എക്സ്പോ 2020 എന്ന പ്രദർശനനഗരിയിലേക്കുള്ള വാഹനഗതാഗത സംവിധാനത്തിന്റെ അഞ്ചും ആറും ഘട്ടങ്ങളുടെ നിർമാണത്തിന് തുടക്കമായി. നാല് കിലോമീറ്ററിലേറെ വരുന്ന പാലങ്ങൾ, പതിനൊന്ന് കിലോമീറ്ററിൽ റോഡുകൾ എന്നിവയടങ്ങിയ പദ്ധതി 630 ദശലക്ഷം ദിർഹത്തിനാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( ആർ.ടി.എ.) കരാർ നൽകിയിരിക്കുന്നത്.
പ്രദർശനനഗരിയിലേക്ക് സന്ദർശകർക്ക് സുഗമമായി എത്തിച്ചേരാനായി സംവിധാനം ഉണ്ടാക്കണമെന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് പദ്ധതിയെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു.എക്സ്പോ ആരംഭിക്കുന്നതിനുമുമ്പുതന്നെ ഈ നിർമാണമെല്ലാം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഘട്ടം ഘട്ടമായി നിർമാണപ്രവർത്തനത്തിന് കരാർ നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.