IndiaSpecial

സ്വാതന്ത്ര്യദിന തലേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയുടെ പൂര്‍ണ്ണരൂപം

പ്രിയ സഹപൗരന്മാരെ,

സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 71 വര്‍ഷം നാം പൂര്‍ത്തിയാക്കുന്ന വേളയില്‍ നിങ്ങള്‍ക്ക് എന്റെ ആശംസകള്‍. നമ്മുടെ 72-ാം സ്വാതന്ത്ര്യദിനം നാം നാളെ ആഘോഷിക്കും. സ്വന്തം നാട്ടില്‍ വസിച്ചാലും ലോകത്തെവിടെയായാലും ഓരോ ഇന്ത്യാക്കാരനും ഓഗസ്റ്റ് 15 പുണ്യദിനമാണ്. നമ്മുടെ പരമാധികാരത്തിന്റെ ആഘോഷമായാണ് നമ്മുടെ കലണ്ടറുകളില്‍ ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്. തൊഴിലിടങ്ങളില്‍, മുനിസിപ്പാലിറ്റികളില്‍, പഞ്ചായത്തുകളില്‍, കോളജുകളില്‍, സ്‌കൂളുകളില്‍ വീടുകളില്‍ അയല്‍പക്കങ്ങളിലൊക്കെ നാം വളരെയധികം സന്തോഷത്തോടെയും ആവേശത്തോടെയും ദേശീയപതാക പാറിക്കും. നമ്മുടെ ദേശീയ അഭിമാനത്തിന്റെ ചിഹ്‌നമാണ് നമ്മുടെ ത്രിവര്‍ണ്ണപതാക. നമ്മുടെ കഠിന പ്രയത്‌നത്തേയും ആത്മവിശ്വാസത്തേയും നിരന്തരം ഓര്‍മ്മിപ്പിക്കുന്നതാണ് അത്. നമ്മുടെ മുന്‍തലമുറകളുടെ വിജയകരമായ പ്രയത്‌നത്തിലൂടെ നമുക്ക് എന്തൊക്കെ നേടാനായെന്ന് സംതൃപ്തിയോടെയും നന്ദിയോടെയും തിരിഞ്ഞ് നോക്കേണ്ട ദിനമാണിത്. നമ്മുടെ രാഷ്ട്രനിര്‍മ്മാണ പദ്ധതികളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിടവുകള്‍ നികത്തുമെന്ന പ്രതിജ്ഞകള്‍ പുതുക്കേണ്ട ദിനമാണ് – പ്രതിഭാശാലികളായ നമ്മുടെ യുവജനങ്ങള്‍ അത് നികത്തുമെന്നതില്‍ ഒരു സംശയവുമില്ല.

1947 ഓഗസ്റ്റ് 14-15 അര്‍ദ്ധരാത്രിയിലാണ് നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം വന്നെത്തിയത്. നമ്മുടെ ധീരരായ പൂര്‍വികരുടെയും അഭിവന്ദ്യരായ സ്വാതന്ത്ര്യസമരസേനാനികളുടെയും വര്‍ഷങ്ങളുടെ, പതിറ്റാണ്ടുകളുടെ, നൂറ്റാണ്ടുകളുടെ, ത്യാഗത്തിന്റെ ഫലമായിരുന്നു അത്. അപൂര്‍വമായ ധൈര്യവും ദീര്‍ഘവീക്ഷണവുമുള്ള സ്ത്രീകളും പുരുഷന്മാരുമായിരുന്നു അവര്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എല്ലാ സമുദായങ്ങളില്‍ നിന്നും എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നും വന്നവരായിരുന്നു അവര്‍. വ്യക്തിപരമായ ചില ഗുണങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് വളരെ സുഗമമായി ഒത്തുതീര്‍പ്പുകളില്‍ എത്താന്‍ കഴിയുമായിരുന്നു, എന്നാല്‍ അവര്‍ അത് ചെയ്തില്ല. അവരുടെ പ്രതിബദ്ധത ഇന്ത്യയോടായിരുന്നു- ഒരു സ്വതന്ത്ര, പരാമധികാര, ബഹുസ്വര, സമത്വാധിഷ്ഠിത ഇന്ത്യ- അതായിരുന്നു പരമമായത്. ഈ സ്വാതന്ത്ര്യസമര സേനാനികളെ ‘ക്വിറ്റിന്ത്യാ ദിനമായ’ ഓഗസ്റ്റ് 9ന് രാഷ്ട്രപതി ഭവനില്‍ വച്ച് ആദരിക്കാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച വിശേഷാധികാരമാണ്.

