ചെറുതോണി: മഴ കനത്തതോടെ ഇടുക്കിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 2398.50 അടിയാണ് ഡാമിലെ ജലനിരപ്പ്. ബുധനാഴ്ച രാവിലെ 2396.58 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം ചെറുതോണി തത്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2398അടിയില്‍ ട്രയല്‍ റണ്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് താത്കാലികമായി മാറ്റിവച്ചു. മൂലമറ്റം വൈദ്യുതി നിലയത്തിലും ഉത്പാദനം പൂര്‍ണതോതിലാണ് നടക്കുന്നത്.
അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനത്തതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.നാല് ഷട്ടറുകളില്‍ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഇതോടെ സെക്കന്റില്‍ 164 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്.
ഇടമലയാര്‍ തുറന്ന സാഹചര്യത്തില്‍ 2398 അടിയായി നിശ്ചയിച്ചിരുന്ന ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തിയതിന് ശേഷം മാത്രം നടത്തിയാല്‍ മതിയെന്ന് ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയും നേരത്തെ തീരുമാനിച്ചിരുന്നു.