IndiaSpecial

പ്രധാനമന്ത്രിയുടെ മൻ കി ബാത് പൂർണരൂപം

മെയ്‌ 27, 2018

നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും നാവികസേനയുടെ ആറ് മഹിളാ കാമാണ്ടര്‍മാരുടെ ഒരു സംഘം കഴിഞ്ഞ ഏതാനും മാസങ്ങളായി സമുദ്രത്തില്‍ യാത്ര ചെയ്യുകയായിരുന്നു. നാവികാ സാഗര്‍ പരിക്രമ – അതെ, ഞാന്‍ അവരെക്കുറിച്ചു ചിലതു പറയാനാഗ്രഹിക്കുന്നു.

ഭാരതത്തിന്റെ ഈ 6 പുത്രിമാര്‍, അവരുടെ ഈ സംഘം, ഇരുന്നൂറ്റിയമ്പതു ദിവസത്തിലധികം സമുദ്രത്തില്‍ ഐഎന്‍എസ്‌വി തരിണിയില്‍ ലോകം ചുറ്റിയിട്ട് മെയ് 21 ന് ഭാരതത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. രാജ്യം മുഴുവന്‍ അവരെ ഉത്സാഹത്തോടെ സ്വാഗതം ചെയ്തു. അവര്‍ വിവിധ മഹാസമുദ്രങ്ങളും പല സമുദ്രങ്ങളും വഴി യാത്ര ചെയ്ത് ഏകദേശം ഇരുപത്തിരണ്ടായിരം നോട്ടിക്കല്‍ മൈലുകള്‍ താണ്ടി. ഇത് ലോകത്തില്‍ ആദ്യത്തെ സംഭവമാണ്. കഴിഞ്ഞ ബുധനാഴ്ച എനിക്ക് ഈ പുത്രിമാരെ കാണാനുള്ള, അവരുടെ യാത്രാനുഭവങ്ങള്‍ കേള്‍ക്കാനുള്ള അവസരം കിട്ടി. ഒരിക്കല്‍ കൂടി ആ പുത്രിമാരുടെ സാഹസത്തെ, നാവികസേനയുടെ കീര്‍ത്തി വര്‍ധിപ്പിക്കാന്‍, ഭാരതത്തിന്റെ മാനാഭിമാനങ്ങള്‍ വര്‍ധിപ്പിക്കാന്‍, വിശേഷിച്ചും ഭാരതപുത്രിമാര്‍ ഒട്ടും മോശക്കാരല്ലെന്ന് ലോകത്തെ അറിയിച്ചതിന് ഞാന്‍ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നു.

സാഹസികത ആര്‍ക്കാണില്ലാത്തത്. നാം മനുഷ്യകുലത്തിന്റെ വികാസയാത്ര ശ്രദ്ധിച്ചാല്‍ ഏതെങ്കിലുമൊരു സാഹസത്തിന്റെ ഗര്‍ഭത്തില്‍ നിന്നാണ് പുരോഗതി പിറന്നിട്ടുള്ളതെന്നു കാണാം. വികസനം സാഹസത്തിന്റെ മടിയിലാണു പിറക്കുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള നിശ്ചയം, പൊതുപാതയില്‍ നിന്ന് വിട്ട് പ്രവര്‍ത്തിക്കാനുള്ള തീരുമാനം, അസാധാരണമായി എന്തെങ്കിലും ചെയ്യാനുള്ള ചിന്ത, എനിക്ക് എന്തും ചെയ്യാനാകും തുടങ്ങിയ ചിന്താഗതികള്‍ ഉള്ളവര്‍ കുറവായിരിക്കാമെങ്കിലും, യുഗങ്ങളായി, കോടാനുകോടി ആളുകള്‍ക്ക് അങ്ങനെയുള്ളവര്‍ പ്രേരണയാകുന്നു. കഴിഞ്ഞ ദിവസം എവറസ്റ്റ് പര്‍വ്വതത്തില്‍ കയറുന്നവരെക്കുറിച്ച് പുതിയ പുതിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടു… നൂറ്റാണ്ടുകളോളം എവറസ്റ്റ് മനുഷ്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു, ധീരന്മാര്‍ ആ വെല്ലുവിളി സ്വീകരിച്ചും പോന്നു.

മെയ് 16 ന് മഹാരാഷ്ട്ര ചന്ദ്രപൂരിലുള്ള ഒരു ആശ്രമസ്‌കൂളിലെ 5 ആദിവാസി കുട്ടികള്‍, മനീഷാ ധ്രുവേ, പ്രമേശ് ആലേ, ഉമാകാന്ത മഡവി, കവിദാസ് കാത്‌മോഡേ, വികാസ് സോയാം എന്നിവര്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയിലേക്ക് കയറി. ആശ്രമസ്‌കൂളിലെ ഈ കുട്ടികള്‍ 2017 ആഗസ്റ്റ് ന് പരിശീലനം ആരംഭിച്ചു. വര്‍ധാ, ഹൈദരാബാദ്, ഡാര്‍ജിലിംഗ്, ലേ, ലഡാഖ് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചു. ഈ യുവാക്കളെ മാഷിന്‍ ശൗര്യയുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെട്ടു. പേരിന് അനുരൂപമായി എവറസ്റ്റ് കീഴടക്കി അവര്‍ രാജ്യത്തിനാകെ അഭിമാനമേകി. ഞാന്‍ ചന്ദ്രപൂര്‍ സ്‌കൂളുമായി ബന്ധപ്പെട്ടവര്‍ക്ക്, ഈ ചെറിയ കുട്ടുകാര്‍ക്ക്, ഹൃദയപൂര്‍വ്വം ആനേകം ആശംസകള്‍ നേരുന്നു. ഈ അടുത്ത സമയത്താണ് 16 വയസ് പ്രായമുള്ള ശിവാംഗി പാഠക്, നേപ്പാളില്‍ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭാരതീയ പെണ്‍കുട്ടിയായത്. ശിവാംഗി മോള്‍ക്കും അനേകം ആശംസകള്‍.

