ സാഹബ് അംബേദ്കറുടെ ജന്മ ജയന്തിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഡോ.ബാബാ സാഹബ് അംബേദ്കര്‍ ഭാരതത്തെ വ്യവസായവത്കരിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്ന ഒരു നല്ല മാധ്യമമായിരുന്നു വ്യവസായം. ഇന്നു നാം രാജ്യത്ത് ‘മേക് ഇന്‍ ഇന്ത്യ’ മുന്നേറ്റം വിജയകരമായി നടത്തുമ്പോള്‍ ഡോ.അംബേദ്കര്‍ ജി വ്യാവസായിക മഹാശക്തിയെന്ന നിലയില്‍ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നം കണ്ടത് നമുക്കിന്ന് പ്രേരണയാണ്. ഇന്ന് ഭാരതം ആഗോള സാമ്പത്തിക വ്യവസ്ഥിതിയില്‍ ഒരു ശ്രദ്ധേയകേന്ദ്രമായി വളരുന്നു.

ഇന്ന് ലോകമെങ്ങും ഏറ്റവുമധികം പ്രത്യക്ഷ വിദേശ നിക്ഷേപം, എഫ്ഡിഐ, നടക്കുന്നത് ഭാരതത്തിലാണ്. ലോകം മുഴുവന്‍ ഭാരതത്തെ പുതിയ നിക്ഷേപത്തിനും വികസനത്തിനുമുള്ള കേന്ദ്രമായി കാണുകയാണ്. വ്യവസായവികസനം നഗരങ്ങളിലേ സാധിക്കൂ എന്ന വിചാരമായിരുന്നു. അതുകാരണം ഡോ.ബാബാ സാഹബ് അംബേദ്കര്‍ ഭാരതത്തിന്റെ നഗരവത്കരണത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഈ ദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് രാജ്യത്ത് ‘സ്മാര്‍ട്ട് സിറ്റീസ് മിഷന്‍’, ‘അര്‍ബന്‍ സിറ്റീസ് മിഷന്‍’ ആരംഭിച്ചിരിക്കയാണ്. രാജ്യത്തെ വലിയ നഗരങ്ങളിലും ചെറിയ നഗരങ്ങളിലും എല്ലാ തരത്തിലുമുള്ള സൗകര്യങ്ങള്‍-അത് നല്ല റോഡുകളാണെങ്കിലും ജലത്തിനുള്ള ഏര്‍പ്പാടാണെങ്കിലും, ആരോഗ്യസൗകര്യങ്ങളാണെങ്കിലും, വിദ്യാഭ്യാസമോ ഡിജിറ്റല്‍ കണക്ടിവിറ്റി ലഭ്യമാക്കലോ ഒക്കെ സാധിക്കാന്‍ ഇതു വേണം. ബാബാ സാഹബിന് ആത്മനിര്‍ഭരതയില്‍, സ്വയംപര്യാപ്തതയില്‍ വലിയ വിശ്വാസമായിരുന്നു.

ഏതെങ്കിലുമൊരു വ്യക്തി എന്നും ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ഥിതി പാടില്ല എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം ദരിദ്രര്‍ക്കായി ചിലതു വീതിച്ചു നല്കുന്നതുകൊണ്ടു മാത്രം അവരുടെ ദാരിദ്ര്യം അകറ്റാനാവില്ലെന്നും വിശ്വസിച്ചിരുന്നു. ഇന്ന് മുദ്രാ യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ, സ്റ്റാന്‍ഡപ് ഇന്ത്യാ പോലുള്ള തുടക്കങ്ങള്‍ നമ്മുടെ യുവ സംരഭകര്‍ക്ക് ജന്മം കൊടുക്കുകയാണ്. 1930-40 ദശകത്തില്‍ ഭാരതത്തില്‍ റോഡുകളെക്കുറിച്ചും റെയിലിനെക്കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ബാബാ സാഹബ് അംബേദ്കര്‍ തുറമുഖങ്ങളെക്കുറിച്ചും ജലപാതകളെക്കുറിച്ചും പറഞ്ഞിരുന്നു. ജലശക്തിയെ രാഷ്ട്രശക്തിയായി കണ്ടത് ഡോ.ബാബാ സാഹബ് ആയിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ജലത്തിന്റെ ഉപയോഗത്തിന് പ്രാധാന്യം കൊടുത്തു. വിവിധ റിവര്‍ വാലി അഥോറിറ്റികള്‍, ജലവുമായി ബന്ധപ്പെട്ട വിവിധ കമ്മീഷനുകള്‍, എല്ലാം ബാബാസാഹബ് അബേദ്കറുടെ വീക്ഷണത്തില്‍ പിറന്നവയാണ്.