ഇത്തരത്തിലുള്ള മഹാന്മാരായ ദേശാഭിമാനികളുടെ പാരമ്പര്യത്തിന്റെ പിന്‍ഗാമികളാകാന്‍ കഴിഞ്ഞതില്‍ നാമെല്ലാം ഭാഗ്യവാന്മാരാണ്. അവര്‍ നമുക്ക് സ്വതന്ത്ര ഇന്ത്യ നല്‍കിയിട്ട് പോയി, അതോടൊപ്പം സാരവത്തായ അവസാനത്തെ വ്യക്തിയുടെയും ശാക്തീകരണം, ദാരിദ്ര്യത്തില്‍ നിന്നും സാമൂഹിക സാമ്പത്തിക അസമത്വങ്ങളില്‍ നിന്നുമുള്ള അവരുടെ മോചനം ഉള്‍പ്പെടെ നമ്മുടെ സമൂഹത്തിന്റെ വികസനത്തിനുള്ള പൂര്‍ത്തിയാകാത്ത ദൗത്യങ്ങളും നല്‍കിയിട്ടാണ് പോയത്. ഒരു രാജ്യം എന്ന നിലയില്‍ നമ്മുടെ കൂട്ടായ ജീവിതത്തിന്റെ ഓരോ ശ്വാസനിശ്വാസങ്ങളും നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള ശ്രദ്ധാജ്ഞലിയും അവര്‍ അവശേഷിപ്പിച്ചിട്ട് പോയ ലക്ഷ്യങ്ങളില്‍ ഇതുവരെ പൂര്‍ത്തീകരിക്കാത്തത് പൂര്‍ത്തിയാക്കാനുള്ള പ്രതിബദ്ധതയുമാണ്.

സ്വാതന്ത്ര്യത്തെ നാം ഇടുങ്ങിയ, രാഷ്ട്രീയ പദപ്രയോഗങ്ങളിലൂടെയാണ് നിര്‍വ്വചിക്കുന്നതെങ്കില്‍ 1947 ഓഗസ്റ്റ് 15 ഒരു പരിസമാപ്തിയെയാണ് കുറിക്കുന്നത്. അത് സാമ്രാജ്യത്വത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം വിജയത്തില്‍ പര്യവസാനിച്ച ദിനമായ നമ്മുടെ സ്വാതന്ത്ര്യദിനവുമാണ്. എന്നാല്‍ സ്വാതന്ത്ര്യം എന്നത് വിശാലമായ ഒരു ആശയമാണ്. അത് സ്ഥിരമോ, നിശ്ചിതമോ അല്ല. സ്വാതന്ത്ര്യം എന്നത് നിരന്തരവും അശ്രാന്തവുമായ പരിശ്രമമാണ്. 1947 ന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും നമുക്ക് ഓരോരുത്തര്‍ക്കും ഇപ്പോഴും സ്വാതന്ത്ര്യസമരസേനാനികളെപ്പോലെ സംഭാവനകള്‍ നല്‍കാന്‍ കഴിയും. നമ്മുടെ പ്രിയപ്പെട്ട ഇന്ത്യയുടെയും നമ്മുടെ സഹ ഇന്ത്യാക്കാരുടെ അവസരങ്ങളുടെയും, സ്വാതന്ത്ര്യത്തിന്റെയും അതിരുകള്‍ വിശാലമാക്കിയാല്‍ നമുക്ക് അപ്രകാരം ചെയ്യാനാകും.

ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഇനിയൊട്ടു കാണാന്‍ സാദ്ധ്യതയുമില്ലാത്ത പതിനായിരിക്കണക്കിന് സഹ ഇന്ത്യാക്കാര്‍ക്ക് വേണ്ടി നമ്മുടെ കര്‍ഷകര്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയാണ്. ഭക്ഷ്യസുരക്ഷയും, നമ്മുടെ കുട്ടികള്‍ക്ക് പോഷകാഹാരവും ഉറപ്പാക്കികൊണ്ട് അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തെ കാത്ത് സൂക്ഷിക്കുകയാണ്. നമ്മുടെ കര്‍ഷകരെ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തുകയും അവരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള മറ്റ് സൗകര്യങ്ങളും നല്‍കുകയും ചെയ്താല്‍ നമ്മുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ തത്വങ്ങള്‍ക്കൊപ്പം നാം വളരും.

