കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പുതിയ സീസണിലെ ആദ്യ ജയം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സമർപ്പിക്കുന്നുവെന്ന് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്. കളിയുടെ ആദ്യപകുതിയിൽ താൻ കുറച്ചു അസ്വസ്ഥനായിരുന്നുവെന്നും പക്ഷെ രണ്ടാം പകുതി ഭേദപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളി കുറച്ചു കഠിനമായിരുന്നു. പക്ഷെ ടീം നല്ല ഫോമിൽ ആയിരുന്നു എല്ലാവരും അവുരുടേതായ രീതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കളിയുടെ ആദ്യം മുതൽ ടീമിൽ വിശ്വാസമുണ്ടായിരുന്നു. നിലവാരമുള്ള യുവകളിക്കാർ ആ വിശ്വാസം കാത്തുസൂക്ഷിച്ചു. കേരളത്തിന്റെ ടീം സ്പിരിറ്റും പ്രോത്സാഹനവും പിന്തുണയും വളരെ വലുതാണ്.
മറ്റേതു ടീമിനും ഇല്ലാത്ത പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് കേരളം നൽകുന്നത്. വലിയൊരു ദുരന്തത്തിൽ നിന്ന് കരകയറുകയാണ് കേരളം. അവർക്കു നൽകാനാകാവുന്ന ഏറ്റവും വലിയ രീതിയിൽ നൽകിയ പിന്തുണയ്ക്ക് നന്ദി. ഈ വിജയത്തിൽ കളിക്കാരെ ശരിയായ രീതിയിൽ തിരഞ്ഞെടുത്തതിലുള്ള പങ്ക് വലുതാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
കളി മികച്ചതായിരുന്നു എന്നും എന്നാൽ പ്രതീക്ഷിച്ച വിജയം നഷ്ടപെട്ടതിലെ അസ്വസ്ഥനാണെന്നും കേരളബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചും എടികെയുടെ നിലവിലെ കോച്ചുമായ സ്റ്റീവ് കോപ്പൽ പ്രതികരിച്ചു. മികച്ച രീതിയിൽ കളിച്ച ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.