തിരുവല്ല: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് വൈദികരും കീഴടങ്ങി. കേസിലെ ഒന്നാംപ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാംപ്രതി ഫാദര്‍ ജെയ്സ് കെ.ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. കേസിലെ ഒന്നും നാലും പ്രതികളായ ഇരുവരോടും കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആറിന് സുപ്രീംകോടതി തള്ളിയിരുന്നു. കീഴടങ്ങാന്‍ തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈദികരോട് ഇന്ന് കീഴടങ്ങാനും കോടതി വിധിക്കുകയായിരുന്നു. അറസ്റ്റിനുശേഷം വൈദികര്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്നുതന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ കൊല്ലം ഓഫീസിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് വൈദികര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
പരാതിക്കാരിയെ പതിനാറാം വയസുമുതല്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൗണ്‍സിലിങ് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ബലാല്‍സംഗം ചെയ്തുവെന്നാണ് നാലാംപ്രതി ഫാ.ജെയ്സ് കെ.ജോര്‍ജിനെതിരായ കുറ്റം. കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാംപ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോണ്സണ് വി.മാത്യു എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.