ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോര്‍ച്ച സംഭവം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഐടി നിയമത്തിന്റെ ലംഘനം നടന്നു എന്നതിന്റെ സാധ്യത കണക്കിലെടുത്താണ് അന്വേഷണം നടത്തുക.
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്ത്യ ഫെയ്ബുക്കിനും, കേംബ്രിജ് അനലിറ്റിക്കക്കും നോട്ടീസ് നല്‍കിയിരുന്നു.
കേംബ്രിഡ്ജ് അനലിറ്റിക്ക കേസ് വിശ്വാസ ലംഘനത്തിന്റെ കൂടി കേസാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പ് ഫെയ്സ്ബുക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
അതേസമയം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രതികരണം. എന്നാലിത് ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. രാജ്യം ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതികരിക്കാത്തതാണ് സ്ഥാപനത്തെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത്.