ഇന്ന് രാജ്യത്ത് ജലപാതകള്‍ക്കും തുറമുഖങ്ങള്‍ക്കുംവേണ്ടി ചരിത്രം കുറിക്കുന്ന ശ്രമങ്ങളാണു നടക്കുന്നത്. ഭാരതത്തിന്റെ വിവിധ സമുദ്രതീരങ്ങളില്‍ പുതിയ തുറമുഖങ്ങള്‍ ഉണ്ടാവുകയാണ്, പഴയ തുറമുഖങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നാല്പതുകളിലെ ദശകത്തില്‍ അധികം ചര്‍ച്ചയും രണ്ടാം ലോകമഹായുദ്ധം, വരാന്‍ പോകുന്ന ശീതയുദ്ധം, വിഭജനം എന്നിവയെക്കുറിച്ചെല്ലാമായിരുന്നു. അക്കാലത്ത് ഡോ.അംബേദ്കര്‍ ഒരു പുതിയ ടീം ഇന്ത്യ എന്ന ചിന്താഗതിക്ക് അടിസ്ഥാനശിലയിട്ടു. അദ്ദേഹം ഫെഡറലിസം, ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്കി. ഇന്ന് നാം ഭരണത്തിന്റെ എല്ലാ തലത്തിലും സഹകരണ ഫെഡറലിസത്തിനുമപ്പുറം കടന്ന് മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസമെന്ന മന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനകാര്യം ഡോ.ബാബാ സാഹബ് അംബേദ്കര്‍ പിന്നാക്ക വര്‍ഗ്ഗത്തില്‍ പെട്ട എന്നെപ്പോലുള്ള കോടിക്കണക്കിനാളുകള്‍ക്ക് പ്രേരണാസ്രോതസ്സാണ് എന്നതാണ്. ഉന്നതങ്ങളിലെത്താന്‍ വലിയ അല്ലെങ്കില്‍ സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടത് അനിവാര്യമല്ലെന്ന് അദ്ദേഹം നമുക്കു കാട്ടിത്തന്നു. മറിച്ച് ഭാരതത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനിക്കുന്നവര്‍ക്കും സ്വപ്നങ്ങള്‍ കാണാമെന്നും ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നും വിജയം നേടാമെന്നും കാട്ടിത്തന്നു. ഉവ്വ്, പലരും ഡോ.ബാബാ സാഹബ് അംബേദ്കറെ കളിയാക്കിയിട്ടുമുണ്ട്. അദ്ദേഹത്തെ പിന്നിലാക്കാന്‍ ശ്രമം നടത്തി. ദരിദ്രനും പിന്നാക്ക കുടുംബത്തില്‍ പിറന്നവനുമായവന്‍ മുന്നേറരുത്, ഒന്നുമാകരുത്, ജീവിതത്തില്‍ ഒന്നും നേടരുത് എന്നുറപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ പുതിയ ഭാരതത്തിന്റെ ചിത്രം വേറിട്ടതാണ്. അംബേദ്കറുടെയും ദരിദ്രരുടെയും പിന്നോക്കക്കാരുടെയും ഇന്ത്യയാണ്. ഡോ.അംബേദ്കറുടെ ജന്മജയന്തിയുടെ അവസരത്തില്‍ ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ ഗ്രാമസ്വരാജ് അഭിയാന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഭാരതത്തിലെങ്ങും ഗ്രാമവികസനം, ദരിദ്രക്ഷേമം, സാമൂഹിക നീതി എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിപാടികളുണ്ടാകും. ഈ പരിപാടികളില്‍ ഉത്സാഹത്തോടെ പങ്കെടുക്കണമെന്ന് നിങ്ങളേടവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വരും നാളുകളില്‍ പല ഉത്സവങ്ങളും വരുകയാണ്. ഭഗവാന്‍ മഹാവീരന്റെ ജയന്തി, ഹനുമാന്‍ ജയന്തി, ഈസ്റ്റര്‍, വൈശാഖി. ഭഗവാന്‍ മാഹാവീരന്റെ ജയന്തിനാള്‍ അദ്ദേഹത്തിന്റെ ത്യാഗത്തെക്കുറിച്ചും തപസ്സിനെക്കുറിച്ചും ഓര്‍ക്കേണ്ട നാളാണ്. അഹിംസയുടെ സന്ദേശവാഹകരനായ ഭഗവാന്‍ മഹാവീര്‍ജിയുടെ ജീവിതവും ദര്‍ശനവും നമുക്കേവര്‍ക്കും പ്രേരണയേകും. എല്ലാ ജനങ്ങള്‍ക്കും മഹാവീരജയന്തിയുടെ ശുഭാശംസകള്‍. ഈസ്റ്ററിനെക്കുറിച്ചു പറയുമ്പോള്‍ യേശുക്രിസ്തുവിന്റെ പ്രേരണാദായകമായ ഉപദേശം ഓര്‍മ്മ വരും. അദ്ദേഹം എന്നും ശാന്തിയുടെയും സന്മനോഭാവത്തിന്റെയും ന്യായത്തിന്റെയും ദയയുടെയും സന്ദേശം മനുഷ്യ കുലത്തിന് നല്കി. ഏപ്രിലില്‍ പഞ്ചാബിലും പശ്ചിമ ഭാരതത്തിലും വൈശാഖി ആഘോഷിക്കപ്പെടും. ആ നാളുകളില്‍തന്നെയാണ് ബീഹാറില്‍ ‘ജുഡശീതളും”സത് വായിനും’ ആസാമില്‍ ‘ബിഹൂ’ വും ആഘോഷിക്കുന്നത്. അപ്പോള്‍ പശ്ചിമബംഗാളില് പോയിലാ വൈശാഖിന്റെ ഹര്‍ഷവും ഉല്ലാസവും നിറഞ്ഞുനില്‍ക്കും. ഈ ആഘോഷങ്ങളെല്ലാം ഏതെങ്കിലുമൊക്കെ രീതിയില്‍ നമ്മുടെ കൃഷിയും കൃഷിഭൂമിയുമൊക്കെയായി, അന്നദാതാക്കളുമായി ബന്ധപ്പെട്ടവയാണ്. ഈ ഉത്സവങ്ങളിലൂടെ നാം വിളവായി ലഭിക്കുന്ന വിലമതിക്കാനാവാത്ത ഉപഹാരങ്ങളുടെ പേരില്‍ പ്രകൃതിയോടു നന്ദി പറയുന്നു. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും വരുന്ന എല്ലാ ഉത്സവങ്ങളുടെയും പേരില്‍ ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ നന്ദി.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close