ബംഗലുരു: ഭര്‍ത്താവിനെ മാല മോഷ്ടിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഭാര്യ പിടിയില്‍. ബംഗലുരു സ്വദേശിയായ അച്യുത് കുമാറിന്റെ ഭാര്യ മഹാദേവി(29)യാണ് പൊലീസ് പിടിയിലായത്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ഭര്‍ത്താവിനെ മാല മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്. ദിവസം മൂന്ന് സ്വര്ണമാലയെങ്കിലും കൊണ്ടുവരണമെന്നായിരുന്നു മഹാദേവി ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. ഭാര്യ കാരണമാണ് താന്‍ മോഷ്ടാവായതെന്ന് അച്യുത്കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മോഷ്ടിച്ച ആഭരണങ്ങള്‍ മഹാദേവി തന്നെ വിവിധ കടകളിലെത്തിച്ച് പണം വാങ്ങും. ഈ പണം ആഡംബര ഹോട്ടലുകളില്‍ താമസിക്കാനും, വിലകൂടിയ വസ്തുക്കള്‍ വാങ്ങാനും വേണ്ടിയാണ് ചിലവാക്കിയിരുന്നത്.
അച്യുതിനെ രണ്ട് മാസം മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം തന്റെ പേരിലും കേസ് വന്നതോടെ മഹാദേവി ഒളിവില്‍ പോവുകയായിരുന്നു. ഗോവയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം ബംഗലുരുവിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.
ബംഗലുരുവില്‍ മാത്രം 70 മാലമോഷണക്കേസുകളാണ് അച്യുതിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് 1.05 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും മോഷണത്തിനായി ഉപയോഗിക്കുന്ന രണ്ട് കാറുകളും അഞ്ച് ബൈക്കുകളും പിടിച്ചെടുത്തിരുന്നു.