സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവാണ് കുരുമുളക്. അതുകൊണ്ട് തന്നെയാണ് കറുത്ത പൊന്ന് എന്ന വിശേഷണം കുരുമുളകിന് കിട്ടിയത്. നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.
* കുരുമുളകിട്ട ചായ കുടിക്കുന്നത് തടിയും വയറും കുറയാന്‍ നല്ലതാണ്. വെള്ളത്തില്‍ കുരുമുളക് പൊടി, ഇഞ്ചി, തുളസി, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുറച്ച് കഴിയുമ്പോള്‍ ഊറ്റിയെടുത്ത് തേനും ചെറു നാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം. രാവിലെ ഭക്ഷണത്തിന് മുന്‍പ് ഇത് കഴിക്കാവുന്നതാണ്.
* ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. കുരുമുളകിന്റെ തീവ്രതയും എരിവും കഫം മാറാനും സഹായിക്കും. കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ജലദോഷവും ചുമയുമെല്ലാം വരുന്നത് ഒരു പരിധി വരെ തടയും.
* രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ കുരുമുളക് കടിച്ചു ചവച്ചു തിന്നുന്നതും ഏറെ നല്ലതാണ്. ഇതും തടി കുറയുന്നതടക്കമുള്ള പല ആരോഗ്യഗുണങ്ങളും നല്‍കും.
* കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വയറിനുള്ളില്‍ ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന കുറക്കാനും ഇതിനാവും.
* ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാനും ഇത് നല്ലതാണ്.
* ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതിന്റെ ഉപയോഗം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.