പര്‍വ്വതങ്ങളിലെ അതി കഠിനമായ കാലാവസ്ഥയിലും, സൂര്യന്റെ കഠിനതാപത്തിനും ചുട്ടുപൊള്ളുന്ന ആകാശത്തിന് കീഴിലും, സമുദ്രത്തിലുമൊക്കെ നമ്മുടെ സായുധ സേനകള്‍ ധീരതയോടെ നമ്മുടെ അതിര്‍ത്തികള്‍ കാത്ത് കൊണ്ട് നിലകൊള്ളുന്നു. പുറത്തുനിന്നുള്ള ഭീഷണികളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കി അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. അവര്‍ക്ക് മികച്ച ആയുധങ്ങളും ഉപകണരങ്ങളും നല്‍കുകയും, അത്തരം ആയുധങ്ങളുടെയും, ഉപകരണങ്ങളുടെയും വിതരണ ശൃംഖല ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കുകയും, അല്ലെങ്കില്‍ നമ്മുടെ സൈനികര്‍ക്ക് വേണ്ട ക്ഷേമാനുകൂല്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്താല്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ തത്വങ്ങള്‍ക്കൊപ്പം നാം വളരും.

നമ്മുടെ പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും വ്യത്യസ്തതയാര്‍ന്ന വെല്ലുവിളികള്‍ നേരിടുകയാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍, കുറ്റകൃത്യങ്ങള്‍ക്കും ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍ അല്ലെങ്കില്‍ സാധാരണക്കാരായ ജനങ്ങള്‍ തിരക്കേറിയ റോഡ് മുറിച്ചുകടക്കുമ്പോള്‍ അവരുടെ കൈപിടിച്ച് സഹായിക്കുന്നതിലുമൊക്കെ, നാം അവരുടെ തൊഴില്‍ പരവും വ്യക്തിപരവുമായ സാഹചര്യം മെച്ചപ്പെടുത്തുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ തത്വങ്ങള്‍ക്കൊപ്പം നാം വളരും.

വനിതകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സവിശേഷ സ്ഥാനമുണ്ട.് നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വ്യാപനം രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപനവുമായി പലതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. നാം അവരെ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍, ഇതൊന്നുമല്ലെങ്കില്‍ തങ്ങള്‍ തെരഞ്ഞെടുത്ത ജീവിതത്തിന് അവകാശമുള്ള, അവരുടെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരവും സുരക്ഷയും അര്‍ഹിക്കുന്ന വനിതകളായി കണക്കാക്കിയാലും ഇത് സത്യമാണ്. നമ്മുടെ കുടുംബങ്ങളുടെ നങ്കൂരമായി മാറാനും, നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ സേനയിലും നിര്‍ണ്ണായക പ്രവേശനം നേടിയും അവര്‍ക്കത് ചെയ്യാനാകും. തിരഞ്ഞെടുക്കേണ്ടത് അവരാണ്. അവര്‍ക്ക് ആ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശവും, കഴിവുമുണ്ടെന്ന് ഒരു രാജ്യമെന്ന നിലയിലും, ഒരു സമൂഹമെന്ന നിലയിലും ഒരു നാം ഉറപ്പുവരുത്തണം.

വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വായ്പ ലഭ്യമാക്കിയും, ദശലക്ഷക്കണക്കിന് അടുക്കളകളിലും വീടുകളിലും എളുപ്പത്തില്‍ പാചക വാതകം ലഭ്യമാക്കിയും ഈ പ്രക്രിയ നാം മുന്നോട്ടു കൊണ്ട് പോകവെ, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ തത്വങ്ങളോടൊപ്പം നാം വളരും.

നമ്മുടെ ചെറുപ്പക്കാര്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷയെയും ശുഭാപ്തി വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ യുവാക്കളുടെയും പ്രായമായവരുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു, പക്ഷേ അതിന് ഊര്‍ജ്ജം പകര്‍ന്നത് യുവാക്കളായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ ദാഹത്തില്‍ അവര്‍ വ്യത്യസ്ത രീതികളിലുള്ള പ്രവര്‍ത്തനമാണ് തിരഞ്ഞെടുത്തത്. പക്ഷേ അവരുടെ നിശ്ചയദാര്‍ഢ്യവും ആദര്‍ശവും, സ്വതന്ത്ര്യവും കൂടുതല്‍ മികച്ചതും, കൂടുതല്‍ സമത്വമുള്ളതുമായ ഇന്ത്യക്കായുള്ള അവരുടെ അഭിനിവേശവും അചഞ്ചലമായിരുന്നു.

നൈപുണ്യത്തിനും, വിജ്ഞാനത്തിനുമുള്ള ശേഷി സൃഷ്ടിച്ചും, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, സംരംഭകത്വം, സര്‍ഗാത്മകതയ്ക്കും കരകൗശലത്തിനും, സംഗീതം പൊഴിക്കാനും, മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിക്കാനും കായിക മേഖലയില്‍ ശോഭിക്കാനും ഇന്ന് നാം നമ്മുടെ യുവാക്കളിലെ അഗ്നി ജ്വലിപ്പിക്കുമ്പോള്‍, നാം നമ്മുടെ യുവജനങ്ങളുടെ അനന്തമായ മനുഷ്യവിഭവ മൂലധനം പ്രയോജനപ്പെടുത്തുന്നു. ഇതു വഴി സ്വാതന്ത്ര്യ സമരത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് നാം ഉയരുന്നു.

