ലക്നൗ: പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ വീട്ടില്‍ പാചകക്കാരനായി നിന്ന വ്യക്തി ഐഎസ്ഐക്കു വേണ്ടി വിവരം ചോര്‍ത്തിയതായി കണ്ടെത്തി. വിഷയത്തില്‍ ഉത്തരാഖണ്ടിലെ പിത്തോരാഘര്‍ ഗരളി സ്വദേശിയായ രമേശ് സിങിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഐഎസ്ഐക്ക് വേണ്ടി പല നിര്‍ണായക വിവരങ്ങളും ഇയാള്‍ കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തോളം രമേശ് ഈ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു.
യുപിയിലെ ഭീകര വിരുദ്ധ സ്ക്വാഡും മിലിട്ടറി ഇന്റലിജന്‍സും ഉത്തരാഖണ്ട് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി പിത്തോരാഘറിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കര്‍ഷകനായിരുന്ന രമേശിന് ഒരു ബന്ധുവാണ് പാകിസ്ഥാനിലെ പാചകക്കാരന്റെ ഒഴിവിനെ കുറിച്ച് അറിയിക്കുന്നത്. 2015 പകുതിയോടെ ഇവിടെയെത്തിയ രമേശ് 2017 വരെ പാകിസ്ഥാനില്‍ ജോലി ചെയ്തു. ഇതിനിടെയാണ് ഐഎസ്ഐയുമായി ബന്ധത്തിലാവുന്നത്. നയതന്ത്രജ്ഞന്റെ വീട്ടില്‍ നിന്നും വിവരങ്ങള്‍ നല്കുകയാണെങ്കില് പണം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്. വീട്ടില്‍ നിന്നും ഉദ്യോഗസ്ഥന്റെ ഡയറിയും മറ്റ് പല നിര്‍ണായക രേഖകളും ഇയാള്‍ ഐഎസ്ഐക്ക് കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
2017ല്‍ രമേശ് തിരികെ ഇന്ത്യയിലെത്തി. എന്നാല്‍ ഇയാള്‍ ഐഎസ്ഐയുടെ പക്കല്‍ നിന്നും എത്ര രൂപ ലഭിച്ചു എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ പറഞ്ഞു.