ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.
കേന്ദ്ര കമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും ധാരണയായി. 17 അംഗ പോളിറ്റ് ബ്യൂറോയേയും തിരഞ്ഞെടുത്തു. എസ്.രാമചന്ദ്രന് പിള്ള പോളിറ്റ് ബ്യൂറോയില്‍ തുടരും. കേരളത്തില്‍ നിന്ന് എം.വി ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതിയതായി കേന്ദ്രകമ്മിറ്റിയിലുണ്ട്. മുതിര്‍ന്ന അംഗം പി.കെ ഗുരുദാസനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 95 അംഗ പാനലിനും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്കി.