ഞാന്‍ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഇനിയും കൂടുതല്‍ ഉദാഹരണങ്ങളുണ്ടാകാം. തങ്ങളുടെ ജോലി അത്മാര്‍ത്ഥതയോടും സമര്‍പ്പണത്തോടും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും, ജോലിയുടെ ധാര്‍മ്മികതയോട് നീതി പുലര്‍ത്തി സമൂഹത്തിന് സംഭാവനകളര്‍പ്പിക്കുന്നവര്‍- അത് ഡോക്ടറുടെ ധാര്‍മ്മികതയാവാം, നഴ്‌സിന്റെ ധാര്‍മ്മികതയാവാം, അധ്യാപകന്റെ ധാര്‍മ്മികതയാവാം, പൊതുജന സേവകന്റെ ധാര്‍മ്മികതയാവാം, ഫാക്ടറി ജോലിക്കാരന്റെ ധാര്‍മ്മികതയാവാം, സ്‌നേഹത്തോടെയും ത്യാഗം സഹിച്ചും തങ്ങളെ വളര്‍ത്തി വലുതാക്കിയ പ്രായമായ രക്ഷിതാക്കളെ പരിപാലിക്കേണ്ടുന്നവരുടെ ധാര്‍മ്മികതയാവട്ടെ- ഇതില്‍ ഓരോന്നും, മറ്റു പലതും തങ്ങളുടെതായ രീതിയില്‍ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളും സേവനങ്ങളും തങ്ങളുടെ സഹ പൗരന്‍മാര്‍ക്ക് നല്‍കുകയാണവര്‍. തങ്ങളുടെ ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും/ഇന്ത്യക്കാരിയും വ്യക്തിപരമായും തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടും തങ്ങളുടെ ബാദ്ധ്യത നിറവേറ്റുകയും, വാക്കു പാലിക്കുകയും അടിസ്ഥാനതലത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ചെയ്യുന്നത്. ക്യൂ ചാടിക്കടന്ന് മുന്നോട്ടു പോവാത്ത, വരിയില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ ഇടവും പൗരാവകാശവും ബഹുമാനിക്കുന്ന, എല്ലാവരും സ്വാതന്ത്ര്യസമരത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണെന്ന് ഞാന്‍ വാദിക്കും. അത് വളരെച്ചെറിയ ഒരു കാര്യമാണ്. നമുക്കതിനായി ശ്രമിക്കുകയും നിലനിര്‍ത്തുകയും ചെയ്യാം.

പ്രിയ സഹപൗരന്‍മാരേ,
ഞാന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങള്‍, പിന്നിട്ട വര്‍ഷങ്ങളില്‍ ചിലപ്പോള്‍ പത്തോ ഇരുപതോ വര്‍ഷം അല്ലെങ്കില്‍ അതിന് മുമ്പോ പോലും സത്യമായിപ്പുലര്‍ന്നിട്ടില്ലെന്ന് നിങ്ങള്‍ അതിശയിക്കുന്നുണ്ടാകും. കുറച്ചൊക്കെ അങ്ങനെയുണ്ട്. എന്നിരുന്നാലും നാം ചരിത്രത്തിന്റെ ഒരു നിര്‍ണ്ണായക സന്ധിയിലാണ്. അത് നാം ഇതുവരെ അനുഭവിച്ച ഏത് കാലഘട്ടത്തെക്കാളും വളരെ വ്യത്യസ്തവുമാണ്. നമ്മുടെ ദീര്‍ഘകാലമായുള്ള പല ലക്ഷ്യങ്ങളും നേടുന്നതിന്റെ തൊട്ടടുത്താണ് നാം. എല്ലാവര്‍ക്കും വൈദ്യുതി ലഭ്യത, തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍, ഭവനരഹിതരില്ലാത്ത അവസ്ഥ സൃഷ്ടിക്കല്‍, അതി ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍ എന്നിവ സാധ്യമായതും കൈവരിക്കാവുന്നതുമാണ്. നാം പരമപ്രധാനമായ ഒരു നിമിഷത്തിലാണ്. വിവാദ വിഷയങ്ങളും ബാഹ്യ ചര്‍ച്ചകളും നമ്മുടെ ശ്രദ്ധതിരിക്കരുത്.