അജിത് ബജാജും അദ്ദേഹത്തിന്റെ മകള്‍ ദിയയും എവറസ്റ്റ് കയറുന്ന ആദ്യത്തെ അച്ഛനും മകളുമായി. യുവാക്കള്‍ മാത്രമേ എവറസ്റ്റ് കയറൂ എന്നില്ല. സംഗീതാ ബഹല്‍ മെയ് 19 ന് എവറസ്റ്റില്‍ കയറി. സഗീതാ ബഹലിന്റെ പ്രായം 50 ലധികമാണ്. എവറസ്റ്റില്‍ കയറുന്ന ചിലര്‍ കാട്ടിത്തന്നത് അവര്‍ക്ക് നൈപുണ്യം മാത്രമല്ല, അവര്‍ സംവേദനക്ഷമതയുള്ളവരും ആണെന്നാണ്. കഴിഞ്ഞ ദിവസം സ്വച്ഛ ഗംഗാ അഭിയാന്‍ പ്രകാരം ബിഎസ്എഫിന്റെ ഒരു സംഘം എവറസ്റ്റില്‍ കയറി എന്നു മാത്രമല്ല, ആ സംഘം എവറസ്റ്റിലെ സകലമാന മാലിന്യങ്ങളും താഴേക്കു കൊണ്ടുവരുകയും ചെയ്തു. ഇത് പ്രശംസനീയമായ കാര്യമാണ് അതോടൊപ്പം ഇത് ശുചിത്വത്തോടുള്ള, പരിസ്ഥിതിയോടുള്ള അവരുടെ പ്രതിബദ്ധതകൂടിയാണ് കാട്ടിത്തരുന്നത്. വര്‍ഷങ്ങളായി ആളുകള്‍ എവറസ്റ്റില്‍ കയറുന്നു. അത് വിജയപ്രദമായി പൂര്‍ത്തികരിച്ചവര്‍ ഏറെയുണ്ട്. ഞാന്‍ സാഹസികളായ ആ വീരര്‍ക്കെല്ലാം, വിശേഷിച്ചും പുത്രിമാര്‍ക്കെല്ലാം ഹൃദയപൂര്‍വ്വം അസംഖ്യം ആശംസകള്‍ നേരുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വിശേഷിച്ചും യുവാക്കളേ, രണ്ടു മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ ഫിറ്റ് ഇന്ത്യയുടെ കാര്യം പറഞ്ഞപ്പോള്‍ അതിന് ഇത്രത്തോളം നല്ല പ്രതികരണമുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. എല്ലാ മേഖലകളിലുമുള്ള അസംഖ്യം ആളുകള്‍ അതിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വന്നു. ഫിറ്റ് ഇന്ത്യയുടെ കാര്യം പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് നാം എത്രത്തോളം കളിക്കുമോ അത്രയ്ക്ക് രാജ്യം കളിക്കും എന്നാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആളുകള്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ വീഡിയോ ഷെയര്‍ ചെയ്യുന്നു. അതില്‍ പരസ്പരം ടാഗ് ചെയ്ത് അവരെ വെല്ലുവിളിക്കുന്നു. ഈ ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ എല്ലാവരും ചേര്‍ന്നിരിക്കുന്നു. സിനിമാ മേഖലയിലുള്ളവരും, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടവരും, രാജ്യത്തെ സാധാരണ ജനങ്ങളും, സൈന്യത്തിലെ ജവാന്മാരും, സ്‌കൂളിലെ അധ്യാപകരും ഇതില്‍ പങ്കുചേര്‍ന്നു, നാലുപാടു നിന്നും അതിന്റെ മുഴക്കം കേള്‍ക്കുന്നു. നാം ഫിറ്റെങ്കില്‍ ഇന്ത്യയും ഫിറ്റ്… ഭാരതീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നെയും വെല്ലുവിളിച്ചിരിക്കയാണ്, ഞാന്‍ അദ്ദേഹത്തിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കയുമാണ്. ഇത് നല്ല കാര്യമാണ്. ഇതുപോലുള്ള വെല്ലുവിളി നമ്മെ ഫിറ്റാക്കിവയ്ക്കുന്നതിനൊപ്പം മറ്റുള്ളവരെയും ഫിറ്റായിരിക്കാന്‍ പ്രോത്സാഹിപ്പിക്കും.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, മന്‍ കീ ബാത്തില്‍ പല പ്രാവശ്യം കളികളെക്കുറിച്ച്, കളിക്കാരെക്കുറിച്ച്, എന്തെങ്കിലുമൊക്കെ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ നായകര്‍ ഈ പരിപാടിയിലൂടെ നമ്മോടു സംസാരിച്ചു.

