Special

ഏകാത്മതയുടെ ദാർശനികൻ

”ലോകത്തിലുള്ള സമ്പൂർണ ജ്ഞാനത്തിന്റെയും ഇന്നുവരെയുള്ള നമ്മുടെ സമ്പൂർണ പരമ്പരയുടേയും അടിസ്ഥാനത്തിൽ നാം ഭാരതത്തെ നവനിർമ്മാണം ചെയ്യും. അത് പൂർവ്വകാലത്തെ ഭാരതത്തേക്കാൾ ഗൗരവശാലിയായിരിക്കും .അവിടെ ജനിക്കുന്ന മനുഷ്യൻ അവന്റെ വ്യക്തിത്വത്തെ വികസിപ്പിച്ച് സമ്പൂർണ മാനവ സമുദായത്തിന്റെ മാത്രമല്ല സമ്പൂർണ സൃഷ്ടിയുടേയും ഏകാത്മത സാക്ഷാത്കരിച്ച് നരനെ നാരായണനാക്കി തീർക്കുന്നതിൽ സമർത്ഥനാകും ”
( പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ )

രാഷ്ട്ര ഭക്തിയുടെ നെരിപ്പോടിൽ സ്വയം നീറിയെരിഞ്ഞ് സ്വധർമ്മത്തിന്റെയും സുരാജ്യത്തിന്റെയും സാമൂഹ്യക്രമങ്ങളെ ചിട്ടപ്പെടുത്തി ഏകാത്മ മാനവ ദർശനം എന്ന സാമ്പത്തിക സാ‍മൂഹിക തത്വ സംഹിത രൂപപ്പെടുത്തിയ, മഹാനായ സംഘാടകനായിരുന്നു ദീനദയാൽ ഉപാദ്ധ്യായ . ജനതയുടെ സാമൂഹ്യ ജീവിതത്തിലലിഞ്ഞു ചേർന്ന് അവരിലൊരാളായി ജീവിച്ച അദ്ദേഹം ലാളിത്യത്തിന്റെയും ആദർശത്തിന്റെയും മൂർത്തിമദ് ഭാവമായിരുന്നു . അതുകൊണ്ടാണ് “ ഇതുപോലെ രണ്ട് ദീനദയാൽമാരെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഭാരതത്തിന്റെ രാഷ്ട്രീയമുഖം തന്നെ മാറ്റിയേനെ“ എന്ന് ആദരണീയനായ ശ്യാമ പ്രസാദ് മുഖർജി പറഞ്ഞത്

1916 സെപ്റ്റംബർ 25 ന് ഉത്തർ പ്രദേശിലെ മഥുരയിലായിരുന്നു ജനനം . സ്കൂൾ പഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയ അദ്ദേഹം കാൺപൂരിലെ സനാധന ധർമ്മ കോളേജിൽ നിന്നാണ് ബിരുദമെടുത്തത് .ബിരുദാനന്തര ബിരുദത്തിന് ആഗ്രയിലെ ജോൺസ് കോളെജിൽ ചേർന്നു .തുടർന്ന് പ്രവിശ്യ സർക്കാർ സർവീസിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാമൂഹ്യ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു .

സനാതന ധർമ്മ കോളേജിൽ പഠിക്കുമ്പോൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകൻ ഡോ . കേശവ ബലിറാം ഹെഡ്ഗേവാറുമായി പരിചയപ്പെട്ടു . അങ്ങനെ 1942 ൽ ആർ.എസ്.എസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനാ‍യി . ഇതിനിടയിൽ ദേശസ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഷ്ട്ര ധർമ്മ എന്ന മാസിക ആരംഭിച്ചു . പിന്നീട് സന്ദേശ് എന്ന പത്രവും പാഞ്ചജന്യ എന്ന വാരികയും ആരംഭിച്ചിരുന്നു .

ഭാരതീയ ജനസംഘം സ്ഥാപിതമായതിനു ശേഷം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . 1953 ൽ ശ്യാമപ്രസാദ് മുഖർജിയുടെ മരണത്തിനു ശേഷം തന്റെ സംഘാടന മികവു കൊണ്ട് ജനസംഘത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . പതിനഞ്ചു വർഷത്തോളം അദ്ദേഹം ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു .

1967-ലെ തിരഞ്ഞെടുപ്പിൽ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി. . 1967 ൽ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വെറും 43 ദീവസം മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളൂ . ലഖ്നൗവിൽ നിന്നും പാട്നയിലേക്കുള്ള യാത്രാമദ്ധ്യേ മുഗൾ സരായി റെയിൽ വേ സ്റ്റേഷനടുത്ത് ദുരൂഹമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതശരീരം കാണപ്പെടുകയായിരുന്നു . കൊലപാതകമാണെന്ന് ഏറെക്കുറെ ഉറപ്പായ ഈ സംഭവത്തിന്റെ ഉത്തരവാദികളെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല .

രാഷ്ട്രത്തിന്റെ സ്വരൂപം ഏകജനതയുടെ സാമൂഹ്യമായ മൂല പ്രകൃതിയാണ് നിർണയിക്കുന്നതെന്ന് പ്രസിദ്ധമായ ഏകാത്മമാനവദർശനം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു .ചിതി എന്നു പേരായ ഈ മൂലപ്രകൃതി കാലദേശാവസ്ഥകൾക്കനുസരിച്ച് എന്ത് മാറ്റങ്ങൾ വന്നാലും മാറാതെ നിലനിൽക്കുമെന്ന് അദ്ദേഹം സമർത്ഥിച്ചു . ഏത് ആദർശങ്ങൾക്ക് വേണ്ടിയാണോ രാഷ്ട്രം ആവിർഭവിച്ചത് ആ ആദർശങ്ങളോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കുകയും രാഷ്ട്രത്തിന്റെ ചൈതന്യം ക്ഷയിക്കാതിരിക്കുകയും ചെയ്യും .

പുരാതന ഗ്രീസിനെ നശിപ്പിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഭാരതത്തെ ഭാരതമായി നിലനിർത്തുന്നതും അതാതു രാഷ്ട്രങ്ങളു’ടെ ചിതി തന്നെയാണ്. വ്യക്തിയുടെ ആത്മബോധം രാഷ്ട്രത്തിന്റെ ആത്മബോധമായി പരിവർത്തനം ചെയ്യപ്പെട്ട് മാനവികമായ പ്രപഞ്ചത്തിന്റെ ആത്മബോധം സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം ദർശിച്ചു .

ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെങ്കിലും ഭൂരിപക്ഷ തീരുമാനം അധാർമ്മികമെങ്കിൽ അത് നടപ്പാക്കരുതെന്ന് ഏകാത്മമാനവ ദർശനം വ്യക്തമാക്കുന്നു.നിലപാടുകൾ ന്യൂനപക്ഷത്തിന്റേതായാലും ധാർമ്മികമാണെങ്കിൽ സ്വീകരിക്കേണ്ടതാണെന്നും ദീനദയാൽജി പ്രഖ്യാപിച്ചു.ധർമ്മരാജ്യ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഭരണകൂടം സർവ്വോപരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് . രാഷ്ട്ര സേവനത്തിന് ജീവിതം ഉഴിഞ്ഞുവച്ച , കർമ്മ സന്ന്യാസിയായ ദീനദയാൽ ഉപാദ്ധ്യായയുടെ ഓർമ്മകൾക്കു മുന്നിൽ ജനം ടിവിയുടെ പ്രണാമങ്ങൾ . .

286 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close