കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ അഞ്ചാം സീസണ് നാളെ കിക്കോഫ്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. പതിവിന് വിപരീതമായി ഇത്തവണ ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള കലാവിരുന്ന് ഇത്തവണയില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിന്റെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ആവനാഴിയിലെ വജ്രായുധങ്ങളെല്ലാം തേച്ച് മിനുക്കിയ ടീമുകൾ വരാൻ പോകുന്ന അങ്കത്തിനായി അവസാനവട്ട തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. സമൂലമായി അഴിച്ച് പണിതാണ് പരിശീലകർ പത്ത് ടീമുകളേയും സജ്ജരാക്കിയിരിക്കുന്നത്.
സീസണ് ഇത്തവണ രണ്ട് പകുതികളിലായാണ് നടക്കുന്നത്. നാളെ കിക്കോഫ് ആവുന്ന സീസൺ 2019 മാർച്ച് വരെ നീളും. ഇന്ത്യയുടെ ഫിഫ സൗഹൃദ മത്സരങ്ങൾ നടക്കുന്നതിനാൽ ഡിസംബറിൽ നിർത്തിവെക്കുന്ന സീസൺ ഫെബ്രുവരിയിൽ പുനരാരംഭിക്കും.
വിദേശ രാജ്യങ്ങളില്‍ പോയി പരിശീലനം നേടിയാണ് ഒട്ടുമിക്ക ടീമുകളും ലീഗിനെത്തുന്നത്. വൈകുന്നേരം 7.30ന് ആണ് ഉദ്ഘാടന മത്സരം. പകരം വീട്ടാൻ ഡേവിഡ് ജെയിംസും സംഘവും, ജയത്തോടെ തുടങ്ങാൻ സ്റ്റീവ് കോപ്പലും സംഘവും ഇറങ്ങുന്നതിനാൽ സാൾട്ട് ലേക്കിലെ പുൽമൈതാനങ്ങൾക്ക് തീപിടിക്കുമെന്നുറപ്പ്.