‘നമസ്‌കാരം സര്‍! ഞാന്‍ നോയിഡയില്‍ നിന്ന് ഛവി യാദവ് ആണു സംസാരിക്കുന്നത്. ഞാന്‍ അങ്ങയുടെ മന്‍ കീ ബാത് നിരന്തരം കേള്‍ക്കുന്ന ആളാണ്. ഇന്നു ഞാന്‍ അങ്ങയോട് എന്റെ മന്‍ കീബാത് പറയാനാഗ്രഹിക്കുന്നു. ഇപ്പോള്‍ വേനലവധി ആരംഭിച്ചിരിക്കയാണ്. കുട്ടികള്‍ അധികസമയവും ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുന്നതാണു ഞാന്‍ കാണുന്നത്. അതില്‍ ഗെയിംസ് കളിച്ച് സമയം കളയുന്നു. നാം കുട്ടികളായിരുന്നപ്പോള്‍ പരമ്പരാഗത കളികള്‍ അധികവും, ഔട്ട് ഡോര്‍ ഗെയിംസ് ആണ് കളിച്ചിരുന്നത്. അതില്‍ ഒരു കളിയുണ്ടായിരുന്നു. 7 കല്ലിന്റെ കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ച് അതില്‍ എറിയുന്ന കളി, കിളിത്തട്ട്, ഖോഖോ തുടങ്ങിയവയെല്ലാം. എല്ലാം ഇന്ന് ഇല്ലാതെയായെന്ന പ്രതീതിയാണ്. അങ്ങ് പുതിയ തലമുറയ്ക്ക് ചില പരമ്പരാഗത കളികളെക്കുറിച്ച് പറഞ്ഞുകൊടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അവരുടെ താത്പര്യവും അവയിലേക്കു തിരിയട്ടെ, നന്ദി.’

ഛവി യാദവ്ജീ, ഫോണില്‍ വിളിച്ചതിന് വളരെയേറെ നന്ദി. പണ്ട് ഓരോ തെരുവിലും കളിച്ചിരുന്ന, എല്ലാ കുട്ടികളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്ന കളികള്‍ ഇന്ന് കുറഞ്ഞു വരുന്നു എന്നത് സത്യമാണ്. ഈ കളികള്‍ വിശേഷിച്ചും വേനവലധിക്കാലത്തിന്റെ ഭാഗംതന്നെയായിരുന്നു. ചിലപ്പോഴൊക്കെ ഉച്ചതിരിഞ്ഞ്, ചിലപ്പോള്‍ രാത്രിയില്‍, അത്താഴത്തിനുശേഷം യാതൊരു വേവലാതിയുമില്ലാതെ തീര്‍ത്തും മനസ്സമാധാനത്തോടെ കുട്ടികള്‍ മണിക്കൂറുകളോളം കളിക്കാറുണ്ടായിരുന്നു. കബഡിയും, കുട്ടിയും കോലും, കുറ്റിപ്പന്തും തുടങ്ങി എത്രയോ കളികള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കച്ച് മുതല്‍ കാമരൂപ് വരെ എല്ലാവരുടെയും കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു. പല പല സ്ഥലങ്ങളില്‍ പല പേരുകളിലുള്ള കളികളായിരുന്നിരിക്കാം. ഉദാഹരണത്തിന് കുറ്റിപ്പന്ത് പലയിടങ്ങളില്‍ പല പേരുകളിലാണ് കളിച്ചിരുന്നത്. കുഴിപ്പന്ത്, കുറ്റിപ്പന്ത്, പന്തേറ് തുടങ്ങി പന്തുകൊണ്ടുള്ള കളിക്ക് എത്രയോ പേരുകള്‍… പരമ്പരാഗതമായ കളികളില്‍ രണ്ടു തരത്തിലുള്ള കളികളുണ്ട്. പുറത്ത് കളിക്കുന്നതും വീട്ടിനുള്ളില്‍ കളിക്കുന്നതും. ഔട്ട്‌ഡോറും, ഇന്‍ഡോറും. നമ്മുടെ രാജ്യത്തെ വൈവിധ്യത്തിനു പിന്നിലുള്ള ഏകത ഈ കളികളിലും കാണാവുന്നതാണ്.

ഒരേ കളി വിവിധ സ്ഥലങ്ങളില്‍ വെവ്വേറെ പേരുകളില്‍ അറിയപ്പെടുന്നു. ഞാന്‍ ഗുജറാത്തില്‍ നിന്നാണ്. ഗുജറാത്തിലെ ഒരു കളി ചോമല്‍-ഇസ്‌തോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് കവടി, അല്ലെങ്കില്‍ പുളിങ്കുരു, അല്ലെങ്കില്‍ പകിട ഉപയോഗിച്ച് 8:8 വലിപ്പത്തിലുള്ള ചതുരബോര്‍ഡുപയോഗിച്ചാണൂ കളിക്കുന്നത്. ഈ കളി മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കളിച്ചിരുന്നു. കര്‍ണാടകത്തില്‍ ഇതിനെ ചൗകാബാരാ എന്നു പറഞ്ഞിരുന്നു മധ്യപ്രദേശില്‍ അത്തു എന്നും. കേരളത്തില്‍ പകിടകളി, മഹാരാഷ്ട്രയില്‍ ചമ്പല്‍ എന്നാണെങ്കില്‍ തമിഴ്‌നാടില്‍ ദായം കളി അല്ലെങ്കില്‍ തായം കളി എന്നും വിളിച്ചിരുന്നു. രാജസ്ഥാനില്‍ ചംഗാപോ എന്നിങ്ങനെ എത്രയോ പേരുകള്‍… എന്നാല്‍ കളിക്കുമ്പോള്‍ മനസ്സിലാകും, എല്ലാ രാജ്യത്തിലെ ആളുകള്‍ക്കും ഭാഷ അറിയില്ലെങ്കിലും, ആഹാ,.. ഈ കളി ഞങ്ങളും കളിക്കാറുണ്ടല്ലോ എന്നു പറഞ്ഞുപോകും. കുട്ടിക്കാലത്ത് കുട്ടിയും കോലും കളിക്കാത്തവര്‍ ആരുണ്ടാകും. കുട്ടിയും കോലും ഗ്രാമങ്ങളിലും നഗരങ്ങളിലും കളിച്ചിരുന്ന കളിയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് വിവിധ പേരുകള്‍ വിളിച്ചിരുന്നു. ആന്ധ്ര പ്രദേശില്‍ ഇതിനെ ഗോടിബില്ലാ അല്ലെങ്കില്‍ കര്‍രാ ബില്ലാ എന്നു വളിച്ചിരുന്നു. ഒഡിശയില്‍ ഗുലിബാഡി എന്നു പറയുന്നു. മഹാരാഷ്ട്രയില്‍ വിത്തിഡാലൂ എന്നു പറയുന്നു. ചില കളികള്‍ക്ക് അവയുടേതായ കാലാവസ്ഥയുണ്ട്, സീസണ്‍..! പട്ടം പറപ്പിക്കാന്‍ സീസണുള്ളതുപോലെ. എല്ലാവരും പട്ടം പറപ്പിക്കുമ്പോള്‍, എല്ലാവരും കളിക്കൂമ്പോള്‍ നമ്മിലുള്ള വേറിട്ട ഗുണഗണങ്ങള്‍ യാതൊരു മടിയുമില്ലാതെ പ്രകടിപ്പിക്കുവാനാകുന്നു. പല കുട്ടികളും, വളരെ കുസൃതികളാകുന്നത് നാം കണ്ടിട്ടുണ്ടാകും. അവരുടെ വ്യക്തിത്വം സ്വയം പ്രകടമാകുന്നു. വലിയവര്‍ ഗൗരവക്കാരായി കാണപ്പെടും, എന്നാല്‍ കളിക്കുമ്പോള്‍ അവരില്‍ ഒളിച്ചിരിക്കുന്ന കുട്ടിത്തം പുറത്തുവരുന്നു.

