Special

ഏകാത്മമാനവ ഭാരതം

വായുജിത്

1980 കളുടെ തുടക്കത്തിൽ ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുന്നത് കണ്ടുകൊണ്ടിരിക്കെ രണ്ട് സുഹൃത്തുക്കൾ നടത്തിയ സംഭാഷണം പ്രസിദ്ധമാണ് . നിങ്ങളുടെ പാർട്ടി തോൽക്കുകയാണല്ലോ എന്ന ഒരാളുടെ ചോദ്യത്തിന് ശരിയാണ് തോൽക്കുകയാണ് എന്ന് അപരൻ മറുപടി നൽകി . ഖസാക്കിന്റെ ഇതിഹാസകാരൻ ഒ.വി വിജയനും ബിജെപി നേതാവ് ഒ രാജഗോപാലുമായിരുന്നു ആ സുഹൃത്തുക്കൾ

എന്നെങ്കിലും ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങളുടെ പാർട്ടി അധികാരം പിടിക്കുമോ എന്ന വിജയന്റെ അടുത്ത ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു. “ ഞങ്ങളുടെ പാർട്ടി ഇന്ദ്രപ്രസ്ഥം പിടിക്കും . കാരണം ഗംഗാസമതലത്തിൽ പിറന്നു വീണ ഒന്നും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താതെ പോയിട്ടില്ല “

ആ പ്രവചനം വർഷങ്ങൾക്ക് ശേഷം ഫലിക്കുക തന്നെ ചെയ്തു . ഒന്നിലധികം തവണ ആവർത്തിക്കുകയും ചെയ്തു . അബ് കീ ബാർ അടൽ ബിഹാരിയും അബ് കീ ബാർ മോദി സർക്കാരും ജനങ്ങൾ നെഞ്ചേറ്റിയ മുദ്രാവാക്യങ്ങളായി മാറി . ഹിന്ദുത്വത്തിന്റെ അനന്തസ്ഥലികളിലൂടെ താൻ യാത്ര ചെയ്യുകയാണെന്ന് അവസാനമെഴുതിയ ഒ.വി വിജയൻ അടൽ സർക്കാരിന്റെ ഭരണവും കണ്ടതിനു ശേഷമാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഒ.രാജഗോപാലാകട്ടെ ഇന്ന് കേരള നിയമസഭാംഗവുമാണ്.

സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് മുപ്പത്തെട്ടു വർഷം . 1980 ഏപ്രിൽ ആറിനാണ് ജനതാപാർട്ടിയിൽ നിന്ന് ദ്വയാംഗത്വ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു പോയവർ ബിജെപി രൂപവത്കരിക്കുന്നത്

ഭാരതീയ ജനതാപാർട്ടിയുടെ ആദർശത്തിന്റെ തുടക്കം പക്ഷേ 1980 ൽ ആയിരുന്നില്ല . 1925 ൽ ഡോ കേശവ ബലിറാം ഹെഡ്ഗേവാർ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയവും ആദർശവും കൈമുതലാക്കി 1951 ൽ ആരംഭിച്ച ജനസംഘമാണ് ബിജെപിയുടെ പൂർവസംഘടന .

എഴുത്തോ നിന്റെ കഴുത്തോ എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ച ജനസംഘവും മറ്റ് സോഷ്യലിസ്റ്റ് സംഘടനകളും ചേർന്ന് 1977 ൽ ജനതാപാർട്ടിയുണ്ടായി . എന്നാൽ 1979 ൽ ആർ.എസ്.എസ് അംഗത്വമുള്ളവർ ജനതാപാർട്ടിയിൽ തുടരുന്നതിനെതിരെ പാർട്ടിയിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി . തുടർന്നാണ് വേരുകൾ മറക്കാൻ താത്പര്യമില്ലാത്ത മുൻ ജനസംഘക്കാർ 1980 ഏപ്രിൽ ആറിന് അടൽ ബിഹാരി വാജ്പേയിയുടെ അദ്ധ്യക്ഷതയിൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചത്