നാലു വര്‍ഷത്തിനു ശേഷം നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കും. 30 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ജനങ്ങള്‍, ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കും. ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങള്‍, ഇന്ന് നാം പാകുന്ന തറക്കല്ലുകള്‍, ഇന്ന് നാം ഏറ്റെടുക്കുന്ന പദ്ധതികള്‍, ഇന്ന് നാം നടത്തുന്ന സാമൂഹ്യ, സാമ്പത്തിക നിക്ഷേപങ്ങള്‍- അത് സമീപ ഭാവിയിലേയ്ക്കുള്ളതായാലും ഇടക്കാലത്തേയ്ക്കുള്ളതായാലും- നാം എവിടെ നില്‍ക്കുന്നുവെന്ന് അത് തീരുമാനിക്കും. നമ്മുടെ രാജ്യത്തെ മാറ്റത്തിന്റെയും വികസനത്തിന്റെയും വേഗം ദ്രുതഗതിയിലുള്ളതും അഭിനന്ദനാര്‍ഹവുമാണ്. നമ്മുടെ നാഗരിക പാരമ്പര്യങ്ങളനുസരിച്ച് അത് ജനങ്ങള്‍, പൗര സമൂഹം, പൗരന്‍മാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തം എന്നിവയിലധിഷ്ഠിതമാണ്. ഇന്ത്യന്‍ ചിന്താധാരയുടെ സത്തയോടു ചേര്‍ന്നുനിന്ന്, അവശതയനുഭവിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് അതിന്റെ ഊന്നല്‍.

ഞാന്‍ നിങ്ങള്‍ക്ക് ഒരൊറ്റ ഉദാഹരണം ചൂണ്ടിക്കാട്ടാം. ഗ്രാമ സ്വരാജ് യജ്ഞം ഏഴ് സുപ്രധാന പരിപാടികളാണ് നമ്മുടെ സഹ പൗരന്മാരിലെ ഏറ്റവും പാവപ്പെട്ടവരുടെയും, അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഇല്ലാത്തവരുടെയും വീട്ട് പടിക്കല്‍ വരെ എത്തിക്കുന്നത്. വൈദ്യുതി, ഔപചാരിക ബാങ്കിംഗ് സംവിധാനം, ക്ഷേമ – ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, പ്രതിരോധ കുത്തിവയ്പ്പ് മുതലായവ ഇതുവരെയും എത്താത്ത പ്രദേശങ്ങളില്‍ ലഭ്യമാക്കുന്നത് ഈ സേവനങ്ങളില്‍പ്പെടും. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും വികസന ഗാഥയിലെ വേറിട്ട് നില്‍ക്കുന്ന വിടവുകളായ 117 അഭിലാഷാത്മക ജില്ലകളിലേയ്ക്ക് ഗ്രാമ സ്വരാജ് യജ്ഞം വ്യാപിപ്പിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമല്ലെങ്കിലും ഈ ജില്ലകളിലെ ജനതസഞ്ചയവും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരെ പോലെ ചരിത്രപരമായി തന്നെ ദുര്‍ബലരായ സമൂഹങ്ങളും തമ്മില്‍ ഗണ്യമായ തോതില്‍ സമാനതകള്‍ ഉണ്ട്. നിലവില്‍, നിര്‍ഭാഗ്യവശാല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയേണ്ടി വന്ന നമ്മുടെ സഹ പൗരന്മാരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ നമുക്കൊരു അവസരം ലഭിച്ചിരിക്കുകയാണ്. ഗവണ്‍മെന്റ് തനിച്ചല്ല ഗ്രാമസ്വരാജ് യജ്ഞം നടപ്പാക്കി വരുന്നത്. പങ്ക് വയ്ക്കാനും, താദാത്മ്യം പ്രാപിക്കാനും, തിരിച്ച് നല്‍കാനും, ഉല്‍സുകരായ നിസ്വര്‍ത്ഥരായ പൗരന്മാരുടെ കൂട്ടായ്മകളുടെയും, പൊതു ഏജന്‍സികളുടെയും ഒരു കൂട്ടായ പ്രവര്‍ത്തനമാണിത്.

പ്രിയപ്പെട്ട സഹപൗരന്മാരെ,

സ്വാതന്ത്ര്യ ദിനം എപ്പോഴും വിശേഷപ്പെട്ടതാണ്. പക്ഷേ ഇക്കൊല്ലം അതിന് അസാധാരണമായ പ്രാധാന്യമുണ്ട്. ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോള്‍, ഒക്‌ടോബര്‍ 02 ന് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെ അനുസ്മരണ ആഘോഷങ്ങള്‍ക്ക് നാം തുടക്കമിടും. ഗാന്ധിജി നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കേവലം നയിക്കുക മാത്രമല്ല ചെയ്തത് അദ്ദേഹം എക്കാലത്തെയും നമ്മുടെ സദാചാര ദിശാ സൂചികയായിരുന്നു, ആയിരിക്കുകയും ചെയ്യും. ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയില്‍ ലോകം ചുറ്റാന്‍, പ്രത്യേകിച്ച് ആഫ്രിക്കയിലെ ചില രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എല്ലായിടത്തും, ഭൂഖണ്ഡങ്ങളിലുടനീളം, സര്‍വ്വ മാനവികതയുടെയും ബിംബമായി ഗാന്ധിജി പരാമര്‍ശിക്കപ്പെടുകയും, മനസില്‍ താലോലിക്കപ്പെടുകയും, അനുസ്മരിക്കുകയും ചെയ്യപ്പെടുന്നു. അദ്ദേഹം ഇന്ത്യയുടെ മൂര്‍ത്തീകരണമാണ്.

