ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ കരുത്തരായ ശ്രീലങ്കയെ വൻ മാർജിനിൽ തോൽപ്പിച്ച് തങ്ങൾ ചെറിയ മീനല്ല എന്ന് ബംഗ്ലാദേശ് ഒരിക്കൽ കൂടി തെളിയിച്ചു. മത്സരത്തിൽ 137 റൺസിന്റെ ആധികാരിക ജയമായിരുന്നു ബംഗ്ലാദേശിന്റേത്. സെഞ്ച്വറി നേടിയ നായകൻ മുഷ്ഫിക്കർ റഹീമായിരുന്നു അവരുടെ വിജയ ശിൽപ്പി. എന്നാൽ മത്സര ശേഷം ആരാധകരുടെ കയ്യടി മറ്റൊരു താരത്തിനായിരുന്നു. പരിക്കേറ്റിട്ടും അത് വകവെക്കാതെ ക്രീസിൽ തിരിച്ചെത്തിയ തമീം ഇക്ബാലാണ് ആ താരം.
ഓപ്പണറായി ഇറങ്ങിയ തമീമിന് സുരംഗ ലക്മൽ എറിഞ്ഞ രണ്ടാം ഓവറിൽ ഒരു പുൾ ഷോട്ടിന് ശ്രമിക്കവെയാണ് പരിക്കേറ്റത്. തുടർന്ന് വൈദ്യസഹായം തേടിയ തമീം റിട്ടയേർഡ് ഹർട്ട് ആയി. പ്രശ്നം ഗുരതരമെന്ന് കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറെയിൽ കൈക്ക് ചെറിയ പൊട്ടലുണ്ടെന്ന് കണ്ടു. എന്നാൽ പിന്നീട് കണ്ടത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു.
https://twitter.com/aravindisback/status/1040988236196134912
47-ാം ഓവറിൽ ഒൻപതാം വിക്കറ്റായി മുസ്തഫിസുർ റഹ്മാൻ പുറത്താവുമ്പോൾ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഒടിഞ്ഞ കയ്യുമായി തമീം ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. അവസാന വിക്കറ്റിൽ തമീം ഇക്ബാൽ മുഷ്ഫിക്കർ റഹീം കൂട്ടുകെട്ട് 32 റൺസ് അടിച്ചെടുത്തു.
ഒറ്റക്കൈയിൽ തമീം ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു.















