കോടികളുടെ സ്വത്തും ലഭിക്കാമായിരുന്ന വലിയ പദവിയുമൊന്നും അവളുടെ മുന്നില്‍ ഒന്നുമല്ലായിരുന്നു. ലൗകീക ജീവിതത്തിന്റെ സുഖങ്ങളില്‍ ഭ്രമിക്കാതെ ആധ്യാത്മികതയുടെ ലോകത്താണ് അവള് സന്തോഷം കണ്ടെത്തിയത്. സൂററ്റില്‍ നിന്നുള്ള ഹീന ഹിഗഡ് എന്ന 28കാരിയാണ് ജൈന സന്യാസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. എംബിബിഎസ് ബിരുദധാരിണിയാണ് ഹീന. ജൈനമതം സ്വീകരിച്ചതോടെ സാധ്വി ശ്രീ വിശ്വറാം എന്ന പേരിലായിരിക്കും ഹീന അറിയപ്പെടുന്നത്. തലമുണ്ഡനം ചെയ്ത ശേഷം രണ്ട് വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്താണ് ഹീന ജനിച്ച വീട് വിട്ടിറങ്ങിയത്.
വലിയ ഭൂസ്വത്തിന് ഉടമകളായിരുന്നു ഹീനയുടെ കുടുംബം. അതുകൊണ്ട് തന്നെ സന്യാസജീവിതം തെരഞ്ഞെടുക്കുന്നതിനോട് കുടുംബത്തില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഹീനക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ എതിര്‍പ്പുകളൊന്നും തന്നെ ഹീനയെ ബാധിച്ചില്ല. ഒടുവില്‍ ഹീനയുടെ നിര്‍ബന്ധത്തില്‍ വീട്ടുകാരും ഇഷ്ടത്തിന് പിന്തുണ നല്‍കുകയായിരുന്നു.
അഹമ്മദാബാദ് യൂണിവേഴ്സിറ്റിയിലെ സ്വര്‍ണമെഡല്‍ ജേതാവായ ഹീന മൂന്നു വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് സന്യാസ ജീവിതം സ്വീകരിച്ചത്.
Gujarat: MBBS doctor Hina Kumari took 'diksha' to become a monk, earlier today, in Surat. pic.twitter.com/xVPD8Do333
— ANI (@ANI) July 18, 2018