ഗാന്ധിജിയെ മനസിലാക്കുകയെന്നത് എപ്പോഴും ലളിതമല്ല. രാഷ്ട്രീയത്തിന്റെയോ, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയോ, സ്വതന്ത്ര്യത്തിന്റെ പോലും നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ തന്നെ പരിമിതപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. നീലം കര്‍ഷകരുടെ പ്രക്ഷോഭ വേളയില്‍ ഗാന്ധിജിയും, ഭാര്യ കസ്തൂര്‍ബയും ബീഹാറിലെ ചമ്പാരനിലേയ്ക്ക് പോയപ്പോള്‍ അവരുടെ സമയത്തിന്റെ നല്ലൊരു ഭാഗം ശുചിത്വത്തെയും, ആരോഗ്യത്തെയും കുറിച്ച് തദ്ദേശവാസികളെ, പ്രത്യേകിച്ച് സ്ത്രീകളെയും, കുട്ടികളെയും പറഞ്ഞ് മനസിലാക്കാനും, പഠിപ്പിക്കാനുമാണ് വിനിയോഗിച്ചത്. ഇവിടെയും, മറ്റ് പല വേളകളിലും ശുചിത്വത്തിനും, വൃത്തിക്കും വേണ്ടിയുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്ക് ഗാന്ധിജി വ്യക്തിപരമായി തന്നെ നേതൃത്വം നല്‍കി. സ്വയം അച്ചടക്കത്തിന്റെയും, ശാരീരികവും, മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതിന്റെയും പ്രവൃത്തിയുമായി അഴുക്ക് നീക്കം ചെയ്യലിനെ അദ്ദേഹം ബന്ധപ്പെടുത്തി.

അക്കാലത്ത് നിരവധി പേര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇതിനൊക്കെ സ്വതന്ത്ര്യവുമായിട്ട് എന്താണ് ബന്ധം ? ഗാന്ധിജിയെ സംബന്ധിച്ച് സ്വാതന്ത്ര്യ ദാഹത്തിന്റെ നടുത്തുണ്ടാമായിരുന്നു അവ. അദ്ദേഹത്തെ സംബന്ധിച്ച് ഈ പോരാട്ടം കേവലം രാഷ്ട്രീയ അധികാരത്തിന് വേണ്ടി മാത്രമുള്ളതല്ല മറിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ശാക്തീകരിക്കാനും, നിരക്ഷര്‍ക്ക് വിദ്യാഭ്യാസം പകരാനും, അന്തസാര്‍ന്ന ജീവിതത്തിനുള്ള അവകാശം ഉറപ്പ് വരുത്താനും ഓരോ ഗ്രാമത്തിനും, ഓരോ അയല്‍പ്പക്കത്തിനും, ഓരോ കുടുംബത്തിനും, ഓരോ വ്യക്തിക്കും, പ്രായോഗികമായ ജീവനോപാധി ഉറപ്പാക്കാനും വേണ്ടിയുള്ളതാണ്.

അനിതരസാധാരണമായ ഉല്‍സാഹത്തോടെയാണ് ഗാന്ധിജി സ്വദേശിയെ കുറിച്ച് പറഞ്ഞിരുന്നത്. ഇന്ത്യന്‍ സര്‍ഗ്ഗാത്മകതയെയും, ഇന്ത്യന്‍ സംവേദനക്ഷമതയെയും പരിപോഷിപ്പിക്കുന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. എന്നിരുന്നാലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ബുദ്ധിപരമായ പ്രവാഹങ്ങളോട് അദ്ദേഹം സജീവമായിരുന്നു. നമ്മുടെ പാണ്ഡിത്യത്തെ സമ്പുഷ്ടമാക്കാന്‍ അദ്ദേഹം ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ അദ്ദേഹം നിര്‍വ്വചിച്ചത് തുറന്ന ജനാലകളിലൂടെയാണ് മറിച്ച് അടഞ്ഞ വാതിലിലൂടെയല്ല. സ്വദേശിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പം അതായിരുന്നു. ഇന്ന് നാം ലോകവുമായി ഇടപഴകുമ്പോള്‍ അത് നമ്മുടെ സമ്പദ്ഘടനയായാലും, അത് നമ്മുടെ ആരോഗ്യമായാലും, വിദ്യാഭ്യാസമായാലും, സാമൂഹിക അഭിലാഷങ്ങളായാലും അല്ലെങ്കില്‍ നയപരമായ തിരഞ്ഞെടുക്കലായാലും അത് ഇന്നു പ്രസക്തമാണ്.