മനുഷ്യനെ രാഷ്ട്രത്തിന്റെ ചലനാത്മകമായ അംശമായിക്കണ്ട ഏകാത്മമാനവദർശനം ഭാരതത്തിന്റെ രാഷ്ട്രീയമായി മാറിത്തുടങ്ങിയത് അതിനു ശേഷമാണ് . 1984 ൽ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും വോട്ടിംഗ് ശതമാനത്തിൽ പാർട്ടി രണ്ടാമതെത്തി . 1989 ൽ 85 സീറ്റു നേടിയ പാർട്ടി സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചു . അയോദ്ധ്യ പ്രക്ഷോഭത്തെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസം സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചു

തുടർന്ന് രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിച്ചു . മദ്ധ്യപ്രദേശും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും ഡൽഹിയുമെല്ലാം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായി . 1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തെയും അതിജീവിച്ച് ബിജെപി 120 സീറ്റുകൾ നേടി . കോഴയും കുതിരക്കച്ചവടവും കൊണ്ട് നരസിംഹറാവു സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചപ്പോൾ 1996 ബിജെപിയുടെ വർഷമായി മാറി
161 സീറ്റുകളാണ് 96 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ചത് .

ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിനെത്തുടർന്ന് വാജ്പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാഞ്ഞതിനാൽ 13 ദിവസം കൊണ്ട് സർക്കാരിന് രാജിവെക്കേണ്ടി വന്നു . തുടർന്ന് വന്ന പരീക്ഷണ സർക്കാരുകൾ അല്പായുസ്സായതോടെ 1998 ൽ പുതിയ തെരഞ്ഞെടുപ്പ് നടന്നു . 182 സീറ്റുകളോടെ ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി .

അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി രൂപം കൊണ്ട സർക്കാർ 13 മാസം ഭരിച്ചു . അമേരിക്കയുടെ ഉപരോധത്തെ അതിജീവിച്ച് നടത്തിയ പൊഖ് റാൻ അണുപരീക്ഷണവും കാർഗിലിലെ പാക് ആക്രമണത്തിനു കൊടുത്ത ശക്തമായ മറുപടിയും പാർട്ടിയുടെയും സർക്കാരിന്റേയും യശസ്സുയർത്തി .എ ഐ ഡി എം കെ പിന്തുണ പിൻ വലിച്ചതിനെത്തുടർന്ന് ഭരണം നഷ്ടമായെങ്കിലും 13 മാസത്തെ ഭരണം എൻ ഡി എ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റി.

തുടർന്ന് ഭാരതം കണ്ടത് വ്യത്യസ്തമായ ഭരണ പരിഷ്കാരങ്ങളായിരുന്നു . ഏറ്റവും മികച്ച പാർലമെന്റേറിയനെന്ന് പേരെടുത്ത അടൽ ബിഹാരി വാജ്പേയിയും മികച്ച രാജ്യതന്ത്രജ്ഞനായ ലാൽ കൃഷ്ണ അദ്വാനിയും ദേശീയ ചിന്താധാരയിൽ ഉറച്ചു നിന്ന ഒരുകൂട്ടം ത്യാഗധനരായ നേതാക്കളും ചേർന്നതോടെ എൻ ഡി എ സർക്കാർ ഭാരതത്തിന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര സർക്കാരായി മാറി.

