ആലപ്പുഴ: ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കൂട്ടായ്മയോടെ ഓണം ആഘോഷിച്ച് കുട്ടനാട്ടുകാർ. സമൃദ്ധമായ സദ്യ കഴിച്ചും കലാപരിപാടികളിൽ ഏർപ്പെട്ടും ആയിരുന്നു ഇത്തവണത്തെ ഇവരുടെ ഓണം.
വീട്ടിൽ ഇരുന്നു ഓണം ഉണ്ണാൻ കഴിഞ്ഞില്ല. അത് നേരിയ നിരാശ ഉണ്ട് എങ്കിലും കുട്ടനാട്ടുകാർ പതിവ് പോലെ ഓണത്തെ വരവേറ്റു. ദുരിതാശ്വാസ ക്യാമ്പുകളിലെ കൂട്ടായ്മയിൽ. നാക്കിലയിൽ വിഭവങ്ങൾ എല്ലാം നിരത്തി സമൃദ്ധമായ സദ്യ. ഒപ്പം പായസവും.
അതിഥികളായി മന്ത്രിമാരും ജന പ്രതിനിധികളും. പ്രളയ ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. വിവിധ കലാ പരിപാടികളും തിരുവോണത്തോടു അനുബന്ധിച്ചു നടന്നു.