പരമ്പാരഗത കളികള്‍ ശാരീരികമായ കഴിവിനൊപ്പം നമ്മുടെ യുക്തിപരമായ ചിന്താശേഷി, ഏകാഗ്രത, ജാഗരൂകത, സ്ഫൂര്‍ത്തി തുടങ്ങിയവയെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. കളികള്‍ വെറും കളികള്‍ മാത്രമല്ല, അവ ജീവിതമൂല്യങ്ങളും പഠിപ്പിക്കുന്നു. ലക്ഷ്യം നിശ്ചയിക്കുക, ശക്തി നേടുക, ടീംസ്പിരിറ്റ് -കൂട്ടായബോധം – ഉണ്ടാക്കുക, പരസ്പര സഹകരണം എങ്ങനെ, തുടങ്ങിയവ. ബിസിനസ് മാനേജമെന്റുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയിലും സമഗ്ര വ്യക്തിത്വ വികസനം (ഓവറോള്‍ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്) അന്തര്‍വ്യക്തിത്വ നൈപുണ്യം (ഇന്റര്‍ പേഴ്‌സണല്‍ സ്‌കില്‍സ്) വര്‍ധിപ്പിക്കുന്നതിന് നമ്മുടെ പരമ്പരാഗത കളികള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നു എന്നു കണ്ടു. നിഷ്പ്രയാസം വ്യക്തിയുടെ സമഗ്ര വികസനത്തിന് നമ്മുടെ കളികള്‍ പ്രയോജനപ്പെടുന്നു. ഇതിനുമപ്പുറം ഈ കളികള്‍ കളിക്കുന്നതിന് പ്രായം ഒരു പ്രശ്‌നമേയല്ല. കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍, അമ്മൂമ്മ, തുടങ്ങിയവരെല്ലാം കളിക്കുമ്പോള്‍ ഇപ്പോള്‍ പറയുന്ന ജനറേഷന്‍ ഗ്യാപില്ലേ അതിന്റെ പൊടിപോലും കാണാനുണ്ടാവില്ല. അതോടൊപ്പം നാം നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൂടി അറിയുന്നു. പല കളികളും നമ്മെ സമൂഹത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ജാഗരൂകരാക്കുന്നു. നമ്മുടെ ഈ കളി ഇല്ലാതെയായിപ്പോവില്ലേ എന്നു ചിലപ്പോള്‍ ആശങ്ക തോന്നും, കളിമാത്രമല്ല ഇല്ലാതെയാകുന്നത്, കുട്ടിത്തം തന്നെ ഇല്ലാതെയാകും…

അതുകൊണ്ട് ഈ പരമ്പരാഗത കളികള്‍ നാം നഷ്ടപ്പെടുത്തരുത്. ഇന്ന് സ്‌കൂളുകളിലും ഗ്രാമങ്ങളിലും യുവജനസംഘങ്ങള്‍ മുന്നോട്ടുവന്ന് ഈ കളിയെ പ്രോത്സാഹിപ്പിക്കണം. ആളുകളെ വിളിച്ചുകൂട്ടി നമുക്ക് നമ്മുടെ പരമ്പരാഗത കളികളുടെ ഒരു വലിയ ചരിത്രശേഖരം ഉണ്ടാക്കാനാകും. ഈ കളികളുടെ വീഡിയോ ഉണ്ടാക്കാം. ഇതില്‍ കളികളുടെ നിയമം, കളിക്കുന്ന രീതികള്‍ എന്നിവയെക്കുറിച്ചു കാണിക്കാം. ആനിമേഷന്‍ സിനിമകള്‍ ഉണ്ടാക്കാം. അതിലൂടെ തെരുവുകളിലെ കളികളെ ആശ്ചര്യത്തോടെ കാണുന്ന നമ്മുടെ പുതിയ തലമുറ ഇതുകാണും, കളിക്കും, സ്വയം വികസിക്കും അവര്‍.

