FootballFIFA World Cup 2018

ലോകകപ്പ് ഹീറോകൾ

ലിയോ രാധാകൃഷ്ണൻ

മത്സരം അവസാന നാലിൽ എത്തിനിൽക്കുമ്പോൾ ഏവരും ഉറ്റുനോക്കുകയാണ് അവസാന ലാപ്പിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ഈ ലോകകപ്പിലെ ഹീറോ ആരായിരിക്കുമെന്ന്. 1958ൽ പെലെയും 1966ൽ ജഫ് ഹഴ്സ്റ്റും 1982ൽ പൗളോ റോസ്സിയും 2006ൽ ഫാബിയോ ഗ്രോസ്സോയും നേടിയെടുത്ത ഹീറോ പട്ടം ഇക്കുറി ആരായിരിക്കും സ്വന്തമാക്കുക?

ലോകകപ്പിന്‍റെ ആദ്യ റൗണ്ടുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ടൂർണമെന്‍റിന്‍റെ നിർണായകമായ അവസാന മത്സരങ്ങളിൽ വാനോളമുയർന്ന താരങ്ങൾ ചരിത്രത്തിലുണ്ട്.

1958 ലോകകപ്പ് അറിയപ്പെടുന്നത് തന്നെ പെലെയുടെ ലോകകപ്പ് എന്നാണ്. അന്ന് നോക്കൗട്ട് റൗണ്ടിലായിരുന്നു പെലെയുടെ തകർപ്പൻപ്രകടനം. ക്വാർട്ടറിൽ വെയിൽസിനെ മറികടന്നത് 73-ാം മിനിറ്റിൽ പെലെ നേടിയ ഗോളിലുടെയാണ്. ഫ്രാൻസിനെതിരായ സെമിയിൽ 17കാരൻ പെലെയുടെ ഹാട്രിക്കിന്‍റെ മികവിൽ ബ്രസീലിന് 5-2ന്‍റെ ഉജ്ജ്വല ജയം. കലാശപ്പോരാട്ടത്തിൽ ഇതിഹാസതാരത്തിന്‍റെ എണ്ണംപറഞ്ഞ രണ്ട് ഗോളുകൾ. അങ്ങനെ സമാനതകളില്ലാത്ത താരോദയത്തിന്‍റെ വിളംബരം കൂടിയായി ആ ലോകകപ്പ്.

1966 ൽ സ്വന്തം നാട്ടിലെ ലോകകപ്പിൽ ഇംഗ്ളണ്ട് വിജയങ്ങൾ പ്രതീക്ഷിച്ചത് ടോട്ടനം ഹോർട്സ്പർ ഹീറോ ജിമ്മി ഗ്രീവ്സിന്‍റെ ബൂട്ടിൽ നിന്നായിരുന്നു. എന്നാൽ പ്രാഥമിക റൗണ്ടിൽ നിറംമങ്ങിയ ഗ്രീവ്സ് ക്വാർട്ടറിൽ പരിക്കിനെ തുടർന്ന് പുറത്തിരുന്നപ്പോൾ പകരമെത്തിയ ജഫ് ഹഴ്സ്റ്റ് ചരിത്രം കുറിക്കുകയായിരുന്നു. ക്വാർട്ടറിൽ അർജന്‍റീനയ്ക്കെതിരായ ജയം സമ്മാനിച്ച ഏകഗോൾ, ഫൈനലിലെ വിഖ്യാതമായ ഹാട്രിക് – ഇംഗ്ളണ്ടിന് ലോക കിരീടം സമ്മാനിച്ച താരമായി അദ്ദേഹം അതോടെ വാഴ്ത്തപ്പെട്ടു.

ഏറ്റവും അപ്രതീക്ഷിതമായി ലോകകപ്പ് ഹീറോ ആയ താരമാണ് ഇറ്റലിയുടെ പൗളോ റോസി. ഒത്തുകളി വിലക്കിന് ശേഷം 1982 ലോകകപ്പ് ടീമിൽ പൗളോ റോസിയെ ഉൾപ്പെടുത്തിയതിന് കോച്ച് ഏറെ പഴികേട്ടു. എന്നാൽ, രണ്ടാം റൗണ്ടിൽ ബ്രസീലിനെതിരായ ഹാട്രിക്കും, സെമിയിൽ പോളണ്ടിനെ തകർത്ത രണ്ട് ഗോളും, ഫൈനലിൽ ജർമ്മനിക്കെതിരേ സ്കോറിംഗിന് തുടക്കമിട്ടതും അവിശ്വസനീയതയോടെയാണ് ലോകം നോക്കിനിന്നത്.

