ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേടയാടി കൊന്ന കേസില്‍ സല്മാന് ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജോധ്പൂര്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ജാമ്യാപേക്ഷയില്‍ സല്മാന് പറയുന്നു. മാനുകളെ വേട്ടയാടിയ കേസില്‍ ഇതിനു മുന്‍പും ഹൈക്കോടതി തന്നെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സല്മാന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീലും ഇന്ന് നല്‍കും.
എന്നാല്‍ കേസില്‍ സല്മാന് ജാമ്യം നല്കിയാല് അതിനെതിരെ അപ്പീല്‍ പോകാനാണ് ബിഷ്ണോയ് സമുദായത്തിന്റെ തീരുമാനം. ബിഷ്ണോയ് സമുദായക്കാര്‍ ഏറെ ദിവ്യത്വം കല്‍പ്പിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. 1998ല്‍ സല്മാന് കൃഷ്ണമൃഗത്തെ വെടിവച്ചു കൊന്നത് നേരിട്ടു കണ്ട ഇവര്‍ സല്‍മാനെതിരെ കേസ് കൊടുക്കുകയായിരുന്നു. സല്‍മാനൊപ്പം കേസില്‍ ഉള്‍പ്പെട്ട സെയ്ഫ് അലി ഖാന്, തബു, സൊണാലി ബേന്ദ്ര,നീലം എന്നിവരെയും കോടതി ഇന്നലെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയും ബിഷ്ണോയി വിഭാഗം അപ്പീല്‍ നല്‍കും.