FIFA World Cup 2018

ചിലിയുടെ വിളക്കത്ത് അര്‍ജന്റീനയുടെ അത്താഴം

ആര്‍. ബാലകൃഷ്ണന്‍

അര്‍ജന്റീന അര്‍ഹിച്ചിരുന്നില്ല. പറഞ്ഞുവരുന്നത് ഫ്രാന്‍സിനോടേറ്റ തോല്‍വിയെക്കുറിച്ചല്ല, പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനത്തെക്കുറിച്ചാണ്. അതിനുള്ള യോഗ്യത ഇക്കുറി അര്‍ജന്റീനയ്ക്കുണ്ടായിരുന്നില്ല.

അവസാന ലീഗ് മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ ഒപ്പിച്ചെടുത്ത ജയമാണ് അര്‍ജന്റീനയ്ക്ക് അവസാന പതിനാറില്‍ ഇടം നല്‍കുന്നത്. ഒട്ടും തന്നെ ആധികാരികമായിരുന്നില്ല ആ ജയം പോലും. ക്രൊയേഷ്യയില്‍ നിന്നേറ്റ കാല്‍ ഡസന്‍ ഗോളുകളുടെ പരാജയവും ഐസ്‌ലന്‍ഡിനോട് ഓരോ ഗോള്‍ പങ്കിട്ട് നേടിയ സമനിലയും അര്‍ജന്റീനയുടെ നേര്‍ച്ചിത്രം നല്‍കുകയും ചെയ്തു.

ഏറെ വിയര്‍പ്പൊഴുക്കിയ ശേഷമാണ് അര്‍ജന്റീന യോഗ്യതാ മത്സരക്കടമ്പ കടന്നത്. ഇക്വഡോറിനെതിരെ മെസ്സിയുടെ ഹാട്രിക്കില്ലായിരുന്നുവെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലെത്തിച്ചതും മെസ്സിയുടെ ഗോള്‍. മെസ്സിക്കു ചുറ്റുമുള്ള ആള്‍ക്കൂട്ടമായി അര്‍ജന്റീന ചുരുങ്ങിപ്പോയി. കളിക്കിടയില്‍ ഒരു പകരക്കാരനെ ഇറക്കാന്‍ പരിശീലകന് അനുവാദം വാങ്ങേണ്ട അവസ്ഥയിലെത്തി ആ വീരാരാധന.

നിര്‍ണ്ണായകമായ അര്‍ജന്റീന-ക്രൊയേഷ്യ മത്സരം തന്നെയെടുക്കാം. തുടക്കത്തില്‍ ഇടതുവിങ്ങിലൂടെയായിരുന്നു അര്‍ജന്റീന ആക്രമിച്ചു കയറിയത്. മാര്‍ക്കോസ് അക്യൂനയും മെസ്സിയും ഇടതുവിങ്ങില്‍ ഒരുമിച്ചു. ഇവാന്‍ പെരിസിച്ചും ആന്റോ റെബിച്ചും വിങ്ങുകളിലൂടെ ആക്രമിക്കുകയും മിഡ്ഫീല്‍ഡില്‍ ലഭിച്ച സ്‌പേസിലൂടെ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിടിച്ചും ക്രൊയേഷ്യയുടെ മുന്‍നിരക്കാര്‍ക്ക് പന്തെത്തിക്കുകയും ചെയ്തതോടെ മെസ്സിക്ക് തഴോട്ടിറങ്ങിക്കളിക്കേണ്ടി വന്നു. അയാള്‍ തികച്ചും നിഷ്പ്രഭനായി. കളിയുടെ അവസാന ഇരുപത്തഞ്ചോളം മിനിറ്റ് വലതുവിങ്ങ് കേന്ദ്രീകരിച്ച് അര്‍ജന്റീന ആക്രമണം പുനരാരംഭിച്ചപ്പോഴും ക്രൊയേഷ്യക്ക് അതിന്റെ മുനയൊടിക്കാനായി. മദ്ധ്യ-പ്രതിരോധ നിരകളെ കൃത്യമായി ഏകോപിപ്പിച്ചായിരുന്നു ക്രൊയേഷ്യ അര്‍ജന്റീനയുടെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞത്.

ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയ ആദ്യ മത്സരത്തില്‍ നിന്ന് ഒന്നും പഠിച്ചില്ല എന്നു മാത്രമല്ല, ആ ഘടകങ്ങള്‍ അപ്പാടെ അര്‍ജന്റീന അവഗണിക്കുകയും ചെയ്തു. 3-4-2-1 ശൈലിയില്‍ മെസ്സിയെ മദ്ധ്യത്തില്‍ കളിപ്പിച്ചുകൊണ്ടായിരുന്നു ഐസ്‌ലന്‍ഡിനെതിരെ യോര്‍ഗെ സാംപോളി അര്‍ജന്റീനയെ സജ്ജമാക്കിയത്. ഗോളടിക്കാനും അത്രയും തന്നെയോ, അതിലേറെയോ ഗോളവസരങ്ങള്‍ തുറന്നുകൊടുക്കുവാനുള്ള മെസ്സിയുടെ മികവ് അതുകൊണ്ടുതന്നെ പ്രയോജനപ്പെടുത്താനായില്ല.

ക്രൊയേഷ്യയോട് 3-4-3 ശൈലിയിലായിരുന്നു അര്‍ജന്റീന പ്രയോഗിച്ചത്. വിങ്ങുകളിലൂടെ മെസ്സിയിലേയ്ക്ക് കുടുതല്‍ പന്തെത്തിക്കാനായിരുന്നു സാംപോളിയുടെ തന്ത്രം. 4-1-4-1 ശൈലിയിലേയ്ക്ക് മാറിയാണ് ക്രൊയേഷ്യ മറുപടി നല്‍കിയത്. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന അര്‍ജന്റീന മദ്ധ്യഭാഗത്ത് തുറന്നിട്ടുകൊടുത്ത ഇടങ്ങള്‍ ക്രൊയേഷ്യ പ്രയോജനപ്പെടുത്തുകയും ചെയ്തു. ലൂക്ക മോഡ്രിച്ചിനേയും ഇവാന്‍ റാക്കിട്ടിച്ചിനേയും അറ്റാക്കിംഗ് മിഡ്ഫീല്‍ഡിലേയ്ക്ക് കൊണ്ടു വന്ന തന്ത്രം ഫലം കാണുകായണല്ലോ അന്നുണ്ടായത്. മെസ്സിയെ തളച്ചാലും മെസ്സിയിലേയ്ക്ക് പന്തെത്തുന്ന വഴികള്‍ തടഞ്ഞാലും അര്‍ജന്റീനയെ പിടിച്ച് കെട്ടാനാകുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

സംഘടിത പ്രതിരോധത്തില്‍ വഴിയടഞ്ഞുപോകുന്ന മുന്നേറ്റനിരയും പതിഞ്ഞ തരത്തിലുള്ള മദ്ധ്യനിരയും ആക്രമണത്തില്‍ വിളറുന്ന പ്രതിരോധവുമെല്ലാം അര്‍ജന്റീനയെ തികച്ചും നിഷ്പ്രഭരാക്കുകയായിരുന്നു.

ഫ്രാന്‍സിനെതിരായ മത്സരത്തില്‍ വീണ മൂന്നു ഗോളുകള്‍ പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചയില്‍ നിന്നുണ്ടായതാണ്. പ്രതിരോധനിരയുടെ ഇരു പാര്‍ശ്വങ്ങളിലും ഒഴിവുകണ്ട ഇടങ്ങളിലേയ്ക്ക് നീണ്ട പാസ്സുകള്‍ നല്‍കിയുള്ള ആക്രമണം ഫ്രാന്‍സ് തുടര്‍ന്നതോടെ അര്‍ജന്റീനയുടെ പ്രതിരോധം തകരുകയായിരുന്നു. കയറിക്കളിച്ച വിങ് ബാക്കുകള്‍ക്ക് പെട്ടെന്നിറങ്ങിവരാന്‍ സാധിക്കാതെ വന്നതിനാല്‍ സെന്‍ട്രല്‍ ഡിഫന്‍സിലും വിള്ളല്‍ വീണു.