2006ൽ ലോകകപ്പ് ഉയർത്തിയ താരനിബിഢമായ ഇറ്റാലിയൻ നിരയിൽ പക്ഷെ ഫാബിയോ ഗ്രോസോ എന്ന പ്രതിരോധനിരക്കാരന്‍റെ സംഭാവനകളാണ് നിർണായകമായത്. ഓസ്ട്രേലിയയ്ക്കെതിരായ പ്രീക്വാർട്ടറിൽ പത്ത്പേരായി ചുരുങ്ങിയ അസൂറികൾക്ക് ഗ്രോസ്സോയുടെ നീക്കമാണ് വിജയത്തിനാധാരമായ പെനാൽറ്റി സമ്മാനിച്ചത്. ജർമ്മനിയുമായുള്ള സെമിഫൈനലിൽ വിജയഗോൾ നേടിയ ഗ്രോസ്സോ, ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഫൈനലിലെ നിർണായകമായ അഞ്ചാം കിക്കെടുത്ത് ഹീറോ പരിവേഷത്തിലേക്ക് ഉയരുകയും ചെയ്തു.

ഇക്കുറി, ആരായിരിക്കും ടൂർണമെന്‍റിലെ ഹീറോ ആയി മാറുക?

കെവിൻ ഡിബ്രൂയിൻ (ബെൽജിയം): പതിവിന് വിപരീതമായി പിന്നിലേക്ക് ഇറങ്ങിക്കളിച്ച ഡിബ്രൂയിൻ ഈ ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിൽ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ ഡ്രൈസ് മെർട്ടൻസിന്‍റെ അഭാവത്തിൽ അറ്റാക്കിംഗ് റോലിലേക്കെത്തിയ ഡിബ്രൂയിൻ നിർണായകമായ ഒരു ഗോൾ നേടുകയും ടീമിന്‍റെ ആക്രമണ, പ്രത്യാക്രമണങ്ങൾക്ക് കരുത്ത് പകരുകയും ചെയ്തു.

റാഫേൽ വരാൻ (ഫ്രഞ്ച് ഡിഫൻഡർ): പ്രാഥമിക റൗണ്ടിലെ മങ്ങിയ പ്രകടനം കാരണം വരാനെ ഏവരും എഴുതി തള്ളി. എന്നാൽ ഉറുഗ്വായ്ക്കെതിരായ ക്വാർട്ടറിൽ ഹെഡ്ഡറിലൂടെ ടീമിന് ലീഡ് സമ്മാനിച്ച വരാൻ, എതിർ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. സ്റ്റാർ ഡിഫൻഡർ ഫോമിലേക്ക് മടങ്ങിവരുന്നതിന്‍റെ വ്യക്തമായ സൂചന.

ഹാരി മഗ്വീർ (ഇംഗ്ലണ്ട്) : ടീമിനെ സെമിയിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മഗ്വീ‌ർ തകർപ്പനൊരു ഹെഡ്ഡറിലൂടെ ക്വാർട്ടറിൽ സ്വീഡനെതിരേ ലീഡ് സമ്മാനിച്ചു.

കെയ്ലിയൻ എംബാപെ (ഫ്രാൻസ്): ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവച്ച താരമാണ് എംബാപെ. ഇതുവരെ മൂന്ന് ഗോളുകൾ നേടിയ എംബാപെ വലത് വിംഗിലൂടെ നടത്തുന്ന മിന്നൽപ്പിണർ നീക്കങ്ങളും നിർണായക പാസുകളും ചാട്ടുളി പോലുള്ള ഷോട്ടുകളും എതിർ പ്രതിരോധത്തെ പ്രതിസന്ധിയിലാക്കുന്നു. ഉയരവും കരുത്തും കൃത്യതയും വേഗതയും കൈമുതലായിലുള്ള ഈ 19 കാരനിൽ നിന്നും ഇനിയുമേറെ സംഭാവനകൾ ഉറപ്പാണ്.

