FootballFIFA World Cup 2018

ഇരന്നു വാങ്ങിയ തോല്‍വി

ആര്‍. ബാലകൃഷ്ണന്‍

സോച്ചിയില്‍ സ്വീഡനെതിരെ നേടിയ വിജയത്തോടെ ജര്‍മനി ഉയര്‍ത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാനായിരുന്നു ലോകമെമ്പാടുമുള്ള ആരാധകരുടെ താല്പര്യം. പക്ഷേ, ദക്ഷിണ കൊറിയയോട് തോറ്റ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ അവര്‍ പുറത്തായി. കഴിഞ്ഞ എണ്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ജര്‍മനി ലീഗ് ഘട്ടത്തില്‍ തട്ടിവീഴുന്നത്. നേടുന്നതല്ല സര്‍, നിലനിര്‍ത്തുന്നതാണ് ഏറെ ബുദ്ധിമുട്ടുള്ള കാര്യം.

ലോകകപ്പ് ജേതാക്കള്‍ അടുത്ത തവണ പ്രാഥമിക റൗണ്ടില്‍ പുറത്താകുന്നത് ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് എന്നത് കേവലം മേനി പറച്ചില്‍ മാത്രമാകുന്നു. ചരിത്ര കൗതുകങ്ങളുടെ പ്രദര്‍ശനിയല്ല കാല്‍പന്തുകളിയുടെ ലോകമേള.

ജര്‍മനിക്ക് എവിടെയാണ് പിഴച്ചത് ? എതിരാളി ദക്ഷിണ കൊറിയയായിരുന്നതിന്റെ അമിത ആത്മവിശ്വാസമാണ് ചതിച്ചത് എന്നു പറഞ്ഞ് തോല്‍വിയെ ലഘൂകരിച്ച് തടിയൂരാനാവില്ല. കളിയുടെ എല്ലാ തലങ്ങളിലും അവര്‍ സമ്പൂര്‍ണ പരാജയമായിരുന്നു.

പ്രതിരോധം പലപ്പോഴും പതറി. പ്രത്യാക്രമണങ്ങളുമായി ദക്ഷിണ കൊറിയ ഇരമ്പിയെത്തിയപ്പോഴെല്ലാം അത് വളരെ തെളിഞ്ഞു കണ്ടു. സഫലമായ ഒരു മുന്നേറ്റം നടത്താന്‍പോലും ജര്‍മനിക്കായില്ല. ഓസിലും ക്രൂസുമെല്ലാം സ്വന്തം പ്രതിഭാസ്പര്‍ശത്തിന്റെ നിഴലായി മാറി. മിഡ്ഫീല്‍ഡില്‍ അത് പ്രകടവുമായിരുന്നു. മദ്ധ്യനിരയും ആക്രമണനിരയും തമ്മിലൊരു ഏകോപനം മരുന്നിനുപോലും കാണാനായില്ല. തോമസ് മുള്ളറുടെ പരാജയമായിരുന്നു അതിദയനീയം. അവസാന മത്സരത്തില്‍ ആദ്യ ഇലവനില്‍ ഓസിലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇറങ്ങിയപ്പോഴാകട്ടെ വമ്പന്‍ ബാദ്ധ്യതയാകുകയും ചെയ്തു.

യോഗ്യതാ റൗണ്ടില്‍ എല്ലാ മത്സരവും ജയിച്ചവരാണ് ജര്‍മനി. ടീം ഒട്ടാകെ അടിച്ചത് നാല്പത്തിരണ്ട് ഗോള്‍. ആ കളി പുനരാവിഷ്‌ക്കരിക്കാന്‍ ജര്‍മനിക്കാകാതെ പോയി. ഗോളടിക്കാത്തവര്‍ എങ്ങനെ ജയിക്കാനാണ് ?

കഴിഞ്ഞ തവണ ജര്‍മ്മനിയെ ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിരുന്ന ഫിലിപ്പ് ലാം, ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍, മിറോസ്ലാവ് ക്ലോസെ തുടങ്ങിയവരുടെ അഭാവവും നിലവിലെ ജേതാക്കളുടെ പ്രകടനത്തെ ഒട്ടൊന്നുമല്ല ബാധിച്ചത്. ക്ലോസെയെപ്പോലൊരു ക്ലിനിക്കല്‍ ഫിനിഷര്‍. ലാമിനെപ്പോലെ പ്രതിരോധനിരയിലൊരു ജനറല്‍.

തങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സമയത്ത് ഫ്രീ കിക്കുകളും കോര്‍ണറുകളും പെനാല്‍റ്റിപോലും സൃഷ്ടിച്ചെടുക്കാന്‍ തക്കവണ്ണമുള്ള പ്രൊഫഷണലിസം കൈമുതലായവരാണ് ജര്‍മനി. നിര്‍ണായക മുഹൂര്‍ത്തത്തില്‍ അത് സംഘടിപ്പിക്കുവാന്‍ എതിരാളികളെ പ്രകോപിപ്പിക്കുന്നതിലുമുണ്ട് അവര്‍ക്കൊരു പ്രത്യേക കഴിവ്. കൊറിയക്കാര്‍ ആ കെണിയില്‍ വീണില്ല.

ഇത് ചോദിച്ചുവാങ്ങിയ തോല്‍വിയാണ്. അനിവാര്യമായ തിരിച്ചടി.

204 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close