വാല്‍പ്പാറ: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ മരിച്ചു. തോട്ടം തൊഴിലാളിയായ കൗസല്യ(45)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ലയത്തിന് അമ്പത് മീറ്റര്‍ അകലെ പൊന്തക്കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനു സമീപത്തു നിന്ന് തുണി കഴുകുന്നതിനിടയില്‍ പുലി ഇവരെ പൊന്തക്കാട്ടിനുള്ളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇതിന് പുറമെ നെഞ്ചത്തും മുഖത്തും മാന്തിക്കീറിയ പാടുകളുമുണ്ട്.
രണ്ടാഴ്ച മുന്‍പ് വാല്‍പ്പാറയില്‍ പുലി പിടിച്ച പതിനൊന്നുകാരിയെ രക്ഷപെടുത്തിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും പ്രദേശത്ത് സമാന രീതിയിലുള്ള സംഭവം ഉണ്ടായിരുന്നു.