അഹിംസയുടെ ശക്തി ഹിംസയുടെ ശക്തിയേക്കാല്‍ വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരിക്കാം ഒരു പക്ഷേ, ഗാന്ധിജിയുടെ മഹത്തായ മന്ത്രം. കൈ കൊണ്ട് അടിക്കുന്നതിനേക്കാല്‍ ശക്തി വേണം കൈ അടക്കി വയ്ക്കുന്നതിന്; ഹിംസയ്ക്ക് നമ്മുടെ സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. അഹിംസയുടെ ആയുധമാണ് ഗാന്ധിജി നമുക്ക് നല്‍കിയ ഏറ്റവും കാര്യക്ഷമമായ ആയുധം. അദ്ദേഹത്തിന്റെ മറ്റ് അനുശാസനങ്ങളെ പോലെ അത് ഇന്ത്യയുടെ പ്രാചീന വിജ്ഞാനത്തില്‍ വേരൂന്നിയിരിക്കുന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ നിത്യ ജീവിതങ്ങളില്‍ മാറ്റൊലി കൊള്ളുന്നതുമാണ്.

ഗാന്ധിജിയുടെ 150-ാം അനുസ്മരണ വാര്‍ഷികത്തോട് അടുത്ത് നില്‍ക്കുന്ന ഈ സ്വാതന്ത്ര്യ ദിനത്തില്‍, നാം ഓരോരുത്തര്‍ക്കും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രമാണങ്ങളും നമുക്ക് പറ്റാവുന്ന തരത്തിലൊക്കെ നമ്മുടെ നിത്യേനയുള്ള പ്രവൃത്തിയുടെയും പെരുമാറ്റത്തിന്റെയും ഭാഗമാക്കാം. നമ്മുടെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല. ഭാരതീയനെന്ന അവസ്ഥ ആഘോഷിക്കാനും ഇതിലും നല്ലൊരു മാര്‍ഗ്ഗത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല.

ഭാരതീയനെന്ന ഈ അവസ്ഥ നമുക്ക് മാത്രമുള്ളതല്ല. നമ്മുടെ രാജ്യവും നമ്മുടെ സംസ്‌കാരവും ആഗോള വേദിയിലേക്ക് കൊണ്ടു വന്നതിന്റെ ഒരു ഭാഗമാണത്. ഗാന്ധിജിയുടെ ചേതനയിലും ഇന്ത്യയുടെ ആത്മാവിലും നിന്നു കൊണ്ട് നാം വിശ്വസിക്കുന്നത് വസുധൈവ കുടുംബകം അഥവാ ‘ലോകമൊരു കുടുംബം ‘ എന്ന പുരാതന ആദര്‍ശത്തിലാണ്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയും, കാലാവസ്ഥാ മാറ്റമെന്ന വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ചും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐക്യരാഷ്ട്ര സഭാ സമാധാന സേന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനങ്ങള്‍ നല്‍കിയും, പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച അയല്‍ രാജ്യങ്ങളെ സഹായിച്ചും, സംഘര്‍ഷ മേഖലകളില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ക്കൊപ്പം മറ്റു രാജ്യങ്ങളിലെ ജനങ്ങളെയും രക്ഷപ്പെടുത്തിയും മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തോടുമുള്ള നമ്മുടെ താത്പര്യം നാം പ്രകടിപ്പിക്കുന്നത് ഇതു കൊണ്ടാണ്. ഗാന്ധിജിയുടെ ചേതനയിലും ഇന്ത്യയുടെ ആത്മാവിലും നിന്നു കൊണ്ട് നാം ആരോഗ്യത്തിനും ക്ഷേമത്തിനുമായി യോഗയെന്ന ശീലം പങ്കുവയ്ക്കുകയും, വികസനത്തിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നാം ഗാന്ധിജിയുടെ മക്കളാണ്. ഒറ്റയ്ക്ക് നടക്കുമ്പോഴും നാം മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിനുമായി സ്വപ്നം കാണുന്നു.

