ചെന്നൈ: കണ്ടക്ടറില്ലാത്ത ബസുകള്‍ നിരത്തിലിറക്കി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന്. വ്യാഴാഴ്ച ചെന്നൈയില്‍ നിന്നും 54 സര്‍വീസുകളാണ് കണ്ടക്ടറില്ലാത്ത ബസുകള്‍ നടത്തിയത്. രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബസുകള്‍ ഇടക്കുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്തില്ല.
യാത്രക്കാര്‍ ബസില്‍ കയറിയാലുടനെ തന്നെ ബസിന്റെ വാതിലുകള്‍ അടയും. അവസാന സ്റ്റേഷനില്‍ മാത്രമാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. പോയിന്റ് ടു പോയിന്റ് ബസുകളാണിവ. എവിടെയും നിര്‍ത്തില്ല എന്നതു കൊണ്ടു തന്നെ ബസിന്റെ നിലവിലത്തെ യാത്രാ സമയം 20 മുതല്‍ 30 വരെ മിനിട്ട് കുറക്കാന്‍ കഴിയും. ബസ് സ്റ്റാന്റില്‍ നിന്നു തന്നെ കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കും. വണ്ടിയുടെ ഡ്രൈവര്‍ക്കും ഇതിന്റെ ഒരു കോപ്പി കൈമാറിയിട്ടുണ്ടാകും.
ചെന്നൈ വെല്ലൂര്‍ വഴിയുള്ള 115 ബസുകളില്‍ 17 എണ്ണം കണ്ടക്ടറില്ലാത്ത ബസാക്കി മാറ്റിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്കും 3.30നും ഇടക്ക് എല്ലാ അരമണിക്കൂറും ഇടവിട്ട് ഇത്തരത്തിലുള്ള നോണ്‍ സ്റ്റോപ്പ് ബസുകള്‍ സര്‍വീസ് നടത്തും. മറ്റു ബസുകള്‍ സാധാരണ പോലെ തന്നെ കണ്ടക്ടര്‍മാരുള്ള സര്‍വീസ് നടത്തും. ചെന്നൈ-പുതുച്ചേരി (8), ചെന്നൈ-തിരുവല്‍വേലി (13), ചെന്നൈ-വില്ലുപുറം (18) എന്നിങ്ങനെയാണ് നിലവില്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമെ സേലം, കോയമ്പത്തൂര്‍, മഥുര, കുംഭകോണം, തിരുനല്‍വേലി എന്നിവിടങ്ങളില്‍ നിന്നും കണ്ടക്ടറില്ലാത്ത സര്‍വീസുകള്‍ ആരംഭിക്കും.
വകുപ്പിന് സാമ്പത്തികമായുണ്ടാകുന്ന നഷ്ടങ്ങള്‍ ഒഴിവാക്കി് സ്ഥിതി മെച്ചപ്പെടുത്താനും ജോലിക്കാരുടെ ജോലിഭാരം കുറക്കാനുമെല്ലാം ഇതുവഴി സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.