ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘത്തെ ഇന്ന് കേരളത്തിലേക്ക് അയക്കും. കേരളത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രമന്ത്രാലയം സംഘത്തെ അയക്കുന്നത്. മുപ്പത് വിദഗ്ധ ഡോക്ടര്‍മാര്‍, 20 ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നെത്തുന്നത്. ഇതിന് പുറമെ 12 പൊതുജനാരോഗ്യ സംഘങ്ങളേയും അയക്കുന്നുണ്ട്. ഇതില്‍ ഓരോ സംഘത്തിലും പൊതുജനാരോഗ്യ വിദഗ്ധന്‍, ഒരു മൈക്രോ ബയോളജിസ്റ്റ്, ഒരു എന്റമോളജിസ്റ്റ് എന്നിവരുമുണ്ട്. ഇതിന് പുറമെ ബെംഗലുരു നിംഹാന്‍സില്‍ നിന്ന് 40 അംഗ സൈക്കോ സോഷ്യല്‍ വിദഗ്ധരും എത്തും. 14 ജില്ലകളിലും മനശാസ്ത്ര വിദഗ്ധരുടെ സേവനവുമുണ്ടാകും.
ഇതിന് പുറമെ വിവിധ ഇനം അവശ്യമരുന്നുകളും അയക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. 120 ടണ്‍ മരുന്നുകളാണ് അയച്ചത്. 40 അള്‍ട്രാ ലോ വോള്യം ഫോഗിംഗ് യന്ത്രങ്ങളും അയച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധത്തിനും ചികിത്സക്കുമുള്ള മരുന്നുകളും അയച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി സംസാരിച്ചിരുന്നതായും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും ജെ.പി.നഡ്ഡ പറഞ്ഞു.