കൊച്ചി: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അറസ്റ്റ് തടയാനുള്ള ബിഷപ്പിന്റെ നീക്കത്തിന് തിരിച്ചടിയായി. ബിഷപ്പിനെ നാളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് വേണമോ എന്ന തീരുമാനം സര്‍ക്കാരിന് എടുക്കാം.
അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജാരാകുന്നതിനെ മുമ്പേ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സമ്പാദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയത്. ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കാനുള്ള പ്രത്യേക അനുമതിയും തേടി. എന്നാല്‍ ജസ്റ്റിസ് രാജാ വിജയരാഘവന്റെ വിഷയം പരിഗണിച്ചെങ്കിലും സര്‍ക്കാരിനോട് വിശദീകരണം തേടി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
അറസ്റ്റ് തടയണമെന്ന ഹര്‍ജിയിലെ ആവശ്യം പരിഗണിക്കാതിരുന്ന സാഹചര്യത്തില്‍ ബിഷപ്പ് ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിനും തീരുമാനം എടുക്കേണ്ടി വരും. ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ അറസ്റ്റ് എന്ന നിലപാട് നേരത്തെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അറസ്റ്റ് അന്വേഷണ സംഘത്തിന്റെ വിവേചനത്തില്‍ പെടുന്ന കാര്യമെന്ന് ഹൈക്കോടതി പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കുക അന്വേഷണസംഘത്തിന് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. അറസ്റ്റ് ഇനിയും വൈകിയാല്‍ അത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവും ശക്തമാക്കും.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന പ്രതീക്ഷയാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകളും പങ്കുവെച്ചത്. കേരളത്തിലെത്തിയ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുമോ എന്നതും അന്വേഷണ സംഘത്തെ വെട്ടിലാക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പ് കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ എന്ത് നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. കേരളത്തിലെത്തിയ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരുന്നാല്‍ അത് സര്‍ക്കാരിനും പൊലീസിനുമെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കും.