പ്രിയപ്പെട്ട ജനങ്ങളേ, വരുന്ന ജൂണ്‍ 5ന് നമ്മുടെ രാജ്യം രീതിയില്‍ ലോക പരിസ്ഥിതി ദിനത്തിന് ആധികാരികമായ ആതിഥ്യം വഹിക്കും. ഇത് ഭാരതത്തിന്റെ മഹത്തായ നേട്ടമാണ്. ഇത് കാലാവസ്ഥാ വ്യതിയാനം കുറക്കുന്ന കാര്യത്തില്‍ ലോകത്തില്‍ ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന നേതൃത്വത്തിന് അംഗീകാരം ലഭിക്കുന്നു എന്നാണ് കാട്ടിത്തരുന്നത്. ഇപ്രാവശ്യത്തെ തീം, പ്ലാസ്റ്റിക് മാലിന്യത്തെ പരാജയപ്പെടുത്തുക – ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ – എന്നതാണ്. ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിക്കുന്നു, ഈ തീമിന്റെ വികാരത്തെ, ഇതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കി പോളിത്തീന്‍, കുറഞ്ഞ നിലവാരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പ്രകൃതിയുടെ മേല്‍, വന്യജീവജാലങ്ങളുടെ മേല്‍, നമ്മുടെ

ആരോഗ്യത്തിന്മേലുണ്ടാകുന്ന പ്രതിലോമ സ്വാധീനം കുറയ്ക്കുവാന്‍ നമുക്കു ശ്രമിക്കാം. ലോക പരിസ്ഥിതി ദിനത്തിന്റെ വെബ്‌സൈറ്റ് wed-india2018 ല്‍ വളരെ ആകര്‍ഷകമായ രീതിയില്‍ കൊടുത്തിരിക്കുന്ന വളരെയേറെ അഭിപ്രായങ്ങള്‍ കാണുക, അറിയുക, അവ ദൈനംദിന ജീവത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. ഭയങ്കര ചൂടുണ്ടാകുമ്പോള്‍, മഴ അവസാനിക്കാതെ പെയ്യുമ്പോള്‍, അസഹ്യമായ തണുപ്പുണ്ടാകുമ്പോള്‍ എല്ലാവരും വിദഗ്ധരെപ്പോലെ ഗ്ലോബല്‍ വാമിംഗ്, ക്ലൈമറ്റ് ചേഞ്ചിംഗ് എന്നെല്ലാം പറഞ്ഞു തുടങ്ങും. എന്നാല്‍ വെറുതെ പറഞ്ഞതുകൊണ്ട് കാര്യം നടക്കുമോ? പ്രകൃതിയോട് സംവേദനയോടെ പെരുമാറുക, പ്രകൃതിയെ കാത്തുരക്ഷിക്കുക, എന്നത് നമ്മുടെ സ്വഭാവമാകണം. നമ്മുടെ സംസ്‌കാരത്തില്‍ അത് അലിഞ്ഞു ചേരണം. കഴിഞ്ഞ ചില ആഴ്ചകളില്‍ നാമെല്ലാം രാജ്യത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ കാലാവസ്ഥയ്ക്കു ചേരാത്തവിധം പൊടിക്കാറ്റ് വീശുന്നതും, കൊടുങ്കാറ്റിനൊപ്പം പെരുമഴ പെയ്യുന്നതും കണ്ടു. ജീവനും സ്വത്തിനും നാശമുണ്ടായി. ഇതെല്ലാം അടിസ്ഥാനപരമായി കാലാവസ്ഥാ വ്യതിയാനമാണ്, അതിന്റെ പരിണതിയാണ്. നമ്മുടെ സംസ്‌കാരം, നമ്മുടെ പാരമ്പര്യം നമ്മെ പ്രകൃതിയോടു പോരാടാനല്ല പഠിപ്പിച്ചത്. നമുക്ക് പ്രകൃതിയോട് സൗഹാര്‍ദ്ദത്തോടെ കഴിയണം, പ്രകൃതിയോടു ചേര്‍ന്നു നാം കഴിയണം.

മഹാത്മാഗാന്ധി ജീവിതത്തിലെങ്ങും, എല്ലാ ചുവടുവെയ്പ്പിലും ഇതിനുവേണ്ടി വാദിച്ചു. ഇന്ന് ഭാരതം കാലവസ്ഥാ ന്യായത്തെക്കുറിച്ചു പറയുന്നു, ഭാരതം cop21 പാരീസ് ഉടമ്പടിയില്‍ പ്രമുഖ പങ്കു വഹിച്ചു. നാം അന്താരാഷ്ട്ര സോളാര്‍ അലയന്‍സിലൂടെ ലോകത്തെ ഒന്നിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ മഹാത്മാഗാന്ധിയുടെ ആ സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള ചിന്താഗതിയാണുണ്ടായിരുന്നത്. ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് നമ്മുടെ ഗ്രഹത്തെ സ്വച്ഛവും ഹരിതാഭവുമായി നിലനിര്‍ത്താന്‍ എന്തു ചെയ്യാനാകും എന്നു ചിന്തിക്കുക. എങ്ങനെയാണ് ഈ കാര്യത്തില്‍ മുന്നേറാനാകുക? പുതുമയുള്ളതായി എന്തു ചെയ്യാനാകും? മഴക്കാലം വരുകയായി. ഇപ്രാവശ്യം റെക്കോര്‍ഡ് വൃക്ഷം നടീല്‍ നടത്തുമെന്നു തീരുമാനിക്കാം. വൃക്ഷം നട്ടാല്‍ മാത്രം പോരാ അത് വളര്‍ന്നു വലുതാകുന്നതു വരെ അതിന്റെ പരിരക്ഷയ്ക്കുള്ള ഏര്‍പ്പാടും ചെയ്യണം.

