Special
ഇന്ന് വിഷു

ഇന്ന് വിഷു. കാലത്തിന്‍റെ കുത്തൊഴുക്കിൽ ആചാരാനുഷ്ഠാനങ്ങൾ പലതിനും മാറ്റം വന്നുവെങ്കിലും, സംസ്കാരത്തിലധിഷ്ഠിതമായ വിഷു ആഘോഷങ്ങൾക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. മനസ് നിറയെ പ്രതീക്ഷകളും, കാർഷിക സമൃദ്ധിയുടെ സ്മരണകളും പുതുക്കി മലയാളികൾ പുലർച്ചെ തന്നെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പുത്തൻ പ്രതീക്ഷകൾ കണികാണുകയുമുണ്ടായി.
നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്.
കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ. നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കൾ. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.
കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികൾക്ക് കോടി മുണ്ട് പോലെ പുത്തനാണ്. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ.
എല്ലാ മലയാളികൾക്കും ജനം ടിവിയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
Post Your Comments