Special

ഇന്ന് ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിദിനം

ഇന്ന് കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം. ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും,വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.

പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.

സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട കര്‍മ്മയോഗിയാണ് ശ്രീനാരായണ ഗുരു. കണ്ണാടിയും ഓങ്കാരവും ദീപവും ശാരദാ മഠവും, പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയര്‍ത്തി. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.

ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. ഈ ആധുനിക കാലത്തും അദ്ദേഹത്തിന്റെ പല വചനങ്ങളും പ്രസക്തമാണ്. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ് ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ആ മഹാത്മാവിനെ ഓര്‍മ്മിക്കാനുതകട്ടെ ഈ ദിനം.

393 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close