മുംബൈ: സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യാനുള്ള ഋഷഭ് പന്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ പുകഴ്ത്തി ദ്രാവിഡ് രംഗത്തെത്തിയത്. ബിസിസിഐ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.
പന്ത് ആക്രമിച്ച് കളിക്കുന്ന ഒരു താരം തന്നെയാണ്. എന്നാല്‍ ടെസ്റ്റില്‍ സാഹചര്യം മനസിലാക്കി കളിക്കുകയാണ് അവശ്യം. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ വ്യത്യസ്തമായി ബാറ്റുചെയ്യാനുള്ള കഴിവ് പന്തിനുണ്ട്. അവനത് പലതവണ തെളിയിച്ചതാണെന്നും ദ്രാവിഡ് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസ് എ ടീമുമായും ഇംഗ്ലണ്ട് ലയണ്സുമായും നടന്ന ചതുര്‍ദിന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് പന്തിന് ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നത്. യുവ തലമുറയെ കഴിവ് മനസ്സിലാക്കി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിൽ നിർണ്ണായക പങ്കാണ് ഇന്ത്യൻ എ ടീം പരിശീലകൻ എന്ന നിലയിൽ ദ്രാവിഡ് വഹിക്കുന്നത്.