മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ ഡെന്‍മാര്‍ക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയത്. ഡെന്‍മാര്‍ക്ക് താരങ്ങളുടെ മൂന്ന് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ സുബാസിച്ചാണ് ക്രൊയേഷ്യയുടെ വിജയശില്‍പി. ക്വാര്‍ട്ടറില്‍ റഷ്യയാണ് ക്രൊയേഷ്യയുടെ എതിരാളി.
കളിയുടെ ആദ്യ നാലു മിനിറ്റുകള്‍ക്കിടെയാണ് രണ്ട് ഗോളുകള്‍ പിറന്നത്. ഇരു ടീമുകള്‍ക്കും സമനില. അവസരങ്ങള്‍ പാഴാക്കുന്നതില്‍ രണ്ടു കൂട്ടരും മത്സരിച്ചതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക്. ജയത്തിനരികെ ലൂക്കാ മോഡ്രിച്ച് പെനാല്‍റ്റി പാഴാക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.
ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ഡെന്‍മാര്‍ക്കും ക്രൊയേഷ്യയും പാഴാക്കി. ഡെന്‍മാര്‍ക്കിനായി ക്രിസ്റ്റ്യന്‍ എറിക്‌സന്‍ തൊടുത്ത കിക്ക് സുബാസിച്ച് തട്ടിയകറ്റി. ക്രൊയേഷ്യയുടെ മിലന്‍ ബാദേലും കിക്ക് പാഴാക്കി. സൈമണ്‍ കീറെടുത്ത രണ്ടാം കിക്ക് വലയിലേക്ക് കടന്നതോടെ ഡെന്‍മാര്‍ക്ക് മുന്നില്‍.
തുടര്‍ന്നു വന്ന ആന്ദ്രെ ക്രമാരിച്ച് ക്രൊയേഷ്യയുടെ സ്‌കോര്‍ തുല്യമാക്കി. മൈക്കേള്‍ ഡെഹ്ലി ലക്ഷ്യം കണ്ടതോടെ വീണ്ടും ഡെന്‍മാര്‍ക് മുന്നില്‍. മൂന്നാം കിക്ക് വലയിലെത്തിച്ച ലുക്കാ മോഡ്രിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. ഷോണിന്റെ നാലാം കിക്ക് ക്രൊയേഷ്യന്‍ ഗോളി തടുത്തിട്ടതോടെ വീണ്ടും അനിശ്ചിതത്വം. പിവാറിച്ച് ഇടംകാലുകൊണ്ട് തൊടുത്ത നാലാം കിക്ക് ഡാനിഷ് ഗോളി തടുത്തതോടെ പോയിന്റ് നില തുല്യം.
അഞ്ചാം കിക്കെടുത്ത ഡെന്‍മാര്‍ക്കിന്റെ യോഗേര്‍സന് ലക്ഷ്യം പിഴച്ചു. ക്രൊയേഷ്യയുടെ ഇവാന്‍ റാക്കിറ്റിച്ച് എടുത്ത നിര്‍ണായക കിക്ക് വലയിലേക്ക്. ഏറെ നാടകീയതകള്‍ക്കൊടുവില്‍ ക്രൊയേഷ്യ വിജയം സ്വന്തമാക്കി.















