ജയ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് ആശാറാം ബാപ്പുവും നാലു പ്രതികളും കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ കോടതി വിധിച്ചു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി ആശാറാം ബാപ്പു ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് വിധി. പോക്സോ വകുപ്പുകളില്‍ ഉള്‍പ്പടുത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്.
അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് വിധിപ്രസ്താവം നടത്തിയത്. അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ആശാറാം കുറ്റക്കാരനാണെന്ന വിധി വരുന്നത്. ഇതിനിടയില്‍ പധാനസാക്ഷികളായ മൂന്ന് പേര് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍.