ഹവാന: ക്യൂബയുടെ പ്രസിഡന്റായി മിഗ്വല്‍ ഡിയാസ് കാനല്‍ ചുമതലയേറ്റു. ക്യൂബന്‍ നാഷണല്‍ അസംബ്ലിയാണ് മിഗ്വലിനെ തിരഞ്ഞെടുത്തത്. അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ എതിരില്ലാതെയാണ് ഡിയാസ് തിരഞ്ഞെടുക്കപ്പെട്ടത്. ആറു പതിറ്റാണ്ടിനു ശേഷമാണ് കാസ്ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃ പദവിയേല്‍ക്കുന്നത്.
1976ല്‍ ഫിദല്‍ കാസ്ട്രോ പുതിയ ഭരണഘടനയുണ്ടാക്കിയതിനുശേഷം പ്രസിഡന്റാകുന്ന ആദ്യ സാധാരണപൗരനാണ് മിഗ്വല്‍. 2013 മുതല്‍ നാഷണല്‍ അസംബ്ലി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റൗള്‍ കാസ്ട്രോയുടെ ഉറ്റ അനുയായികൂടിയാണ് മിഗ്വല്‍ ഡിയാസ്.
1959ലെ ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഫിഡല്‍ കാസ്ട്രോ അസുഖബാധിതനായതിനെ തുടര്‍ന്നാണ് സഹോദരനായ റൗള്‍ കാസ്ട്രോ 2006ല്‍ അധികാരമേറ്റത്. 60 വര്‍ഷത്തോളമാണ് ഇരുവരും ചേര്‍ന്ന് ക്യൂബയെ ഭരിച്ചത്. അധികാരമൊഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ തലപ്പത്ത് റൗള്‍ തുടരും.