ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2394.58 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 0.42 അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയോടു കൂടി 2395ല്‍ എത്തുമെന്നാണ് കരുതുന്നത്. ഓറഞ്ച് അലര്‍ട്ട് നല്കിക്കഴിഞ്ഞാല് റെഡ് അലര്‍ട്ട് ആണ് അടുത്ത ഘട്ടം. റെഡ് അലര്‍ട്ട് നല്‍കിക്കഴിഞ്ഞ് 24 മണിക്കൂറിനകം അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.
പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി സമീപത്തുള്ള പഞ്ചായത്തുകളിലെ 12 സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. റെഡ് അലര്‍ട്ട് നല്കിക്കഴിഞ്ഞാല് പ്രദേശവാസികളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഡാം തുറക്കുന്നതിന് മുന്നോടിയായി ദുരന്ത നിവാരണസേനയുടെ ഒരു സംഘത്തെ ആലുവയില്‍ വിന്യസിച്ചു. ഒരു സംഘം ഇടുക്കിയിലും എത്തിയിട്ടുണ്ട്.
അതേസമയം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായി നാളെ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. നാലു മണിക്കൂറായിരിക്കും ട്രയല്‍ റണ്‍. ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. ഇത്രയും ഉയര്‍ത്തുമ്പോള്‍ തന്നെ സെക്കന്റില്‍ 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക. അണക്കെട്ടിനു മുകളിലായി കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.