തൃശൂര്‍: രാഷ്ട്രപതിയുടെ തൃശൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലീസ് സുരക്ഷ വിശദമാക്കുന്ന നിര്‍ണായക രേഖ ചോര്‍ന്നു. സുരക്ഷാ ക്രമീകരണങ്ങളും രാഷ്ട്രപതിയുടെ വാഹനവ്യൂഹവും രാഷ്ട്രപതിയെത്തുന്ന സ്ഥലങ്ങളുടെ വിശദമായ മാപ്പുമടങ്ങുന്ന രേഖയാണ് പുറത്തായത്. പോലീസുകാരുടെ അനൗദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് രേഖകള്‍ ചോര്‍ന്നത്.
രാഷ്ട്രപതി എത്തുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും രേഖാ ചിത്രം, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ക്രമീകരണം, അതില്‍ എത്രാമത്തെ വാഹനത്തിലാണ് രാഷ്ട്രപതിയുണ്ടാവുക എന്ന വിവരം, രാഷ്ട്രപതിയുടെ സഞ്ചാരപഥം എന്നിവയെല്ലാം പുറത്തായ രേഖയില്‍ വ്യക്തം. എവിടെയെല്ലാം എന്ത് തരം സുരക്ഷയാണ് ഓരോയിടങ്ങളിലും സജ്ജമാക്കിയിട്ടുള്ളത് എന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എവിടെയെല്ലാം പോലീസ് കോണ്‍സ്റ്റബിള്‍മാരുടെയും സബ് ഇന്‍സ്പെക്ടര്‍ മാരുടെയും മറ്റ് ഉന്നതരുടെയും സാന്നിധ്യമുണ്ടാകുമെന്നും ഇതിലുണ്ട്.
രാഷ്ട്രപതി രണ്ടിടത്തായി ഹെലികോപ്റ്ററിലെത്തുന്ന ഹെലിപാഡിന്റെ രേഖാ ചിത്രങ്ങളും ചോര്‍ന്നിട്ടുണ്ട്. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ രജീഷില്‍ നിന്ന് പോലീസുകാരും മറ്റുള്ളവരുമടങ്ങുന്ന അനൗദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് തൃശൂര്‍ സിറ്റി പോലീസ് തയ്യാറാക്കി അതീവ രഹസ്യാത്മകമെന്ന് രേഖപ്പെടുത്തിയ രേഖ പുറത്തായത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷയൊരുക്കുന്ന എല്ലാ പോലീസുകാര്‍ക്കുമായി തയ്യാറാക്കിയ രേഖയാണിതെന്നും ആരില്‍ നിന്നാണ് ചോര്‍ന്നത് എന്നത് സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അനേഷണം നടത്തുകയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.