പ്രിയപ്പെട്ട ദേശവാസികളേ, വിശേഷിച്ചും എന്റെ യുവസുഹൃത്തുക്കളേ! ജൂണ്‍ 21 നിങ്ങളേവരും ഓര്‍മ്മയില്‍ വയ്ക്കും. നിങ്ങള്‍ മാത്രമല്ല, നാം മാത്രമല്ല, ലോകമാകെയും ജൂണ്‍ 21 ഓര്‍ക്കുന്നു. ലോകം മുഴുവനും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അത് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ആളുകള്‍ മാസങ്ങള്‍ക്കു മുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. ലോകമെങ്ങും 21 ജൂണിന് അന്തര്‍രാഷ്ട്രീയ യോഗ ദിനമാഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്ന് വാര്‍ത്തകള്‍ കിട്ടിക്കഴിഞ്ഞു. ഐക്യത്തിനായി യോഗ – യോഗ ഫോര്‍ യൂണിറ്റി- എന്നത് ലോകം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വീണ്ടും വീണ്ടും മനസ്സിലാക്കുകയാണ്. സംസ്‌കൃതത്തിലെ മഹാനായ കവി ഭര്‍തൃഹരി നുറ്റാണ്ടുകള്‍ക്കു മുമ്പ് ശതകത്രയത്തില്‍ എഴുതിയിരിക്കുന്നു –

ധൈര്യം യസ്യ ക്ഷമാ ച ജനനീ ശാന്തിശ്ചിരം ഗേഹിനീ
സത്യം സൂനുരയം ദയാ ച ഭഗിനീ ഭ്രാതാ മനഃ സംയമഃ.
ശയ്യാ ഭൂമിതലം ദിശോളപി വസനം ജ്ഞാനാമൃതം ഭോജനം
ഏതേ യസ്യ കുടിമ്ബിനഃ വദ സഖേ കാസ്മാദ് ഭയം യോഗിനഃ

നൂറ്റാണ്ടുകള്‍ക്കു മുമ്പു പറഞ്ഞ ഈ കാര്യത്തിന്റെ അര്‍ഥം, പതിവായി യോഗാഭ്യാസം ചെയ്യുന്നതുകൊണ്ട് ചില നല്ല ഗുണങ്ങള്‍ ബന്ധുമിത്രാദികളെപ്പോലെയാകുന്നു. യോഗ ചെയ്യുന്നതുകൊണ്ട് എപ്പോഴും പിതാവിനെപ്പോലെ നമ്മെ കാക്കുന്ന ധൈര്യമുണ്ടാകുന്നു. അമ്മയ്ക്ക് മക്കളോടുള്ളതുപോലെ ക്ഷമയുണ്ടാകുന്നു. മനശ്ശാന്തി നമ്മുടെ സ്ഥിരം മിത്രമാകുന്നു. ഭര്‍തൃഹരി പറയുന്നത് പതിവായി യോഗ ചെയ്യുന്നതുകൊണ്ട് സത്യം നമ്മുടെ മക്കളെപ്പോലെയും ആത്മസംയമനം സഹോദരനെപ്പോലെയും ഭൂമി നമ്മുടെ കിടക്കയും ജ്ഞാനം നമ്മുടെ വിശപ്പടക്കുന്നതുമായി മാറുന്നു. ഈ ഗുണങ്ങളെല്ലാം ആരുടെയെങ്കിലും സുഹൃത്തായാല്‍ യോഗി എല്ലാ തരത്തിലുമുള്ള ഭയത്തിന്മേലും വിജയം നേടുന്നു. യോഗയെന്ന നമ്മുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കാനും ഒരു ആരോഗ്യമുള്ള, സുഖസമൃദ്ധവും നന്മനിറഞ്ഞതുമായ ഒരു രാഷ്ട്രം നിര്‍മ്മിക്കാമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി എല്ലാ ജനങ്ങളോടും അഭ്യര്‍ഥിക്കുന്നു.

പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മെയ് 27 ആണ്. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മദിനമാണ്. പണ്ഡിറ്റ്ജിക്കു പ്രണാമങ്ങള്‍… ഈ മാസത്തിന്റെ ഓര്‍മ്മ മറ്റൊരു വ്യക്തിയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. വീര സവര്‍കര്‍. 1857 മെയ് മാസത്തില്‍ ഭാരതീയര്‍ ഇംഗ്ലീഷുകാര്‍ക്ക് തങ്ങളുടെ ശക്തി കാട്ടിക്കൊടുത്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ ജവാന്മാരും കര്‍ഷകരും തങ്ങളുടെ വീരത കാട്ടിക്കൊണ്ട് അനീതിക്കെതിരെ ഉയര്‍ന്നെണീറ്റു. നാം വളരെ നീണ്ട കാലത്തോളം 1857 ലെ സംഭവങ്ങളെ കേവലം ലഹള അല്ലെങ്കില്‍ ശിപായി ലഹള എന്ന നിലയില്‍ പറഞ്ഞു പോന്നു. വാസ്തവത്തില്‍ ആ സംഭവത്തെ വളരെ വില കുറച്ചു കണക്കാക്കിയെന്നു മാത്രമല്ല, അത് നമ്മുടെ സ്വാഭിമാനത്തെ വെല്ലുവിളിക്കാനുള്ള ശ്രമം കൂടിയായിരുന്നു. 1857 ല്‍ നടന്നത് ലഹളയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ പോരാട്ടമായിരുന്നു എന്ന് വീരസാവര്‍ക്കറാണ് ഭയലേശമില്ലാതെ എഴുതിയത്.

