ഇടുക്കി: ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അധികൃതര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറന്നു വിട്ടാല്‍ നേരിട്ട് ആളുകളെ ബാധിക്കുന്ന പ്രദേശങ്ങളിലാണ് അലര്‍ട്ട്. നിലവില്‍ 2393 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
ജലനിരപ്പ് 2395 അടി യിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അടിയന്തര ജാഗ്രത നിര്‍ദേശമാണിത്. ഇതിന് ശേഷമാണ് അണക്കെട്ടിലെ വെള്ളം തുറന്നു വിടുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്.
റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ ചുമതലയിലാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. റവന്യു ,ജലസേചനം, കെ.എസ്ഇബി ഉദ്യോഗസ്ഥരുടെ 20 സംഘങ്ങള്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി ജലം ഒഴുകി എത്തുന്ന നദീതീരങ്ങളില്‍ താമസിക്കുന്നവരെ സന്ദര്‍ശിച്ചു. ഇവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 1000ത്തോളം പേരെ നദീതീരങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.
വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ അടിയന്തിര നടപടി സ്വീകരിക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കല്‍ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നും പി.എച്ച് കര്യന്‍ വ്യക്തമാക്കി.