4-3-3 ഫോര്‍മേഷനിലാണ് ഫ്രാന്‍സിനെതിരെ അര്‍ജന്റീന കളിച്ചത്. മെസ്സി സെന്‍ട്രല്‍ സ്‌ട്രൈക്കര്‍. എയ്ഞ്ചല്‍ ഡി മരിയയ്ക്കും ക്രിസ്റ്റ്യന്‍ പാവോണിനും വിങ്ങുകലിലൂടെ മുന്നേറാന്‍ കഴിയാതെ പോയതോടെ ആ ഗെയിം പ്ലാന്‍ പൊളിഞ്ഞു. പൗലോ ഡിബാലയെ കളിപ്പിക്കാതിരുന്നതും പിഴവായി.

മത്സരത്തില്‍ എറെ പ്രയോജനപ്പെടുത്താവുന്ന കളിക്കാരില്‍ പലരേയും നിര്‍ണായക മത്സരങ്ങളില്‍ പോലും ബെഞ്ചിലിരുത്തി ശക്തി കാണിക്കുകയായിരുന്നു സാംപോളി. ഡിബാലയെ കൂടാതെ ഗോണ്‍സാലോ ഹിഗ്വയ്‌നും എയ്ഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയും ലൂക്കാസ് ബിഗയുമെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പുറത്തിരുന്നവരാണ്. അതിനെല്ലാം പരിശീലകന്‍ തന്നെയാണ് ലോകമെമ്പാടുമുള്ള അര്‍ജന്റേറിയന്‍ ആരാധകരോട് മാപ്പു പറയേണ്ടത്.

അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ ഹാവിയര്‍ മഷെറാനോയെപ്പോലെ ചൈനീസ് ലീഗില്‍ കളിക്കുന്ന മുപ്പത്തിമൂന്നുകാരനെന്തു കാര്യം അര്‍ജന്റീനയുടെ ടീമില്‍ ? ഇന്റര്‍മിലാന്റെ പ്രഗത്ഭ കളിക്കാരനായ ഐക്കാര്‍ഡിയെപ്പോലൊരാളെ ടീമില്‍ നിന്നൊഴിവാക്കാനാണെന്താണ് കാരണം പറയുക ?

ചിലി എന്ന സാധാരണ ടീമിനെ ഒരത്ഭുത ടീമാക്കി മാറ്റിയതാണ് സാംപോളിയെ പരിശീലകര്‍ക്കിടയിലെ ഗ്ലാമര്‍ താരമാക്കി മാറ്റിയത്. പക്ഷേ അര്‍ജന്റീനയെപ്പോലൊരു ടീമിനെ കൂടുതല്‍ ദൂരം കൊണ്ടുപോകാനുള്ള തന്ത്രങ്ങളൊന്നും അയാളുടെ കയ്യിലില്ലെന്ന് ഈ ലോകകപ്പ് പറഞ്ഞു.

ലോകകപ്പ് അര്‍ജന്റീനയെ വിട്ടൊഴിഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിയുന്നു. കോപ്പ അമേരിക്കയില്‍ മുത്തമിട്ടിട്ട് കാല്‍ നൂറ്റാണ്ടും. എന്നിട്ടും ആരാധകരവരെ തള്ളിപ്പറയാറില്ല. ജയിച്ചാലും തോറ്റാലും ആരാധകര്‍ വര്‍ദ്ധിക്കുന്ന മറ്റൊരു ടീം വിരളവുമാണ്.

ഏറ്റുമാനൂരില്‍ അലക്‌സിന്റെ മകന്‍ ദീനു അലക്‌സ് അവരിലൊരാളായിരുന്നു. അര്‍ജന്റീനയുടെ തോല്‍വി അവന് താങ്ങാവുന്നതിലേറെയാണ്. മീനച്ചലാറ്റില്‍ ഇല്ലിക്കലിനടുത്തുനിന്ന് തണുത്തു വിറങ്ങലിച്ച ആ ദേഹം നാലുനാള്‍ കഴിഞ്ഞ് അരെല്ലാമോ ചേര്‍ന്ന് മുങ്ങിത്തപ്പിയെടുക്കുകയാരുന്നു. ആ വിവരം സാംപോളി നിങ്ങള്‍ അറിഞ്ഞുകാണില്ല. മെസീ നിങ്ങളും.

ആർ.ബാലകൃഷ്ണൻ

മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ .

318 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close