കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന രണ്ട് കിന്റല്‍ പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. ഇരിട്ടി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ചാവശ്ശേരി പത്തൊമ്പതാം മൈല്‍ സ്വദേശിയായ മുഹമ്മദ് അജ്മല്‍, പെരിയത്തില്‍ സ്വദേശി മിന്‍ഷാദ് പി കെ എന്നിവരെ സംഭവത്തില്‍ പിടികൂടി. മലയോരത്തെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന മലയോരത്തെ പ്രധാന സംഘത്തില്‍ പെട്ടവരാണ് ഇവര്‍.
ലഹരി കടത്തു സംഘങ്ങളുടെ സാന്നിദ്ധ്യം തടയുന്നതിന് ഇരിട്ടി എക്സൈസ് മേഖലയില്‍ റെയ്ഡുകള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാഹന പരിശോധനയില്‍ കഞ്ചാവ് ,നിരോധിത പുകയില ഉല്പന്നങ്ങള് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ മേഖലയില്‍ പരിശോധന ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം.