ഗാംഗ്ടോക്ക് : സിക്കിമിൽ ചൈനീസ് കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യൻ സൈന്യം .ചൈനയുടെ അൻപതോളം വരുന്ന സൈനികരാണ് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് പട്ടാളം തിരിച്ചു പോയി.
ഈമാസം ആദ്യമായിരുന്നു സംഭവം .സിക്കിമിലെ നാകു മേഖലയിലാണ് ചൈന കടന്നു കയറാൻ ശ്രമിച്ചത്. അതിർത്തി കടക്കാൻ ചൈന പട്ടാളം ശ്രമിക്കുന്നതു കണ്ട ഇന്ത്യൻ സൈനികർ സ്ഥലത്തെത്തി തടയുകയായിരുന്നു. ഇന്ത്യൻ അതിർത്തിയാണ് തിരിച്ചു പോകണം എന്നാവശ്യപ്പെട്ടിട്ടും ചൈന പട്ടാളം പിന്തിരിഞ്ഞില്ല.
തുടർന്ന് ഇന്ത്യൻ സൈനികർ പ്രതിരോധമതിൽ തീർത്തതോടെ ഗത്യന്തരമില്ലാതെ ചൈനീസ് പട്ടാളം പിൻവാങ്ങുകയായിരുന്നു. നേരത്തെ ഭൂട്ടാനിലെ ഡൊക്ലാമിലും ഇന്ത്യ-ചൈന തർക്കം രൂക്ഷമായിരുന്നു. ഇത് രണ്ടരമാസത്തോളം നീണ്ടു നിന്നിരുന്നു. പിന്നീട് പ്രശ്നം പരസ്പര ധാരണയിൽ അവസാനിക്കുകയായിരുന്നു.