പ്രിയ സഹ പൗരന്മാരേ,
ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും സര്‍വകലാശാല അധികാരികളുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ ഞാന്‍ വിദ്യാര്‍ത്ഥികളോട് കുറച്ച് ദിവസം-വര്‍ഷത്തില്‍ നാലോ അഞ്ചോ ദിവസം- ഒരു ഗ്രാമത്തില്‍ ചെലവഴിക്കാന്‍ ആവശ്യപ്പെടാറുണ്ട്. ‘സര്‍വ്വകലാശാലാ സമൂഹിക പ്രതിബദ്ധത’ എന്നു പേര് നല്‍കി ഇത് നടപ്പാക്കുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് നമ്മുടെ രാജ്യത്തെ മനസ്സിലാക്കാന്‍ സഹായകരമാവും. സാമൂഹിക ക്ഷേമ പദ്ധതികളെ നിരീക്ഷിക്കുന്നതിനും, അതില്‍ പങ്കാളികളാകുന്നതിനും, അവ എങ്ങനെയാണ് സ്വാധീനം സൃഷ്ടിക്കുന്നതെന്ന് കണ്ടറിയുന്നതിനും, അത് അവരെ അനുവദിക്കും. അത് ഓരോ വിദ്യാര്‍ത്ഥിയ്ക്കും, ഗ്രാമത്തിനും, രാജ്യത്തിനു തന്നെയും ഗുണകരമാവും. അത് നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണത ആവാഹിച്ചെടുക്കുകയും, എല്ലാ പൗരന്മാര്‍ക്കും ദേശീയ ദൗത്യവുമായി താദാത്മ്യം സാധ്യമാക്കുകയും ചെയ്യും.

നമ്മുടെ യുവ ജനങ്ങളുടെ ആദര്‍ശനിഷ്ഠയിലും, അത്യുത്സാഹത്തിലും ഞാന്‍ സംതൃപ്തനാണ്. തനിക്കും, തന്റെ കുടുംബത്തിനും, വിശാല സമൂഹത്തിനും, നമ്മുടെ രാജ്യത്തിനും വേണ്ടി എന്തെങ്കിലും നേടിയെടുക്കാനുള്ള ആവേശം അവരിലുണ്ട്. ഇതാണ് നമുക്ക് ആഗ്രഹിക്കാവുന്ന ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പരമാവധി. വിദ്യാഭ്യാസത്തിന്റെ പരിണിതഫലം ഡിഗ്രിയോ, ഡിപ്ലോമയോ മാത്രമല്ല, മറിച്ച് മറ്റൊരാളുടെ ജീവിതം സുസ്ഥിരമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ട സഹായം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ്. സഹാനുഭൂതിയും, സാഹോദര്യവും നടപ്പില്‍ വരുത്തുന്നതാണത്. അതാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ അതാണ്, എന്തെന്നാല്‍ ഇന്ത്യ, ഇന്ത്യന്‍ ജനതയുടേതാണ്- ഭരണകൂടത്തിന്റേത് മാത്രമല്ല.

ഒത്തൊരുമിച്ച് നമുക്ക് നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാരെയും സഹായിക്കാം. ഒരുമിച്ചു നിന്ന് നമുക്ക് നമ്മുടെ വനങ്ങളെയും, പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കാം, നമ്മുടെ പൈതൃക സ്മാരകങ്ങള്‍ വരും തലമുറകള്‍ക്കായി നമുക്ക് കാത്തുസൂക്ഷിക്കാം, ഗ്രാമങ്ങളിലെയും, നഗരങ്ങളിലെയും വാസസ്ഥലങ്ങള്‍ നമുക്ക് പുതുക്കിപ്പണിയാം. ഒന്നിച്ചു ചേര്‍ന്ന് നമുക്ക് ദാരിദ്രത്തെയും, നിരക്ഷരതയെയും, അസമത്വത്തെയും ഉന്മൂലനം ചെയ്യാം. നമുക്കത് ചെയ്യാനാകും, നാമത് ഒത്തൊരുമിച്ചു നിന്ന് ചെയ്യണം. ഗവണ്‍മെന്റിന് അതില്‍ നേതൃപരമായ പങ്കാണുള്ളത്, എന്നാലത് ഗവണ്‍മെന്റിന്റെ മാത്രം ഉത്തരവാദിത്തമല്ല. നമ്മുടെ സ്വന്തം പ്രയത്‌നങ്ങളെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ നമുക്ക് ഗവണ്‍മെന്റിന്റെ പദ്ധതികളെയും, സംരംഭങ്ങളെയും ഉപയോഗപ്പെടുത്താം. ആ ഉടമസ്ഥതാ ബോധത്തെ നമ്മുടെ പ്രചോദനമാക്കി മാറ്റാം.

ഈ വാക്കുകളോടെ, ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കും, കുടുംബത്തിനും സ്വാതന്ത്ര്യ ദിനത്തില്‍ നന്മകള്‍ നേരുന്നു, ഉജ്വല ഭാവിയ്ക്കായി ആശംസകള്‍ അര്‍പ്പിക്കുന്നു.

നന്ദി

302 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close