ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപകദിനത്തില്‍ കാര്യകര്‍ത്താക്കളുടെ ത്യാഗത്തെയും അര്‍പ്പണ മനോഭാവത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചത്. 1980 ഏപ്രില്‍ ആറിനാണ് ബിജെപി രൂപീകരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ ദിവസം സ്ഥാപക ദിനമായാണ് ബിജെപി ആഘോഷിക്കുന്നത്.
ബിജെപിക്ക് വോട്ടു ചെയ്ത് ഭരണത്തിലേറ്റിയ എല്ലാ നല്ലവരായ ആളുകളോടും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ നല്ല മാറ്റത്തിനായി തുടര്‍ന്നും അക്ഷീണം പ്രയത്നിക്കുമെന്ന് വാക്കു നല്കി.
ഇന്ത്യയിലെ എല്ലാ സഹോദരീ സഹോദരന്മാരോടും നിങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുകയാണ്. ഇന്ത്യയുടെ മാറ്റത്തിനു വേണ്ടി നമ്മെ തന്നെ സമര്‍പ്പിച്ച്, ഓരോ പ്രവൃത്തിയും ചെയ്യുന്നത് ഇനിയും തുടരണം.
പാര്‍ട്ടിയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്കു വേണ്ടി സംസാരിക്കാനും പ്രധാനമന്ത്രി മറന്നില്ല.
കാര്യകര്‍ത്താക്കളാണ് ബിജെപിക്ക് എല്ലാം. ബിജെപിയുടെ എല്ലാ കാര്യകര്‍ത്താക്കള്‍ക്കും പാര്‍ട്ടിയുടെ സ്ഥാപക ദിനത്തില്‍ ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തുകയാണ്. ബിജെപിക്ക് അടിത്തറ ഉണ്ടാക്കുന്നതില്‍ ഓരോ കാര്യകര്‍ത്താക്കളും ചെയ്ത ത്യാഗങ്ങളെ ഏറെ അഭിമാനത്തോടെയാണ് ഈ നിമിഷം ഓര്‍ക്കുന്നത്. കരുത്തുറ്റതും മികച്ചതുമായ ഒരു ഭാരതത്തിനു വേണ്ടി അവര്‍ അവരെ തന്നെ സമര്‍പ്പിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ ഹൃദയവും മനസുമെല്ലാം അവരാണ്. അവരുടെ വിയര്‍പ്പാണ് പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിച്ചത്. ആ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്ത്യയിലുടനീളമുള്ള ആളുകളെ നമുക്ക് അഭിമാനത്തോടെ സേവിക്കാന്‍ സാധിക്കുന്നത്.
ഇന്ത്യയുടെ നാനാത്വത്തിലും വൈവിധ്യപൂര്‍ണമായ സംസ്കാരത്തിലും അതിലുപരി 125 കോടി ഇന്ത്യക്കാരുടെ ശക്തിയിലും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് നമ്മുടേത്. പ്രധാനമന്ത്രി പറഞ്ഞു.