സാവര്‍ക്കറടക്കം ലണ്ടനിലെ ഇന്ത്യാ ഹൗസിലെ വീരന്മാര്‍ ഇതിന്റെ അമ്പതാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ യുദ്ധം നടന്ന അതേ മാസത്തിലായിരുന്ന വീരസാവര്‍ക്കര്‍ ജനിച്ചത് എന്നത് അദ്ഭുതകരമായ യാദൃച്ഛികതയാണ്. സാവര്‍ക്കറുടെ ജീവിതം വൈശിഷ്ട്യങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹം ആയുധത്തിന്റെയും ശാസ്ത്രത്തിന്റെയും ഉപാസകനായിരുന്നു. പൊതുവേ വീര സാവര്‍ക്കറെ അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും പേരിലാണ് അറിയുന്നത്. എന്നാല്‍ അതിനുമപ്പുറം അദ്ദേഹം ഒരു മഹാനായ കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു. അദ്ദേഹം എപ്പോഴും സന്മനോഭാവത്തിനും ഐക്യത്തിനും പ്രാധാന്യം കൊടുത്തു. സാവര്‍ക്കര്‍ജിയെക്കുറിച്ച് വളരെ മികച്ച ഒരു വര്‍ണ്ണന നമ്മുടെ പ്രിയപ്പെട്ട അടല്‍ ബിഹാരി വാജ്‌പേയിജി നിര്‍വ്വഹിച്ചിട്ടുണ്ട്. അടല്‍ ജി പറഞ്ഞു, ‘സാവര്‍ക്കറെന്നാല്‍ തേജസ്, സാവര്‍ക്കറെന്നാല്‍ ത്യാഗം, സാവര്‍ക്കറെന്നാല്‍ തപം, സാവര്‍ക്കറെന്നാല്‍ തത്വം, സാവര്‍ക്കറെന്നാല്‍ തര്‍ക്കം, സാവര്‍ക്കറെന്നാല്‍ യുവത്വം, സാവര്‍ക്കറെന്നാല്‍ ശരം, സാവര്‍ക്കറെന്നാല്‍ ഖഡ്ഗം.’ എത്ര ശരിയായ ചിത്രണമാണ് അടല്‍ജി നിര്‍വ്വഹിച്ചത്. സാവര്‍ക്കര്‍ കവിതയും വിപ്ലവവും ഒരുമിച്ചു കൊണ്ടുനടന്നു. സംവേദനയാര്‍ന്ന കവിയായിരുന്നതിനൊപ്പം സാഹസികനായ വിപ്ലവകാരിയും കൂടിയായിരുന്നു.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ… ഞാന്‍ ടി.വിയില്‍ ഒരു പരിപാടി കാണുകയായിരുന്നു. രാജസ്ഥാനിലെ സീകറിലെ വെറും ചേരിയിലെ നമ്മുടെ ദരിദ്രരായ പുത്രിമാരെക്കുറിച്ച്. നമ്മുടെ പുത്രിമാര്‍, പലപ്പോഴും ചവറുപെറുക്കുന്നതിനും വീടുതോറും തെണ്ടി നടക്കാനും ബാധ്യസ്ഥരായിരുന്നു. ഇന്നവര്‍ തയ്യല്‍ ജോലി പഠിച്ച് ദരിദ്രര്‍ക്ക് അണിയാനുള്ള വസ്ത്രങ്ങള്‍ തയ്ക്കുകയാണ്. ഇവിടത്തെ പുത്രിമാര്‍ ഇന്ന് തങ്ങളുടെയും തങ്ങളുടെ കുടുംബത്തിന്റെയും വസ്ത്രങ്ങള്‍ കൂടാതെ സാധാരണ വസ്ത്രങ്ങള്‍ മുതല്‍ മുന്തിയ വസ്ത്രങ്ങള്‍ വരെ തയ്ക്കുന്നു. അവര്‍ അതോടൊപ്പം നൈപുണ്യവികസന കോഴ്‌സിലും ചേര്‍ന്നിരിക്കുന്നു. നമ്മുടെ ഈ പുത്രിമാര്‍ ഇന്ന് സ്വയം പര്യാപ്തരാണ്. മാന്യമായി തങ്ങളുടെ ജീവിതം നയിക്കുന്നു. തങ്ങളുടെ കുടുംബത്തിന്റെ ശക്തിയായി മാറിയിരിക്കുന്നു. ആശയും വിശ്വാസവും നിറഞ്ഞ നമ്മുടെ ഈ പുത്രിമാര്‍ക്ക് അവരുടെ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി ശുഭാശംസകള്‍ നേരുന്നു. എന്തെങ്കിലും ചെയ്യാനുള്ള ആവേശമുണ്ടെങ്കില്‍ അതിനായി ദൃഢനിശ്ചയമുണ്ടെങ്കില്‍ എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും വിജയം നേടാനാകും. ഇത് കേവലം സീക്കറിലെ കാര്യമല്ല, ഹിന്ദുസ്ഥാന്റെ എല്ലാ മൂലയിലും നിങ്ങള്‍ക്കിതു കാണാനാകും. നിങ്ങള്‍ ചുറ്റുപാടും കണ്ണോടിച്ചാല്‍ ആളുകള്‍ എങ്ങനെയെല്ലാമാണ് പ്രതിബന്ധങ്ങളെ പരാജയപ്പെടുത്തുന്നതെന്നു കാണാനാകും.

