ന്യൂയോർക്ക് : യുഎന്നിൽ ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാരതം ദശലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി. യു എൻ ജനറൽ അസംബ്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ പരാമർശം.
പട്ടിണി മാറ്റുന്ന കാര്യത്തിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് യു എൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2005-2006 മുതൽ 2015-2016 വരെയുള്ള പത്ത് വർഷം കൊണ്ട് മാത്രം 271 മില്യൺ ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും റിപ്പോർട്ടിൽ പറയുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരാമർശം.
പുതിയ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വച്ച സൗദി അറേബ്യയേയും ട്രംപ് അഭിനന്ദിച്ചു. എഴുപതാം വാർഷികം ആഘോഷിക്കുന്ന ഇസ്രയേലിനും ട്രംപ് ആശംസകൾ നേർന്നു.
നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച്ചയിലും ഇന്ത്യയോടുള്ള സൗഹൃദത്തെപ്പറ്റി അമേരിക്കൻ പ്രസിഡന്റ് പ്രത്യേക പരാമർശം നടത്തിയിരുന്നു.