അബുദാബി: ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ബംഗ്ലാദേശിനോട് 137 റണ്‍സിനാണ് പരാജയപ്പട്ടതെങ്കില്‍ അഫ്ഗാനിസ്ഥാനോട് 91 റണ്‍സിനാണ് ലങ്ക പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 249 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ ഇന്നിങ്‌സ് 158ല്‍ ഒതുങ്ങി. 41.2 ഓവറില്‍ 158ന് എല്ലാവരും പുറത്താവുകയായിരുന്നു.
രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ മുജീബ് റഹ്മാന്‍, ഗുല്‍ബാദിന്‍ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിംഗ് ആണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 36 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മത്ത് ഷായുടെ ബാറ്റിംഗ് കരുത്തിലാണ് 249 എന്ന സ്‌കോര്‍ നേടിയത്. 90 പന്തില്‍ 72 റണ്‍സെടുത്ത റഹ്മത്ത് അഞ്ച് തവണയാണ് പന്ത് ബൗണ്ടറിലൈന്‍ കടത്തിയത്. 45 റണ്‍സെടുത്ത ഓപ്പണര്‍ ഇഹ്‌സാനുള്ള, റഹ്മത്തിന് മികച്ച പിന്തുണ നല്‍കി.















