പാലക്കാട്: പി.കെ.ശശി എം.എല്‍.എക്കെതിരായ പീഡന പരാതി കത്തി നില്‍ക്കെ ഇന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി യോഗം ചേരും. ഉച്ചക്ക് രണ്ടു മണിക്ക് യൂത്ത് സെന്ററിലാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി യോഗം ചേരുന്നത്. അടുത്ത മാസത്തേക്ക് മാറ്റി വെച്ച ജില്ലാ സമ്മേളനത്തിന്റെ കാര്യങ്ങളാണ് അജണ്ടയിലുള്ളതെങ്കിലും പി.കെ.ശശിക്കെതിരായ പരാതിയും ചര്‍ച്ചക്ക് വരുമെന്നാണ് സൂചന. പെണ്‍കുട്ടിക്കൊപ്പം നില്ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന നിലപാടിലാണുള്ളത്.
ജില്ലാ സെക്രട്ടറി പ്രേം കുമാര്‍ ഉള്‍പ്പെടെയുള്ള നേതൃത്വം പെണ്‍കുട്ടിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചതും, ശശിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും സംഘടനക്കുള്ളില്‍ വന്‍ വിഭാഗീയതക്കിടയാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആരോപണ വിധേയനൊപ്പം നിന്ന നേതൃത്വത്തിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. കൂടാതെ ജില്ലാ കമ്മറ്റി അംഗം കൂടിയായ പരാതിക്കാരി യോഗത്തില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
അതേ സമയം പി.കെ.ശശിയുടെ രാജി ആവശ്യപ്പെട്ട് ഉച്ചക്ക് രണ്ട് മണിക്ക് ചെര്‍പ്പുള്ളശ്ശേരിയില്‍ ബിജെപി പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്യും.