ഇപ്പോഴും നാം ഏതെങ്കിലും ചായക്കടയില്‍ പോകുമ്പോള്‍, അവിടത്തെ ചായ ആസ്വദിക്കുമ്പോള്‍, അടുത്തുള്ള ചിലരുമായൊക്കെ ചില ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ നടത്താറുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ ചര്‍ച്ചകള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുമാകാം, സാമൂഹികവുമാകാം, സിനിമയെക്കുറിച്ചുമാകാം, കളികളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമാകാം, രാജ്യത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുമാകാം- ഇതാണു പ്രശ്‌നം.. ഇതിന്റെ പരിഹാരം ഇങ്ങനെയാകാം – ഇങ്ങനെ ചെയ്യണം എന്നെല്ലാം… എന്നാല്‍ പലപ്പോഴും ഈ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഒതുങ്ങുന്നു. എന്നാല്‍ ചിലര്‍, തങ്ങളുടെ പ്രവൃത്തികളിലൂടെ, അധ്വാനത്തിലൂടെ, സമര്‍പ്പണത്തിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ദിശയിലേക്ക് മുന്നേറുന്നു, അത് യാഥാര്‍ഥ്യമാക്കുന്നു. മറ്റുള്ളവരുടെ സ്വപ്നത്തെ തങ്ങളുടേതുപോലെയാക്കുന്നവരും അത് പൂര്‍ത്തീകരിക്കുന്നതിന് സ്വയം സമര്‍പ്പിക്കുന്നവരുമായ ആളുകളുടെ കഥയാണ് ഒഡിഷയിലെ കട്ടക് നഗരത്തിലെ കുടിലില്‍ താമസിക്കുന്ന ഡി.പ്രകാശ് റാവുവിന്റേത്. ഇന്നലെയാണ് എനിക്ക് പ്രകാശ് റാവുവിനെ കാണാനുള്ള സൗഭാഗ്യമുണ്ടായത്. അദ്ദേഹം കഴിഞ്ഞ അഞ്ചു ദശകങ്ങളായി നഗരത്തില്‍ ചായ വില്ക്കുകയാണ്. ഒരു സാധാരണ ചായക്കച്ചവടക്കാരന്‍…

അദ്ദേഹം എഴുപതിലധികം കുട്ടികളുടെ ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രകാശമായിരിക്കുകയാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. അദ്ദേഹം തെരുവിലും ചേരിയിലും ജീവിക്കുന്ന കുട്ടികള്‍ക്കുവേണ്ടി ‘ആശാ-ആശ്വാസന്‍’ എന്ന പേരില്‍ ഒരു സ്‌കൂള്‍ തുറന്നു. ഇതിനായി ഈ ദരിദ്രനായ ചായക്കാരന്‍ തന്റെ വരവിന്റെ അമ്പതു ശതമാനം ധനം ചിലവാക്കുന്നു. ഇദ്ദേഹം സ്‌കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം ഇവയ്ക്കുള്ള ഏര്‍പ്പാടുകളെല്ലാം ചെയ്യുന്നു. ഞാന്‍ ഡി.പ്രകാശ് റാവുവിന്റെ അധ്വാനത്തെയും സമര്‍പ്പണത്തെയും ദരിദ്രരായ കുട്ടികളുടെ ജീവിതത്തിന് പുതിയ ദിശയേകുന്നതിനെയും വളരെയധികം അഭിനന്ദിക്കുന്നു. അദ്ദേഹം അവരുടെ ജീവിതത്തിലെ ഇരുട്ടിനെ ഇല്ലാതെയാക്കിയിരിക്കുന്നു. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്ന വേദവാക്യം ആര്‍ക്കാണറിയാത്തത്. എന്നാല്‍ ഡി.പ്രകാശ്‌റാവു അതു ജീവിച്ചു കാണിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ ജീവിതം നമുക്കേവര്‍ക്കും, സമൂഹത്തിനും രാജ്യത്തിനുമുഴുവനും പ്രേരണയാണ്. നിങ്ങളുടെയും അടുത്തൊക്കെ ഇതുപോലുള്ള അനേകം കാര്യങ്ങള്‍ നടക്കുന്നുണ്ടാകും. അസംഖ്യം സംഭവങ്ങളുണ്ടാകും. വരൂ, നമുക്ക് നന്മയെ പ്രോത്സാഹിപ്പിക്കാം.

ജൂണ്‍ മാസത്തില്‍ മഴയെപ്പോള്‍ വരും എന്നു കാത്തിരുന്നുപോകുന്ന വിധം ചൂടുണ്ടാകും. ഈ കാത്തിരിപ്പിനിടയില്‍ ആകാശത്തിലേക്ക് മഴക്കാറുകള്‍ക്കായി കണ്ണിമ ചലിപ്പിക്കാതെ നോക്കും. കുറച്ചു ദിവസത്തിനുശഷം ചന്ദ്രനെയും കാത്തിരിക്കും. ചന്ദ്രനെ കണ്ടാല്‍ ഈദ് ആഘോഷിക്കാം എന്നായി. റമദാനിനിടയില്‍ ഒരു മാസത്തെ ഉപവാസത്തിനുശേഷം ഈദ്, ആഘോഷത്തിന്റെ തുടക്കത്തിന്റെ പ്രതീകമാണ്. എല്ലാവരും ഈദ് തികഞ്ഞ ഉത്സാഹത്തോടെ ആഘോഷിക്കുമെന്നു കരുതുന്നു. ഈ അവസരത്തില്‍ വിശേഷിച്ച് കുട്ടികള്‍ക്ക് നല്ല സമ്മാനങ്ങള്‍ ലഭിക്കും. ഈദ് നമ്മുടെ സമൂഹത്തില്‍ സന്മനോഭാവത്തിനും സൗഹൃദത്തിനും ബലമേകുമെന്നാശിക്കുന്നു. ഏവര്‍ക്കും അനേകം ശുഭാശംകള്‍.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും അനേകം നന്ദി. വീണ്ടും അടുത്ത മാസത്തെ മന്‍കീ ബാത്തില്‍ ഒരുമിക്കാം.

നമസ്‌കാരം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close