2004 ലും 2009 ലും പരാജയത്തെ അഭിമുഖീകരിച്ചെങ്കിലും പശ്ചിമ ഭാരതത്തിൽ നിന്ന് ദേശീയതലത്തിലേക്കുയർന്നു വന്ന നരേന്ദ്രമോദിയെന്ന പ്രതിഭാധനനിലൂടെ 2014 ൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറി . 282 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ പാർട്ടി, ദേശീയതയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയാണ് നൽകിയത്
പാർട്ടിയും സർക്കാരും ഒറ്റക്കെട്ടോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സർക്കാർ നാലു വർഷം വർഷം തികയ്ക്കാൻ പോകുകയാണ് . ഭാരതത്തിന്റെ ആധുനിക ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന വിജയം നേടിയതിനു ശേഷം നടന്ന മിക്ക നിയമസഭ തെരഞ്ഞെടുപ്പുകളിലും പാർട്ടി ഉജ്ജ്വല വിജയം സ്വന്തമാക്കി . ഡൽഹിയിലും ബിഹാറിലും പഞ്ചാബിലും പരാജയം നേരിട്ടെങ്കിലും മഹാരാഷ്ട്ര , ഹരിയാന , ജാർഖണ്ഡ്, അസം , ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി ഭരണത്തിലേറി .

കഴിഞ്ഞ വർഷം വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭാരതീയ ജനത പാർട്ടി ഒറ്റയ്ക്ക് അധികാരത്തിലേറി . ഒപ്പം മണിപ്പൂരിലും ഗോവയിലും ഉത്തരഖണ്ഡിലും ഭരണത്തിലെത്തി . സഖ്യകക്ഷിയോടൊപ്പം ഭരിച്ച പഞ്ചാബ് മാത്രമാണ് നഷ്ടമായത്.

എന്തിനും ഏതിനും പാശ്ചാത്യ രാജ്യങ്ങളേയും റഷ്യയേയും ചൈനയേയും നോക്കി നിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തെ മാറ്റി നിർത്തി ദേശീയമായ കാഴ്ചപ്പാടുള്ള ഒരു പ്രസ്ഥാനം ഭരണത്തിലേറിയതിന്റെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങി . അതുകൊണ്ട് തന്നെയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച വച്ചത്.

ഇക്കഴിഞ്ഞ മാർച്ചിൽ ചരിത്രം തിരുത്തിക്കുറിച്ച് ഒരു സീറ്റുപോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ആദർശത്തിന്റെ അഗ്നികുണ്ഡങ്ങൾ ജ്വലിപ്പിച്ച് ത്രിപുരയിൽ ബിജെപി അധികാരത്തിലേറി. മറ്റൊരു വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലും ബിജെപി സഖ്യം ഭരണം പിടിച്ചു . ഒരു കാലത്ത് വിഘടന വാദത്തിന്റെ കേന്ദ്രങ്ങളായിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ദേശീയത അതിന്റെ തനിമയോടെ ഉണർന്നുയരുന്നതും ഭാരതം കണ്ടു.

1925 സെപ്റ്റംബർ 27 ന് വിജയദശമി ദിനത്തിൽ നാഗപ്പൂരിൽ മോഹിതെവാഡയിൽ ഡോക്ടർ കേശവ ബലിറാം രൂപം കൊടുത്ത മഹാപ്രസ്ഥാനം മുന്നോട്ടു വച്ച ആശയത്തിലലിഞ്ഞ് ആദർശത്തിലുറച്ച് , ഇരുളടഞ്ഞ ഭൂതകാലത്തിൽ നിന്ന് വൈഭവ പൂർണമായ ഭാവിഭാരതം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായി മുന്നോട്ടു കുതിക്കുകയാണ് ഭാരതീയ ജനത പാർട്ടി. ഒപ്പം ഭാരതവും വൈഭവത്തിലേക്കുള്ള വഴിയിലാണ്.

“പറന്നുയർന്നു ദിവ്യാമൃതവും വഹിച്ചു ഗരുഡസമാനൻ|
വിവേകി ഭാരതമാതാവിൻ തൃപ്പതാകയും കൊണ്ടുയരെ
അതേ പതാകയ്ക്കടിയിൽ ഭാരതമൊരേ സ്വരത്തിൽ പാടീ
തളർന്ന പാരിന് ‌താങ്ങായ് നിൽക്കാനിതൊറ്റ മന്ത്രം മാത്രം“

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close