ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിനും വനിത ടീമിനും വെള്ളി. ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇരു വിഭാഗത്തിലും സ്വര്‍ണം നേടിയത്.
ഷൂട്ടൗട്ടിലാണ് പുരുഷ ടീം തോല്‍വി സമ്മതിച്ചത്. നാല് സെറ്റുകളും പൂര്‍ത്തിയായപ്പോള്‍ 229 പോയിന്റ് നേടി ഇരു കൂട്ടരും സമനിലയിലായിരുന്നു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രജത് ചൗഹാന്, അഭിഷേക് വര്‍മ, അമാന്‍ സെയ്നി, എന്നിവരാണ് ടീം അംഗങ്ങള്‍.
വനിത വിഭാഗത്തില്‍ മുസ്കാന് കിറാര്‍, മധുമിത കുമാരി, സുരേഖ ജ്യോതി എന്നിവരാണ് മെഡല്‍ നേടിയത്. സ്കോര്‍: 231-228. മത്സരത്തില്‍ മികച്ച തുടക്കം നേടിയെങ്കിലും അവസാന സെറ്റില്‍ ഇന്ത്യക്ക് കാലിടറി. ആദ്യ മൂന്ന് സെറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 173 ആയിരുന്നു ഇരു കൂട്ടരുടേയും സ്കോര്‍. എന്നാല്‍ അവസാന സെറ്റില്‍ ദക്ഷിണകൊറിയ 58 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 55 പോയിന്റ് നേടാനേ സാധിച്ചുള്ളു.