ജക്കാർത്ത : 48 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ട്രിപ്പിൾ ജമ്പിൽ സ്വർണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ അർപീന്ദർ സിംഗും , ഹെപ്റ്റാത്തലണിൽ ചരിത്ര സ്വർണം നേടിയ സ്വപ്ന ബർമനും ഏഷ്യൻ ഗെയിംസിലെ പതിനൊന്നാം ദിനം ഇന്ത്യക്ക് അവിസ്മരണീയമാക്കി.
ഷോട്ട്പുട്ടിലും ഹൈജമ്പിലും ജാവലിൻ ത്രോയിലും ഒന്നാമതെത്തിയ സ്വപ്ന ലോംഗ് ജമ്പിൽ രണ്ടാമതെത്തി കരുത്തുകാട്ടി. എന്നാൽ ട്രാക്ക് ഇനങ്ങളിൽ പിന്നിൽ പോയെങ്കിലും പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം നേടിയതോടെ സ്വർണം ലഭിക്കുകയായിരുന്നു.
1970 ൽ മൊഹിന്ദർ സിംഗ് ഗിൽ സ്വർണം നേടിയ ശേഷം ആദ്യമായി ട്രിപ്പിൾ ജമ്പ് സ്വർണം നേടി അർപീന്ദറും ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ചു.16.77 മീറ്റർ ചാടിയാണ് അർപീന്ദർ സുവർണനേട്ടം ഇന്ത്യക്ക് സമ്മാനിച്ചത്.
200 മീറ്ററിൽ വെള്ളി നേടി ദ്യുതി ചന്ദും ദിവസം അവിസ്മരണീയമാക്കി. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ കമൽ -ബത്ര കൂട്ടുകെട്ട് വെങ്കലം നേടി. വനിത ഹോക്കിയിൽ ചൈനയെ 1-0 നു തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നത് മറ്റൊരു നേട്ടമായി.
നിലവിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 11 സ്വർണവും 20 വെള്ളിയും 23 വെങ്കലങ്ങളുമായി 54 മെഡലുകളാണ് ഉള്ളത്.