ഹാരി കെയ്ൻ (ഇംഗ്ലണ്ട്): ഇംഗ്ലണ്ട് ഇതുവരെ നേടിയ 11 ഗോളുകളിൽ ആറും ക്യാപ്റ്റൻ ഹാരി കെയിന്‍റെ വകയാണ്. ക്ളിനിക്കൽ ഫിനിഷിംഗിൽ അഗ്രഗണ്യനായ കെയിന്‍റെ ആവനാഴിയിൽ കരുത്തുറ്റ ഷോട്ടുകൾ, ഹെഡ്ഡറുകൾ, ബുദ്ധിപരമായ പ്ളെയിസ്മെന്‍റുകൾ, സെറ്റ് പീസുകൾ പ്രയോജനപ്പെടുത്തുന്നതിലെ മികവ്, കൃത്യതയുള്ള അസിസ്റ്റുകൾ അങ്ങനെ എതിർവല ചലിപ്പിക്കാൻ പോന്ന എല്ലാ അസ്ത്രങ്ങളും ഉണ്ട്. കൂടാതെ, സ്വന്തം കളിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞ ഈ യുവാവിന് അവരുടെ ആത്മവിശ്വാസവും പ്രകടനവും ഉയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.

അന്‍റോയിൻ ഗ്രിസ്മാൻ (ഫ്രാൻസ്): ഫ്രഞ്ച് ആക്രമണത്തിന്‍റെ കുന്തമുനയായ ഗ്രിസ്മാൻ ഇനിയുള്ള മത്സരങ്ങളിൽ നിർണായക സ്വാധീനം ചെലുത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും നേടിയ ഓരോ ഗോളുൾപ്പെടെ ആകെ മൂന്ന് ഗോളുകൾ സ്വന്തം പേരിൽ കുറിച്ചുകഴിഞ്ഞു. വേഗതയും കൃത്യതയുമാണ് കരുത്ത്. എംബാപെയെിലേക്ക് മാത്രമായി എതിരാളികളുടെ ശ്രദ്ധ മാറിയാൽ അവിടെ ഗ്രിസ്മാനായിരിക്കും സ്കോർ ചെയ്യുക.

റൊമേലു ലുക്കാക്കു (ബൽജിയം): ബൽജിയൻ സുവർണ നിരയിലെ പ്രധാനിയാണ് ആറടി മൂന്നിഞ്ച് കാരനായ ഈ ആജാനബാഹു. കരുത്തും ഉയരവും വേഗതയും കൃത്യതയും ഒത്തുചേർന്ന ലുക്കാക്കു ബൽജിയത്തിന്‍റെ ബ്രഹ്മാസ്ത്രമാണ്. ഇതുവരെ നാല് തവണ എതിർവല ചലിപ്പിച്ച ലുക്കാക്കുവിൽ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നു.

ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ): ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച താരമായി പല സർവേകളും തെരഞ്ഞെടുത്ത മോഡ്രിച്ച് നോക്കൗട്ട് ഘട്ടത്തിലും ഉജ്ജ്വല പ്രകടനമാണ് പുറത്തെടുക്കുന്നത്. മധ്യനിരയിൽ പന്ത് നിയന്ത്രിച്ച് എതിരാളികളെ വട്ടം കറക്കി ആക്രമണത്തിന് വഴിയൊരുക്കുകയും, നിർണായക ഘട്ടത്തിൽ ഗോളടിക്കുകയും ചെയ്യുന്ന മോഡ്രിച്ച് അപകടകാരിയാണ്.

ഇവാൻ റാക്കിറ്റിച്ച് (ക്രൊയേഷ്യ):ഈ ലോകകപ്പിലെ ക്രൊയേഷ്യൻ മുന്നേറ്റത്തിലെ നിർണായക ശക്തിയാണ് റാക്കിറ്റിച്ച്. മധ്യനിരയിൽ മോഡ്രിച്ചുമായി ചേർന്ന് റാക്കിറ്റിച്ച് നടത്തുന്ന നീക്കങ്ങൾ എതിരാളികളെ വട്ടംകറക്കാൻ പോന്നവയാണ്. പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെതിരേയും ക്വാർട്ടറിൽ റഷ്യയ്ക്കെതിരേയും ഷൂട്ടൗട്ടിലെ നിർണായക കിക്കുകൾ ഗോളാക്കിയ റാക്കിറ്റിച്ച് സമ്മർദ്ദഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന താരമാണ്.

142 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close